തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയം പരമ്പരാഗത ഇടത് വോട്ടുകൾ ചോർത്തിയെന്നും അത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും തുറന്ന് സമ്മതിച്ച് മന്ത്രി ഡോ.തോമസ് ഐസക്. സാധാരണയായി സംഭവിക്കാത്ത ഒന്നാണ് ഇപ്പോൾ നടന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ വ്യാപ്‌തിയിൽ പാർട്ടിയിൽ വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ട്. ശബരിമല നിർണായക ഘടകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നില്ല. പക്ഷേ, ശബരിമല വിഷയത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താൻ വേണ്ട നടപടികൾ പാർട്ടി ആലോചിച്ച് നടപ്പിലാക്കും. അതൊരിക്കലും പ്രകോപനപരമാകില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം, ശബരിമല വിഷയം ഇടത് വോട്ടുകൾ ചോർത്തിയെന്ന് സമ്മതിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ തോൽവി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.എൽ.ഡി.എഫിന്റെ മതേതര വോട്ടുകളിൽ കുറവ് വന്നു. എൽ.ഡി.എഫിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന കോൺസിന്റെ പ്രചാരണങ്ങളിൽ ജനം തെറ്റിദ്ധരിക്കപ്പെട്ടു. ശബരിമല വിഷയത്തിൽ ഭരണഘടനാ ബാധ്യത നിറവേറ്റുകയാണ് സർക്കാർ ചെയ്തത്. സുപ്രീം കോടതി വിധി ആയതിനാൽ ഏത് സർക്കാരിനും ഇതൊക്കെയേ ചെയ്യാനാവൂ. മഹാരാഷ്ട്രയിലും ഇതാണ് സംഭവിച്ചത്. എൽ.ഡി.എഫിന്റെ ഹിന്ദു വോട്ടിൽ കുറവ് വന്നു. ഇതിന് കാരണം ശബരിമല മാത്രമല്ല. ശബരിമല വിഷയത്തിൽ വിധി നടപ്പാക്കുക എന്ന നിലപാടേ സർക്കാരിനുള്ളു. ഇക്കാര്യത്തിൽ എൽ.ഡി. എഫിലെ എല്ലാ പാർട്ടികൾക്കും ഒരേ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.