നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ ന്യായീകരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. തന്റെ യൂട്യൂബ് ചാനലായ 'ഫിൽമി ഫ്രൈഡേയ്സി'ലൂടെയാണ് അദ്ദേഹം ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. ദിലീപിന്റെ അവസ്ഥ തനിക്ക് മനസിലാകുമെന്നും തന്റെ ജീവിതത്തിലും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് തന്റെ ജീവിതാനുഭവങ്ങൾ ബാലചന്ദ്രമേനോൻ യൂട്യൂബ് ചാനലിലൂടെ വിശദീകരിക്കുകയായിരുന്നു.
താൻ ആരുടേയും ഭാഗം പറയുകയല്ലെന്ന് മുഖവുരയിട്ട് തുടങ്ങുന്ന മേനോൻ ദിലീപിന് സംഭവിച്ച കാര്യങ്ങളെ കുറിച്ച് പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായ രൂപീകരണം സാധ്യമല്ലെന്നും, പുറമെ നിന്നും നോക്കുന്ന ഒരാൾക്ക് ദിലീപിന്റെ അവസ്ഥ മനസിലാകില്ലെന്നും പറയുന്നുണ്ട് . ഇത്തരം ഒരു അവസ്ഥയിൽ പെടുന്ന ഒരു മനുഷ്യൻ കടുത്ത മാനസിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം പറയുന്നു.
ജനങ്ങളുടെ കൈയടി നേടിയ , ജനപ്രീതിയുള്ള ഒരു നടൻ പെട്ടെന്നൊരു ദിവസം അവരുടെ കൂവൽ ഏറ്റുവാങ്ങേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ദിലീപ് സഹതാപം അർഹിക്കുന്നു എന്നും പറഞ്ഞുവയ്ക്കുന്ന ബാലചന്ദ്രമേനോൻ പക്ഷെ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് വീഡിയോയിൽ ഒന്നും പറയുന്നില്ല.
തന്റെ 'എന്നാലും ശരത്' എന്ന സിനിമയുടെ സെറ്റിൽ തന്നെ കാണാൻ എത്തിയ ദിലീപിന് താൻ തന്റെ വാക്കുകളിലൂടെ ആത്മവിശ്വാസം നൽകിയെന്നും സ്വാതന്ത്ര്യം നഷ്ടപെട്ട അദ്ദേഹത്തിന് താൻ ധൈര്യം കൊടുത്തുവെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. തനിക്ക് സംഭവിച്ച പ്രശ്നങ്ങൾ സധൈര്യത്തോടെയാണ് ദിലീപ് നേരിട്ടതെന്നും അതിൽ താൻ ദിലീപിനെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞാണ് ബാലചന്ദ്രമേനോൻ വീഡിയോ അവസാനിപ്പിക്കുന്നത്.