കേരളപൊലീസിന്റെ വാഹന പരിശോധനയെ ഹെൽമറ്റ് വേട്ടയെന്നൊക്കെ നമ്മൾ വിളിക്കുമെങ്കിലും കൃത്യമായ പരിശോധന നടത്തുക എന്നത് പൊലീസിന്റെ ഡ്യൂട്ടിയിലുള്ള കാര്യമാണ്. പലപ്പോഴും ഇത്തരം പരിശോധനകളിലൂടെയാണ് പിടികിട്ടാപ്പുള്ളികളടക്കം ക്രിമിനലുകളെ പൊലീസിന് പിടികൂടാനാവുന്നത്. സ്ഥിരമായി കഞ്ചാവ്, സ്പിരിറ്റ് കടത്ത് തുടങ്ങിയവയിലേർപ്പെടുന്നവരേയും ഇത്തരം പരിശോധനയിലൂടെ പൊലീസിന് മനസിലാക്കുവാനും അവർ സഞ്ചരിച്ച വാഹനം പരിശോധിച്ച് കള്ളക്കടത്ത് നടത്തുകയാണെങ്കിൽ പിടികൂടാനുമാവും. എന്നാൽ സാധാരണക്കാരായ മാന്യമായ ജീവിതം നയിക്കുന്ന സമൂഹത്തിലെ വലിയൊരു വിഭാഗവും റോഡുവക്കിലെ ഇത്തരം പരിശോധനയിലൂടെയാണ് പൊലീസുമായി സംവദിക്കുവാനുള്ള അവസരമുണ്ടാവുക. വാഹനം കൈകാണിച്ച് നിർത്തുന്ന സമയം മുതൽ ഒരു കുറ്റവാളിയുടേതെന്ന പോലെ വാഹനത്തിലുള്ളവരോട് പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. സേനയിലെ ചെറിയൊരു വിഭാഗത്തിന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന്റെ ചീത്തപ്പേര് ചുമക്കുന്നത് മുഴുവർ പൊലീസ് സേനയുമാണെന്നതാണ് മറ്റൊരു സത്യം.
വാഹന പരിശോധനയ്ക്കിടെ പൊലീസ് പാലിക്കേണ്ട മര്യാദകളെ കുറിച്ച് നിരവധി തവണ പൊലീസ് മേധാവികൾ സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊലിസ് പ്രവർത്തികളെ ജനകീയമാക്കുന്നതിനുവേണ്ടി ആരംഭിച്ച ഫേസ്ബുക്ക് പേജിലും പൊലീസ് വാഹന പരിശോധനയ്ക്കായി കൈകാണിച്ചാൽ ഇറങ്ങി ചെല്ലേണ്ട ആവശ്യമുണ്ടോ എന്ന സംശയം ചോദിക്കുന്നവർ പതിവാണ്. ഇതിനുത്തരമായി പൊലീസ് പറയുന്നത് വാഹനം നിർത്തിയാൽ മതി ഇറങ്ങേണ്ട ആവശ്യമില്ലെന്നും, ഇനി ഇറങ്ങാൻ ആവശ്യപ്പെട്ടാൽ പൊലീസ് മേധാവിയുടെ സർക്കുലർ ഉണ്ടെന്ന് പറഞ്ഞാൽ മതിയെന്നുമാണ്. പൊലീസ് നൽകിയ ഈ മറുപടിയുടെ സ്‌ക്രീൻഷോട്ടുകൾ സൂക്ഷിച്ച് വയ്ക്കാം.