തിരുവനന്തപുരം:കേരളത്തിൽ കാലവർഷം ജൂൺ 6ന് (വ്യാഴം) ആരംഭിക്കും. ബുധനാഴ്ച കന്യാകുമാരിയിൽ മഴ തുടങ്ങും. വ്യാഴാഴ്ച മുതൽ കേരളത്തിലെമ്പാടും മഴ ലഭിക്കും. അന്നാണ് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതും.
പതിവിലും അല്പം കുറയുമെങ്കിലും ഇക്കുറി 97 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം പറഞ്ഞു. മറ്റ് പ്രതിഭാസങ്ങളുണ്ടായാൽ മഴ ഒൻപത് ശതമാനം കൂടാനും സാദ്ധ്യതയുണ്ട്.
2014ലാണ് മുമ്പ് ജൂൺ ആറിന് കാലവർഷം എത്തിയത്. 2016ലാണ് ഏറെ വൈകിയത് - ജൂൺ 8ന്.
മഴ കാര്യമായി കുറയില്ലെന്ന് തിരുവനന്തപുരം കാലാവസ്ഥാകേന്ദ്രം ഡയറക്ടർ ഡോ.സന്തോഷ് പറഞ്ഞു. ഇക്കുറി വേനൽമഴ പകുതി പോലും കിട്ടിയില്ല. ഇതുമൂലം കാലവർഷവും കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. കടലിലെ താപവ്യതിയാനം മൂലം കാലവർഷത്തിന്റെ ആദ്യപകുതി ദുർബലമായിരിക്കുമെന്നും മഴ കുറയാമെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സംവിധാനമായ സ്കൈമാറ്റ് മുന്നറിയിപ്പ് നൽകി. അത് കാലാവസ്ഥാകേന്ദ്രം അംഗീകരിച്ചിട്ടില്ല.
പതിവുപോലെ മേയ് 18-ന് കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തിയിരുന്നു. ബുധനാഴ്ചയോടെ മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളുടെ തെക്കൻ മേഖലകളിലെത്തി. അടുത്ത 72 മണിക്കൂറിൽ അറബിക്കടലിന്റെ തെക്കൻ ഭാഗത്തെത്തും. ഇത് കൂടുതൽ ശക്തിപ്രാപിച്ച് ജൂൺ ആറിനുതന്നെ കേരളത്തിൽ എത്താനാണ് സാദ്ധ്യത.
ശാന്തസമുദ്രത്തിലെ താപനില കൂടുന്ന പ്രതിഭാസമായ 'എൽനിനോ' മൺസൂൺ കാലത്തും ദുർബലമായി തുടരും. ഇത് തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ബാധിക്കില്ലെന്ന് ഉറച്ചുനിൽക്കുകയാണ് കാലാവസ്ഥാ വകുപ്പ്.
55 % കുറവ്
മാർച്ച് ഒന്ന് മുതൽ മേയ് 31 വരെ 379.7 മില്ലിമീറ്റർ വേനൽ മഴ ലഭിക്കേണ്ടതായിരുന്നു. ആകെ പെയ്തത് 170.7 മില്ലിമീറ്റർ മാത്രം. കുറവ് 55ശതമാനം.
ഏറ്റവും കുറവ് കാസർകോടാണ്. 272.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 64 മില്ലിമീറ്റർ മാത്രം.
എല്ലാ ജില്ലകളിലും മഴ ശരാശരിയിൽ കുറവായിരുന്നു. വയനാടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല. ഇവിടെ 1% മാത്രമാണ് കുറഞ്ഞത്.