തൊണ്ണൂറുകളിൽ നാടിനെ വിറപ്പിച്ച ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയ അധോലോക ചക്രവർത്തിയായിരുന്ന ദാവൂദ് ഇബ്രാഹീം ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളാണ്. കൊലപാതകം, ലഹരിമരുന്ന് കച്ചവടം, ആയുധക്കള്ളക്കടത്ത് തുടങ്ങി എന്തും ചെയ്യാൻ മടിക്കാത്തവരായിരുന്നു ദാവൂദിന്റെ സംഘാംഗങ്ങൾ. ഇപ്പോൾ പാകിസ്ഥാനിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിശ്വസിക്കുന്ന ദാവൂദിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ വിരളമാണ്. പ്രശസ്‌ത എഴുത്തുകാരൻ നെസിം സെയിദിന്റെ അടുത്തിടെ പുറത്തിറങ്ങിയ ദാവൂദ്‌സ് മെന്റർ എന്ന പുസ്‌തകത്തിൽ ദാവൂദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായി. ഒരു പൊലീസ് കോൺസ്‌റ്റബിളിന്റെ മകനിൽ നിന്നും അധോലോക നായകനിലേക്ക് ദാവൂദ് വളർന്നതും അതിന് സഹായിച്ച ഖാലിദ് ഖാൻ പച്ചയെന്നയാളെക്കുറിച്ചുമെല്ലാം പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട്. ദാവൂദിനെക്കുറിച്ച് ആർക്കും അറിയാത്ത ചില കാര്യങ്ങളും പുസ്‌തകത്തിൽ പറയുന്നു.
1)കുട്ടിക്കാലം മുതലേ വില്ലൻ
കുട്ടിക്കാലം മുതലേ തനിക്ക് ചുറ്റുമുള്ള കാര്യങ്ങളിൽ ഇടപെടാനും തെറ്റ് കണ്ടാൽ പ്രതികരിക്കാനും വ്യഗ്രത പുലർത്തുന്നയാളായിരുന്നു ദാവൂദ്. ഒരിക്കൽ സ്‌കൂളിൽ വച്ച് ബാസ്‌ക്കറ്റ് ബോൾ കളിക്കുന്നതിനിടെ സഹോദരൻ സാബിർ ഇബ്രാഹീമിനെ ചിലർ ചേർന്ന് മർദ്ദിക്കുന്നത് ദാവൂദ് കാണാനിടയായി. അന്ന് റോഡ് സുരക്ഷാ പെട്രോളിന്റെ ഭാഗമായുള്ള ഡ്യൂട്ടിയിലായിരുന്നു ദാവൂദ്. സംഭവം കണ്ടയുടൻ ഡ്യൂട്ടി ഉപേക്ഷിച്ച് സ്ഥലത്തെത്തിയ ദാവൂദ് തന്റെ സഹോദരനെ മർദ്ദിക്കുന്നത് തടഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ എതിർഭാഗത്ത് ആളുകൾ കൂടുതലായിരുന്നു. ഇരുവർക്കും നല്ല രീതിയിൽ അടി കൊണ്ടത് മാത്രം മിച്ചം.
2) ദാവൂദിനെ ഡോൺ ആക്കിയത് ഖാലിദ് ഖാൻ പച്ച
പൊലീസുകാരനാവാൻ മോഹിച്ച് ഭോപ്പാലിൽ നിന്ന് മുംബയിലെത്തുകയും ഒടുവിൽ അധോലോകത്തിന്റെ ഭാഗമാവുകയും ചെയ്‌ത പത്താൻ വിഭാഗക്കാരനാണ് ഖാലിദ് ഖാൻ പച്ച. മുംബയ് അധോലോകത്തിന്റെ അമരക്കാരനായി ദാവൂദിനെ മാറ്റാൻ സഹായിച്ചത് ഖാലിദാണ്. ശത്രുക്കളെ എങ്ങനെ നേരിടണമെന്നും ആരെയൊക്കെ വിശ്വാസിക്കണമെന്നും ദാവൂദിനെ ഉപദേശിച്ചത് ഖാലിദാണ്. ഇതിന് പുറമെ ദാവൂദിന് വേണ്ടി മരിക്കാനും തയ്യാറായിട്ടുള്ളയാണ് ഖാലിദ്. 1980ൽ ദാവൂദിന് നേരെ പത്താൻ വിഭാഗക്കാരുടെ ആക്രമണമുണ്ടായപ്പോൾ ദാവൂദിനെ തള്ളിമാറ്റി ഖാലിദ് വെടിയുണ്ട സ്വന്തം ദേഹത്ത് ഏറ്റുവാങ്ങിയെന്നും നെസീം സെയിദി തന്റെ പുസ്‌തകത്തിൽ പറയുന്നു.
3)19ആം വയസിൽ ആദ്യ കുറ്റകൃത്യം
മുംബയെ ഒരു കാലത്ത് വിറപ്പിച്ച ദാവൂദ് തന്റെ പത്തൊമ്പതാം വയസിലാണ് ആദ്യ കുറ്റകൃത്യം ചെയ്യുന്നത്. ഹാജി മസ്‌താന്റേതെന്ന് കരുതി മെട്രോ പൊളിറ്റൻ ബാങ്കിൽ നിന്നും പണം അടിച്ചുമാറ്റിയതാണ് ദാവൂദിനെ കുപ്രസിദ്ധനാക്കി മാറ്റിയത്.
4)ദാവൂദിന്റെ പ്രിയ ശിഷ്യൻ, ഛോട്ടാ ഷക്കീൽ
ദാവൂദിന്റെ പ്രിയ ശിഷ്യന്മാരിൽ ഒരാളായിരുന്നു ഷക്കീൽ ബാബു മിയാൻ ഷെയ്‌ഖ് എന്ന ഛോട്ടാ ഷക്കീൽ. ദാവൂദിന്റെ ബി ടീമിനെ നയിച്ചിരുന്നത് ഛോട്ടാ ഷക്കീലാണ്. കൊലപാതകം, തീവ്രവാദം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 1993ലെ ബോംബയ് സ്‌ഫോടനക്കേസിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് ആരോപിക്കുന്നത്.
5)ഖാലിദിന് മുമ്പ് ജെനാഭായ്
ദാവൂദിന്റെ അമ്മ ആമിനയുടെ കൂട്ടുകാരിയായിരുന്നു ജെനാഭായി. മുംബയ് ക്രൈംബ്രാഞ്ചിന്റെ ഒരു ഇൻഫോമർ ആയിരുന്ന ജെനാഭായിയാണ് ദാവൂദിന്റെ മനസിൽ വിഷവിത്തുകൾ വിതച്ചതെന്ന് സെയിദി പറയുന്നു.ഖാലിദുമായി ദാവൂദ് ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് ജെനാഭായി ആണ് ദാവൂദിനെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നതെന്നും പുസ്‌തകത്തിൽ പറയുന്നു.