തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി കമ്മിഷണറേറ്റിലെ സി.പി.എം അനൂകൂല സംഘടനകൾ തമ്മിലുള്ള വടംവലിയെ തുടർന്ന് എൻ.ജി.ഒ യൂണിയനിൽ നിന്ന് രാജി തുടങ്ങി. എൻ.ജി.ഒ യൂണിയനും ഗസറ്റഡ് ഓഫീസർമാരുടെ ഇടയിലെ സി.പി.എം അനുകൂല സംഘടനയായ കെ.ജി.ഒ.എയും തമ്മിലാണ് തർക്കം.
ഇന്നലെ ഇറങ്ങിയ ക്ലാർക്കുമാരുടെ പ്രൊമോഷൻ ലിസ്റ്റാണ് ഇപ്പോൾ തർക്കം മൂർച്ഛിക്കാനിടയായത്. എൻ.ജി.ഒ യൂണിയൻ നേതാവും ലിസ്റ്റിലെ സീനിയറുമായ പ്രശാന്തിനെ ലിസ്റ്റിൽ ഒന്നാമനായിട്ടും കൊല്ലം ജില്ലയിൽ ട്രെയിൻ സൗകര്യം പോലും ഇല്ലാത്ത അഞ്ചലിലേക്ക് സ്ഥലം മാറ്റിയപ്പോൾ ലിസ്റ്റിലെ ജൂനിയർമാരിൽ പലർക്കും തലസ്ഥാനത്ത് തന്നെ നൽകി. ഇതാണ് പോര് മുറുകാൻ ഇടയാക്കിയത്. സംഭവത്തിൽ സംഘടനാ സംസ്ഥാന നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ജി.എസ്. ടി കമ്മിഷണറേറ്റിലെ എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.
കുറേ നാളായി ജി.എസ്. ടി കമ്മിഷണറേറ്റിൽ നിലനിൽക്കുന്ന കെ.ജി.ഒ.എ എൻ.ജി.ഒ യൂണിയൻ തർക്കത്തിന്റെ തുടർച്ചയാണ് പുതിയ സംഭവ വികാസങ്ങളും. നേരത്തെ വനിതയായ ഗസറ്രഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവുമായുള്ള തർക്കത്തെ തുടർന്ന് കമ്മിഷണറേറ്റിലെ എൻ.ജി.ഒ യൂണിയന്റെ രണ്ടു പ്രമുഖ നേതാക്കളെ സ്ഥലം മാറ്റിയിരുന്നു. ഉടൻ തന്നെ ഇവർക്ക് വിടുതലും നൽകി.
എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ സീനിയർ ക്ലാർക്ക് ഉണ്ണികൃഷ്ണൻ നായർ, ക്ലാർക്ക് പ്രശാന്ത് എന്നീ എൻ.ജി.ഒ യൂണിയൻ നേതാക്കളെയായിരുന്നു സ്ഥലം മാറ്റിയത്. കെ.ജി.ഒ.എ നേതാവായ ഒരു ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് നടപടി. അധികൃതരെ അനുസരിക്കാതിരിക്കുക, മോശവും നീതികരിക്കാനാവാത്ത പെരുമാറ്റം, കർത്തവ്യ നിർവഹണത്തിൽ വീഴ്ച എന്നിവ ആരോപിച്ചായിരുന്നു സ്ഥലം മാറ്രം. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനായി മാർച്ച് 26ന് വൈകിട്ട് 3 ന് ഡെപ്യൂട്ടി കമ്മിഷണർ വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെടുക്കാത്തതാണ് രണ്ടുവിഭാഗവും തെറ്റാനുണ്ടായ മറ്റൊരു കാരണം.
അതേസമയം കെ.ജി.ഒ. എയുടെ തെറ്രായ പ്രവൃത്തികളെ എതിർക്കാത്ത എൻ.ജി ഒ യൂണിയൻ ഉന്നത നിലപാടിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂണിയൻ നേതാവും ജി.എസ്. ടി കമ്മിഷണറേറ്രിലെ എസ്റ്റാബ്ലിഷ് മെന്റ് വിഭാഗം ജീവനക്കാരനുമായ വിപിൻ ഇഗ്‌നേഷ്യസ് സംഘടനയിൽ നിന്ന് രാജിവച്ചു.
തങ്ങൾ നില കൊള്ളുന്ന രാഷ്ട്രീയ ഇടത്തെപ്പറ്റി ബോധവാൻമാരല്ലാത്ത കെ.ജി.ഒ. എ നേതൃത്വത്തിലെ ചിലരുടെ പ്രവൃത്തികളും, എൻ.ജി.ഒ യൂണിയൻ നേതൃത്വം ഇക്കാര്യത്തിൽ പുലർത്തുന്ന നിസ്സംഗതയുമാണ് രാജിക്ക് പിന്നിലെന്ന് വിപിൻ ഇഗ്‌നേഷ്യസ് പറയുന്നു.