മൂന്ന് വർഷങ്ങൾക്കപ്പുറം 2022ൽ ഇന്ത്യക്കാരനെ സ്വന്തം പദ്ധതിയിലൂടെ ബഹിരാകാശത്ത് അയക്കുവാനായി തയ്യാറെടുക്കുകയാണ് ഐ.എസ്.ആർ.ഒ. ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുവാനായി ബഹിരാകാശത്തേക്കു പോകുന്നവർക്കുള്ള അടിസ്ഥാന പരിശീലനം ഒരുക്കുന്നതിനായി വ്യോമസേനയുമായി ഐ.എസ്.ആർ.ഒ. കരാറിൽ ഒപ്പുവച്ചിരിക്കുകയാണ്. അതികഠിനമായ പരിശീലനത്തിലൂടെ ഗഗൻയാൻ പദ്ധതിക്കായി മൂന്ന് പേരെയാണ് തിരഞ്ഞെടുക്കുന്നത്. 1984 യു.എസ്.എസ്.ആർ സഹായത്തോടെ രാകേഷ് ശർമ്മയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ. എന്നാൽ ഇതിന് തുടർച്ചയായി ബഹിരാകാശത്തേയ്ക്ക് ഇന്ത്യക്കാരനെ എത്തിക്കുവാനായി സഹായവുമായി അമേരിക്കയും രംഗത്തെത്തിയിരുന്നു. നീണ്ട പരീക്ഷണ, പരിശീലന പ്രക്രിയയിലൂടെ രണ്ടു ഇന്ത്യക്കാരെ ബഹിരാകാശത്തേയ്ക്ക് അയക്കാനായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ യാത്രയുടെ പടിവാതിൽക്കൽ നാസയ്ക്ക് സംഭവിച്ച ഒരു ദുരന്തം ആ യാത്ര എന്നന്നേയ്ക്കുമായി ഉപേക്ഷിക്കാൻ കാരണമായി. അധികമാർക്കും അറിവില്ലാത്ത വിജ്ഞാനപ്രദമായ ഈ സംഭവത്തേക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുകയാണ് ശ്രീകാന്ത് എ.കെ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഗഗൻയാൻ..ബഹിരാകാശത്തേക്ക് 2022 ല് ഒരു ഇന്ത്യക്കാരനെ അയക്കാനുള്ള ഐ.എസ്.ആർ.ഒയുടെ സ്വപ്ന പദ്ധതി..
ഇതിലേക്ക് ഇന്ത്യക്കാരായ ബഹിരാകാശ യാത്രികരെ വാർത്തെടുക്കാൻ ഐ.എസ്.ആർ.ഒയും, ഇന്ത്യൻ എയർ ഫോഴ്സും തമ്മിൽ ഔദ്യോഗിക ധാരണയായി.
ബഹിരാകാശത്തേക്കു പോകുന്നവർക്കുള്ള അടിസ്ഥാന പരിശീലനം ഇനി വ്യോമസേനയുടെ കീഴിലുള്ള ഇൻസ്റ്റിറ്റിയുട്ട് ഓഫ് എയ്‌റോ സ്‌പെയ്സ് മെഡിസിനിൽ വച്ച് നൽകപ്പെടും.ആദ്യ ഘട്ടത്തിൽ 30 പേരെയും, പിന്നിട് അവരിൽ നിന്നു മികച്ചവരിൽ മികച്ചവരായ 3 പേരെ ഗഗൻയാനിനായി തിരഞ്ഞെടുക്കും..
ഇനി അൽപ്പം ചരിത്രം. .
1984ൽ നിരവധി ഇന്ത്യൻ വ്യോമസേന വൈമാനികർക്കിടയിൽ നിന്നാണ് രണ്ടു പേർ ബഹിരാകശ യാത്രക്കായി തിരഞ്ഞെടുക്കപ്പെട്ടത്. സ്‌ക്വഡ്രൺ ലീഡർ രാകേഷ് ശർമയും,വിങ് കമാണ്ടർ രവീഷ് മൽഹോത്രയും.ഇവർ രണ്ടു പേരും റഷ്യയിലെ യൂറിഗഗാറിൻ ബഹിരാകാശ നിലയത്തിൽ പരിശീലനത്തിന് അയക്കപെടുകയും,രാകേഷ് ശർമ്മ ബഹിരാകശ യാത്രികനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു( രവീഷ് മൽഹോത്രയെ പിന്നിട് രാജ്യം കീർത്തി ചക്ര നൽകി ആദരിച്ചു)
നാഷണൽ ഡിഫെൻസ് അക്കാദമിയിലും, ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും പഠിച്ച്, വ്യോമസേനയിലെത്തിയ കഴിവുറ്റ വൈമാനികനായിരുന്നു രാകേഷ് ശർമ്മ. ബഹിരാകാശത്ത് വച്ച് നിരവധി പരീക്ഷണങ്ങൾ ഐ.എസ്.ആർ.ഒക്ക് വേണ്ടി കൃത്യതയോടെ അദേഹം ചെയ്യുകയുണ്ടായി.
രാകേഷ് ശർമ്മയ്ക്ക് ശേഷം ഒരു തവണ കൂടി ഒരു ഇന്ത്യക്കാരന് ബഹിരാകാശത്ത് പോകാൻ അവസരമൊരുങ്ങുകയുണ്ടായി. 1985 നാസയാണ് ഇതിന് കളമൊരുക്കിയത്. ഇതിന് വേണ്ടി 6000 ത്തിലധികം ഇന്ത്യൻ ശാസ്ത്രജ്ഞരിൽ നിന്ന് അതികഠിനമായ പരിശീലനങ്ങൾക്ക് ശേഷം 2 പേരെ അവർ തിരഞ്ഞെടുത്തു.പി.രാധാകൃഷ്ണൻ,എൻ. സി.ഭട്ട് എന്നിവരായിരുന്നു അത്.
ബഹിരാകാശത്തെക്ക് പോകാൻ തയ്യാറായി ഇവരിരുവരും അമേരിക്കയിലെത്തിയപ്പോഴാണ് നാസയുടെ 'ചാലഞ്ചർ' ബഹിരാകാശവാഹനം പൊട്ടിത്തെറിക്കുന്നതും 7 ബഹിരാകശ യാത്രികർ കൊല്ലപെടുന്നതും. അതൊടെ ഇവരുടെ യാത്ര എന്നെന്നേക്കുമായി മുടങ്ങി. പിന്നിട് ഒരിക്കലും ഇന്ത്യക്കാർ ബഹിരാകാശത്തെക്ക് പോയതുമില്ല..
ബഹിരാകാശത്തും നിന്നും ഇന്ത്യയെ കാണാൻ എങ്ങനെ എന്ന ചോദ്യത്തിന് 'സാരെ ജഹാംസെ അച്ഛാ ' എന്നാണ് രാകേഷ് ശർമ്മ അന്നു മറുപടി പറഞ്ഞത്.
കാത്തിരിക്കുന്നു.. വീണ്ടും അത്തരമൊരു വിജയ മുഹൂർത്തതിനായി.