നായകന്മാർക്ക് മാത്രമല്ല നായികമാർക്കും കിടിലൻ ആക്ഷൻ രംഗങ്ങൾ വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ നായികമാർ. ആടൈ, അതോ അന്ത പറവൈ പോൽ എന്നീ ചിത്രങ്ങളിൽ അമലാ പോൾ കിടിലൻ ആക്ഷൻ രംഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അമലയ്ക്കു പിന്നാലെയിതാ വരലക്ഷ്മിയും അടിയും ഇടിയുമായി എത്തുകയാണ്. 'ചേസിംഗ് ' എന്ന് പേരിട്ട പുതിയ തമിഴ് ചിത്രത്തിൽ ബൈക്കർ ആയാണ് നടി എത്തുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഒരു മേക്കിംഗ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. റോപ്പുകളുടെ സഹായമില്ലാതെ ആക്ഷൻ രംഗം ചെയ്യുന്ന വരലക്ഷ്മിയെയാണ് വീഡിയോയിൽ കാണിക്കുന്നത്. താരം തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. യമുന ചിന്നദുരൈയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാല ശരവണൻ, ജെറാൾഡ്, സ്വിസ് രഘു തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. നീയാ 2 ആയിരുന്നു വരലക്ഷ്മിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
വെൽവെറ്റ് നഗരം, കന്നി രാസി, കാട്ടേരി, പാമ്പൻ, തെന്നാലി രാമകൃഷ്ണ ബിഎ ബിഎൽ, ഡാനി തുടങ്ങിയവയാണ് നടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. നായികയായി മാത്രമല്ല പ്രതിനായികയായും തിളങ്ങിയ താരമാണ് വരലക്ഷ്മി.