congress

ന്യൂഡൽഹി: ലോക്‌സഭയിൽ 303 എം.പിമാരുള്ള ബി.ജെ.പിയോട് പോരാടാൻ കോൺഗ്രസിന് 52 അംഗങ്ങൾ മതിയെന്നും ശക്തമായി തന്നെ ബി.ജെ.പിയെ എതിർക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ന് ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ 52 പേരേയുള്ളൂ. എന്നാൽ ഈ 52 പേരും ബി.ജെ.പിക്കെതിരെ ഓരോ ഇ‌ഞ്ചിലും പോരാട്ടം നടത്തുമെന്ന് ‌ഞാൻ ഉറപ്പ് തരുന്നു. ഓരോ ദിവസവും ബി.ജെ.പിക്ക് തലവേദന സൃഷ്‌ടിക്കാൻ ഇത്ര പേർ തന്നെ ധാരാളമാണ്. ഇന്ത്യയുടെ ഭരണഘടനയ്‌ക്ക് വേണ്ടിയാണ് നമ്മൾ പോരാടുന്നതെന്ന ബോധ്യം ഓരോ കോൺഗ്രസ് പ്രവർത്തകനും ഉണ്ടാകണമെന്നും രാഹുൽ ഓർമിപ്പിച്ചു. ബി.ജെ.പി എം.പിമാരിൽ നിന്ന് അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാമെന്നും എന്നാൽ അതെല്ലാം ആസ്വാദിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടതെന്നും രാഹുൽ എം.പിമാരോട് നിർദ്ദേശിച്ചു.

Smt. Sonia Gandhi elected as the leader of Congress Parliamentary Party!

She says, ‘we thank the 12.13 Cr voters for reposing faith in the Congress Party’. pic.twitter.com/H4z9i3dN8B

— Randeep Singh Surjewala (@rssurjewala) June 1, 2019


അതേസമയം, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ യോഗം കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു. ലോക്‌സഭയിൽ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷൻ ആരാവണമെന്ന് ഇനി സോണിയാ ഗാന്ധി തീരുമാനിക്കും. ലോക്‌സഭയിലെ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷനായി മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയാണ് ഇതുവരെ ചുമതല വഹിച്ചത്. എന്നാൽ കർണാടകയിലെ ഗുൽബാർഗയിൽ നിന്നും മത്സരിച്ച അദ്ദേഹത്തിന് വിജയിക്കാനായില്ല. തുടർന്നാണ് പുതിയൊരാളെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. രാജ്യസഭയിലെ പാർട്ടി അംഗങ്ങൾക്കൊപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട 52 ലോക്‌സഭാ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരണമോയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. രാഹുൽ തന്റെ രാജി തീരുമാനം പിൻവലിക്കണമെന്ന് യോഗത്തിൽ നേതാക്കൾ രാഹുലിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.