school

കോഴിക്കോട്: ഭിന്നശേഷി വിദ്യാർത്ഥിക്ക് കോഴിക്കോട്ടെ എയ്ഡഡ് സ്കൂളിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ പരാതിക്കാരിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം. സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന സ്കൂൾ അധികൃതരുടെ പരാതിയിൽ കുട്ടിയേയും മാതാവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. രണ്ട് മണിക്കൂർ ഇവരെ പൊലീസ് സ്റ്റേഷനിൽ ഇരുത്തി. ശേഷം പ്രതിഷേധം ശക്തമായപ്പോഴാണ് കുട്ടിയേയും മാതാവിനെയും വിട്ടയച്ചത്.വീട്ടിൽ വന്ന് ചോദ്യം ചെയ്യാമെന്നാണ് പൊലീസ് ഒടുവിൽ സ്വകരിച്ച നടപടി.

തലസീമിയ ബാധിച്ച കുട്ടിയ്ക്ക് കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഭിന്ന ശേഷിയുള്ള കുട്ടികൾക്കായി അഞ്ച് ശതമാനം സീറ്റുകൾ മാറ്റവയ്ക്കണമെന്ന ഉത്തരവ് നിലനിൽക്കെയാണ് സ്കൂളിന്റെ നടപടി.തലസീമിയ ബാധിച്ച നാൽപ്പത് ശതമാനത്തിലധികം ഭിന്നശേഷിയുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും കുട്ടിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. കുട്ടിയ്ക്ക് പഠിക്കാൻ അവസരം നൽകണമെന്ന ഭിന്നശേഷി കമ്മിഷൻ ഉത്തരവിട്ടിട്ടും സ്കൂൾ അധികൃതർ അതിന് തയ്യാറായില്ല.

അതോടൊപ്പം സ്കൂളിനെ സോഷ്യൽ മീഡിയയിലൂടെ അപകീ‌ർത്തിപ്പെടിത്താൻ ശ്രമം നടന്നെന്ന് കാണിച്ച് അധികൃത‌ർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കുട്ടിയുടെ മാതാവിനെ വിളിച്ച് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. നോമ്പു സമയമായിട്ട് പോലും രണ്ട് മണിക്കൂറോളം കുട്ടിയേയും മാതാവിനേയും സ്റ്റേഷനിൽ ഇരുത്തി. അതിനുശേഷം പ്രതിഷേധം ശക്തമായപ്പോൾ വീട്ടിൽ വന്ന് മൊഴിയെടുത്തോളമെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു.

പ്രധാനാധ്യാപകൻ സ്കൂളിൽ അഡ്മിഷനെടുക്കാൻ പോയപ്പോൾ ഇറക്കിവിട്ടെന്നും, സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശമിച്ചുവെന്നാണ് പരാതിയെന്നും കുട്ടിയുടെ മാതാവ് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. താൻ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തയാളാണെന്നും മാതാവ് കൂട്ടിച്ചേർത്തു. എന്നാൽ പ്രവേശനത്തിനുള്ള അപേക്ഷയോടൊപ്പം ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും നിയമത്തെപ്പറ്റി അറിയില്ലെന്നും പ്രധാനാധ്യാപകൻ പ്രതികരിച്ചു. അതേസമയം സ്കൂളിന്റെ നിലപാട് നിയമവിരുദ്ധമാണെന്നും കേസെടുക്കണമെന്നും ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.