thazhvaram7

മലയാള സിനിമയിലെ എക്കാലത്തെയും ക്ളാസിക്കുകളിൽ ഒന്നായ 'താഴ്‌വാരത്തി'ന് 30 വയസ്സ് തികയുന്നു. 1990ലാണ് ഭരതൻ ടച്ചിൽ മോഹൻലാൽ, സുമലത. സലിം ഖൗസ്, ശങ്കരാടി എന്നിവർ ഒന്നിച്ച താഴ്വാരം പുറത്തിറങ്ങിയത്. ഏറെ ജനശ്രദ്ധ നേടിയ ഈ ചിത്രം പിന്നീട് ഒരു കൾട്ട് സ്റ്റാറ്റസിലേക്ക് എത്തിച്ചേരുകയായിരുന്നു. ഭരതന്റെ സംവിധാന നൈപുണ്യത്തിനൊപ്പം എം.ടി വാസുദേവൻ നായരുടെ തൂലിക കൂടി ചേർന്നപ്പോൾ ജനങ്ങൾ ചിത്രത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. താൻ തിരക്കഥ എഴുതിയ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം എന്നാണ് എം.ടി. താഴ്വാരത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇത്രയും വർഷം കഴിഞ്ഞിട്ടും താഴ്‌വാരം സിനിമാപ്രേമികളുടെ മനസ്സിൽ നിന്നും മായാത്തതിന് കാരണങ്ങളിൽ ചിലത് ഇവയാണ്.

പൊടിക്കാറ്റും, കയങ്ങളും, കഴുകന്മാരും നിറഞ്ഞ കേരളത്തിന്റെ വടക്കൻ ഭാഗത്തെങ്ങോ ഉള്ള‌ ഒരു താഴ്വരയിലേക്ക് ഒരു കരിമ്പടം പുതച്ച അപരിചിതൻ എത്തുന്നു. ഗൂഢമായ ഏതോ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് അയാളുടെ വരവ്. രാഘവൻ എന്നൊരാളെ അന്വേഷിച്ചെത്തുന്ന അയാൾ താൻ തേടുന്ന ആളെ കണ്ടെത്താനും അയാളോടുള്ള പഴയ കണക്കുകൾ തീർക്കാനുമായി അയാൾ താമസിക്കുന്ന വീട്ടിൽ അഭയം തേടുന്നു. ചതിയനായ രാഘവനെ കീഴ്പെടുത്തി അയാൾ വിജയം നേടുമോ എന്നതാണ് ചിത്രത്തിന്റെ ബാക്കി ഭാഗം.

thazhvaram5

ഒരു രീതിയിലും കുറ്റം കണ്ടുപിടിക്കാനാകാത്ത ഒരു സിനിമയാണ് താഴ്‌വാരം. ഛായാഗ്രഹണമാകട്ടെ, അഭിനയമാകട്ടെ, വേഷവിധാനങ്ങളിലാകട്ടെ, ചിത്രത്തിന്റെ എല്ലാ മേഖലകളിലും ഭരതൻ എന്ന കലാകാരന്റെ സംവിധാന മികവ് പ്രകടമാണ്. ഹോളിവുഡ് സിനിമാ വിഭാഗമായ വെസ്റ്റേണുകളോട് താഴ്വാരം ഒരു പ്രത്യേക അടുപ്പം സൂക്ഷിക്കുന്നുണ്ട്. ചിത്രത്തിന്റെ ആഖ്യാനരീതിയും ദൃശ്യങ്ങളും നമ്മെ ഓർമ്മിപ്പിക്കുക ഒരുപക്ഷെ ഒരു ക്ലിന്റ് ഈസ്റ്റ്‌വുഡ് ചിത്രത്തെ ആയിരിക്കും. ചിത്രത്തിലെ സംഗീതം പോലും ഒരു വെസ്റ്റേൺ ചിത്രത്തിന് അനുയോജ്യമായ മാതൃകയിലാണ് തയാറാക്കപ്പെട്ടിട്ടുള്ളത്.

thazhvaram4

മോഹൽലാലിന്റെ നിയന്ത്രിതാഭിനയമാണ് 'താഴ്‌വാര'ത്തിൽ കാണാനാകുക. ചിത്രത്തിന്റെ ഫ്ലാഷ്ബാക്ക് സീനുകളിൽ നിഷ്കളങ്കനായ, പരോപകാരിയായ ബാലനെ അവതരിപ്പിക്കുന്ന മോഹൻലാൽ മറ്റ് ഭാഗങ്ങളിൽ പ്രതികാരത്തിന് തക്കം പാർത്തിരിക്കുന്ന ബാലനെ അവതരിപ്പിക്കുന്നത് മറ്റൊരു രീതിയിലാണ്. ഉള്ളിലെ രഹസ്യങ്ങൾ പുറത്തേക്ക് തൂവാതെ, ഒരേയൊരു ലക്ഷ്യം മാത്രം മുന്നിൽ കാണുന്ന, കണ്ണിൽ തീയുള്ള മറ്റൊരു ബാലൻ. ഒരുപക്ഷെ മോഹൻലാലിന്റെ സ്ഥാനത്ത് മറ്റൊരു നടൻ ആയിരുന്നുവെങ്കിൽ ബാലൻ എന്ന കഥാപാത്രം ഇത്ര മികച്ചതാകുമായിരുന്നില്ല.

thazhvaram3

ചിത്രത്തിൽ ബാലന്റെ ആജന്മശത്രു രാഘവനായി അവതരിക്കുന്ന സലിം ഖൗസിന്റെ അഭിനയത്തെക്കുറിച്ചും പറയാതിരിക്കാനാവില്ല. മലയാളം സിനിമയിലെ ഏറ്റവും ഭയപ്പെടുത്തുന്ന വില്ലന്മാരുടെ ഒരു പട്ടിക തയാറാക്കുകയാണെങ്കിൽ അതിൽ ഒന്നാം സ്ഥാനം കയ്യടക്കുക രാഘവനായിരിക്കും. ക്രൂരനും ചതിയനും പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവനുമായ രാഘവൻ ഒരു ഷേക്ക്സ്‌പീറിയൻ വില്ലന്റെ അനുഭവമാണ് തരിക. ഓരോ ചെറുചലനങ്ങളിലും രാഘവനായി പരകായ പ്രവേശം നടത്തിയ സലിം ഖൗസിന്റെ പ്രകടനത്തിന് ഒരു അവാർഡ് പോലും ലഭിക്കാതിരുന്നത് ഈ കൾട്ട് ചിത്രത്തിന്റെ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയിട്ടുള്ളത്.

thazhvaram2

ചിത്രത്തിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. അന്തരിച്ച മലയാള സിനിമാ സംഗീതത്തിലെ അതികായൻ ജോൺസൺ മാസ്റ്ററാണ് താഴ്‌വാരത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിൽ അനവസരത്തിൽ ഒരിക്കലും സംഗീതം കടന്നുവരുന്നില്ല. സന്ദർഭോചിതമായാണ് അത് പ്രേക്ഷകന് അനുഭവേദ്യമാകുക. മാത്രമല്ല, പാശ്ചാത്യ സംഗീതത്തിൽ കൂടി താൽപ്പര്യമുണ്ടായിരുന്ന സംഗീതസംവിധായകനായ ജോൺസൺ ചിത്രത്തിന്റെ കഥയ്ക്ക് യോജിച്ച രീതിയിലാണ് അതിലെ 'വെസ്റ്റേൺ' സംഗീതം രൂപപ്പെടുത്തിയത്.

thazhvaram1

പുറത്തിറങ്ങി മുപ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ തന്നെയാണ് 'താഴ്‌വാര'ത്തിന്റെ സ്ഥാനം. ഒറ്റകാഴ്ചയിൽ അവസാനിക്കുന്നതല്ല 'താഴ്‌വാര'ത്തിലെ ഭരതൻ, എം.ടി. കൂട്ടുകെട്ടിന്റെ വിസ്മയം. ഓരോ തവണ കാണുമ്പോഴും മുൻപ് ശ്രദ്ധിക്കാതെ പോയ ചിത്രത്തിലെ പല തലങ്ങളും നമ്മുക്ക് മുന്നിൽ തെളിയുന്നു. അവ നമ്മെ ഭീതിയുടെയും നിഗൂഢതയുടെയും താഴ്വാരത്തിലേക്ക് വീണ്ടും എടുത്തെറിയുന്നു.