പത്തനംതിട്ട: ശബരിമല വിഷയത്തിലുണ്ടായ അടിയൊഴുക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ പരാജയ കാരണമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ പറഞ്ഞു. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ടപ്പോൾ മനസിലായ കാര്യങ്ങളാണ് ചില സി.പി.എം നേതാക്കൾ പിന്നീട് വിളിച്ചുപറഞ്ഞത്. മുഖ്യമന്ത്രിയുടെ എതിരഭിപ്രായം ഇതോട് ചേർത്ത് വായിക്കാം. കേരളത്തിലെ ജനങ്ങൾ അയ്യപ്പഭക്തരുടെ വികാരത്തിനൊപ്പം നിന്നതിനാലാണ് തിരഞ്ഞെടുപ്പിൽ ഒന്നൊഴിച്ച് പത്തൊൻപതിടത്തും എൽ.ഡി.എഫ് പരാജയപ്പെട്ടത്. യു.ഡി.എഫിന്റെ നേട്ടത്തിന് പിന്നിൽ ഭക്തജനങ്ങളുടെ വികാരമാണ്. ബി.ജെ.പിയുടെ പരാജയ കാരണത്തെപ്പറ്റി പ്രതികരിക്കാനില്ല. ശശികുമാര വർമ്മ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വർഷമുണ്ട്. അപ്പോഴേക്കും ശബരിമല വിഷയം ഏത് രീതിയിൽ മാറുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഹൈന്ദവാചാരങ്ങൾക്ക് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ വിശ്വസിക്കുന്ന ഭക്തർ സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തിയത്. ശബരിമല വിഷയം പ്രതിഫലിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ബ്രാഞ്ച് കമ്മിറ്റികളിൽ നിന്ന് ലഭിച്ച റപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകാം. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഏതൊരു മനുഷ്യനും വ്യക്തമാകുന്ന കാര്യമാണ്.
എന്തുകൊണ്ടെന്ന് ചിന്തിക്കണം
ഹൈന്ദവ വോട്ടുകൾ കൂടുതലായുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ് കോട്ടകൾ തകർന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. പാർട്ടി പറഞ്ഞാൽ കുത്തുന്ന പണ്ടത്തെ ജനമല്ല ഇന്ന്. സാധാരണ പാർട്ടി പ്രവർത്തകർ ചിന്തിക്കുന്നതും അങ്ങനെതന്നെ. കാലത്തിനനുസരിച്ച് ചിന്തിക്കാനുള്ള ബോധം വോട്ടർമാർക്കും പ്രവർത്തകർക്കുമുണ്ട്. ഇതാണ് എൽ.ഡി.എഫ് പരാജയത്തിന്റെ അടിസ്ഥാന കാരണം. മറ്റ് രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാനും അഭിപ്രായം പറയാനും ഇപ്പോൾ തയാറല്ല.
നിയമനിർമ്മാണം സ്വാഗതാർഹം
ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിയമ നിർമ്മാണം നടത്തുമെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. പന്തളം കൊട്ടാരത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണിത്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ഇതിനായി മുൻകൈയെടുക്കണം. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിമാരുമായും ബി.ജെ.പി നേതാക്കളുമായും നേരത്തെ സംസാരിച്ചിരുന്നതാണ്. പ്രതീക്ഷ കൈവിട്ടിട്ടില്ല.