mohanlal

തനിക്ക് കേക്ക് തരാത്തതിൽ പരാതി പറഞ്ഞ് നടൻ മോഹൻലാൽ. മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ ഇന്നലെ നടന്ന ഇരുപത്തിയഞ്ചാം വാർഷികാഘോഷ വേളയിലായിരുന്നു നിർമാതാവും സുഹൃത്തുമായ സുരേഷ് കുമാറിനോടുള്ള ലാലേട്ടന്റെ പരാതി. ഇതിന്റെ വീഡിയോ മോഹൻലാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. നിർമ്മാതാക്കളും അമ്മ ഭാരവാഹികളും ചേർന്നാണ് 'അമ്മ'യുടെ ജന്മദിനം ആഘോഷിച്ചത്.

മോഹൻലാൽ, സുരേഷ്‌ കുമാർ, ബാബുരാജ്, ടിനി ടോം, രചന നാരായണൻകുട്ടി, എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖരെല്ലാം വാർഷികാഘോഷവേളയിൽ ഒത്തുകൂടി സന്തോഷസൂചകമായി കേക്ക് മുറിക്കുകയായിരുന്നു. രചന, ലാലിനും ബാബുരാജിനും കേക്ക് വായിൽ വെച്ചുകൊടുത്തു. തുടർന്ന് സുരേഷ്‌ കുമാർ കേക്ക് മുറിക്കുന്നത് കണ്ട മോഹൻലാൽ തനിക്കുള്ള കേക്ക് പ്രതീക്ഷിച്ച് നിന്നു.

എന്നാൽ സുരേഷ് കുമാർ സ്വന്തം വായിലേക്കു തന്നെ കേക്ക് വയ്ക്കുന്നത് കണ്ട മോഹൻലാൽ നിരാശനായി. 'എടാ..നീ ..ഞാൻ വിചാരിച്ചു ഇവൻ എനിക്ക് തരാൻ ആണെന്ന്' ലാൽ കൂടെയുണ്ടായിരുന്നവരോട് പറയുകയും ആ കമന്റ് ചിരിപടർത്തുകയും ചെയ്തു. ഏതായാലും തന്റെ ആത്മസുഹൃത്തിന്റെ നിരാശ കണ്ട സുരേഷ്‌ കുമാർ ഉടൻ തന്നെ മോഹൻലാലിന്റെ വായിലേക്ക് കേക്ക് വെച്ചുകൊടുത്തു.