bjp-

മുംബയ്: ബി.ജെ.പി എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നതായി ഡി.വൈ.എഫ്.ഐ പരാതി നൽകി. താനെയിലെ മിരാ റോഡിലുള്ള സെവൻ ഇലവൻ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ബജ്റംഗ്‌ദളിന്റെ നേതൃത്വത്തിൽ ആയുധ പരിശീലനം നൽകുന്നത്. സ്‌കൂളിൽ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

ബി.ജെ.പി എം.എൽ.എ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ. പ്രകാശ് ഗുപ്തയെന്ന വ്യക്തി സോഷ്യൽമീഡിയയിൽ പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

മെയ് 25 നാണ് പരിശീലനം ആരംഭിച്ചത്. കുട്ടികളുടെ കൈയ്യിൽ തോക്ക് ഏൽപ്പിച്ച് ഇതിൽ തിരികൾ നിറയ്ക്കാനും നിറയൊഴിക്കാനും പരിശീലിപ്പിക്കുന്നതിന്റെയാണ് ചിത്രങ്ങൾ. ബജ്റംങ്ദളാണ് പരിശീലനം നൽകുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

14 വയസിൽ താഴെയുള്ള കുട്ടികളടക്കം നിരവധി പേർക്കാണ് പരിശീലനം നൽകിയിരുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസറെ നേരിൽ കണ്ട് വീണ്ടും പരാതി നൽകുകയായിരുന്നു. എന്നാൽ, തോക്കുപയോഗിക്കുന്നതിനുള്ള ലൈസൻസും മറ്റ് രേഖകളും തങ്ങളുടെ പക്കൽ ഉണ്ടെന്ന് ബജ്റംങ്ദൾ പ്രവർത്തകർ പൊലീസിനോട് പറഞ്ഞു.