മിയാമി: 30 വർഷം 'സൗദി രാജകുമാരൻ", ഇനിയുള്ള 18 വർഷം തട്ടിപ്പുകേസിൽ ജയിലിൽ. ഫ്ലോറിഡയിൽനിന്നുള്ള 48കാരനായ ആന്റണി ജിഗ്നാക് ആണ് ജീവിതത്തിലെ വലിയൊരു ഭാഗം ആൾമാറാട്ടം നടത്തി ആളുകളെ പറ്റിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. മിയാമിയിലെ ഫിഷർ ദ്വീപിലായിരുന്നു താമസം. എട്ട് മില്യൺ ഡോളറിന്റെ നിക്ഷേപ തട്ടിപ്പാണ് ഇയാൾ നടത്തിയത്.
ഖാലിദ് ബിൻ അൽ സഊദ് എന്ന പേരിൽ സൗദി രാജകുമാരനാണെന്ന് വരുത്തിത്തീർത്തായിരുന്നു തട്ടിപ്പുകളൊക്കെയും. ഇതിനായി വ്യാജ നയതന്ത്രരേഖകളും 24മണിക്കൂറും വലിയൊരു സംഘം അംഗരക്ഷകരും ആന്റണിക്കുണ്ടായിരുന്നു. നയതന്ത്ര സംരക്ഷണം ലഭിക്കുന്ന നമ്പർ പ്ലേറ്റുള്ള കാറായിരുന്നു യാത്രയ്ക്കായി ഇയാൾ ഉപയോഗിച്ചിരുന്നത്. സുൽത്താൻ എന്നായിരുന്നു നിക്ഷേപകർ ഇയാളെ വിളിച്ചിരുന്നതുപോലും.
തട്ടിപ്പിലൂടെ ലഭിക്കുന്ന വൻതുക ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു ഇയാൾ. എന്നാൽ, ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, ഇയാൾ പന്നിയിറച്ചികൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് കണ്ടതോടെയാണ് കള്ളിയെല്ലാം വെളിച്ചത്തായതും തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതും.
കൊളംബിയയിൽ ജനിച്ച ആന്റണി ഗിഗ്നയെ ഏഴാം വയസിൽ മിഷിഗണിലുള്ള ഒരു കുടുംബം ദത്തെടുക്കുകയായിരുന്നു. 17-ാം വയസിലാണ് ആൾമാറാട്ടം നടത്തി തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിസിനസ് ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇയാൾ നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ചിരുന്നത്. വിശ്വാസ്യതയ്ക്കായി നിക്ഷേപകർക്ക് വിലകൂടിയ വസ്തുക്കൾ സമ്മാനമായി നൽകുകയും ചെയ്തിരുന്നു.