govind-vasantha

തനിക്ക് ശരീര ഭാരമുണ്ടായിരുന്നപ്പോൾ നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് തുറന്നെഴുതി സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോവിന്ദ് തന്റെ അനുഭവങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. 'ബോഡി ഷെയിമിംഗ്' നേരിട്ടത് കാരണമാണ് താൻ ജിമ്മിൽ പോകാൻ തുടങ്ങിയതെന്നും അതിന് ശേഷമാണ് തന്റെ ആത്മവിശ്വാസം വർദ്ധിച്ചതെന്നും അദ്ദേഹം പറയുന്നു.

ശരീരഭാരവും ദുർമേദസും ഉണ്ടായിരുന്നപ്പോൾ ഒരുപാട് തവണ പരിഹാസം നേരിടേണ്ടി വന്നുവെന്നും ജിമ്മിൽ പോയി തുടങ്ങിയതിന് ശേഷമാണ് തന്റെ ഭാരം കുറഞ്ഞതെന്നും ഗോവിന്ദ് പറ‌ഞ്ഞു. ബോഡി ഷെയിമിംഗ് ഒരു ഗുരുതര രോഗമാണെന്നും വണ്ണമുണ്ടായിരുന്ന സമയത്ത് തന്നെ ' സ്ത്രീകളെ പോലെ മാറിടമുള്ളവൻ, വിഡ്ഢി' എന്നൊക്കെയാണ് ചിലർ വിളിച്ചിരുന്നതിനും ഗോവിന്ദ് വസന്ത തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.

ഗോവിന്ദ് വസന്തയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

'എന്റെ ജീവിതത്തെ മാറ്റി മറിച്ച ദിവസം. എന്റെ ആദ്യത്തെ ജിം വാർഷികം. വ്യത്യസ്ത വിഷയങ്ങളെ സമീപിക്കുന്ന രീതി, പ്രശ്നങ്ങളോടുള്ള കാഴ്ചപ്പാട് എന്നിങ്ങനെ എന്നെത്തന്നെ മാറ്റിമറിച്ച ആ ദിവസങ്ങൾ. ഇപ്പോഴും എന്നോട് ഒരുപാട് പേർ ചോദിക്കും, ജിമ്മിൽ പോകാനും വ്യായാമം ചെയ്യാനും അങ്ങനെ തടി കുറയ്ക്കണം എന്നൊക്കെ തോന്നാനുമുള്ള കാരണമെന്താണെന്ന്. ഉത്തരം വളരെ ലളിതമായി ഉറക്കെ പറയാം, ബോഡി ഷെയ്മിങ്.

ചിലർക്ക് ഇത് വളരെ നിസാരമായി തോന്നാം. പക്ഷേ, ബോഡി ഷെയ്മിങ് എന്നത് ഗുരുതര രോഗം പോലെ ചിലരെ ബാധിച്ചേക്കാം, ഒരാളുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും തകർത്തേക്കാം. എവിടെയും പരിഹസിക്കപ്പെടുമെന്ന ഭയം കാരണം സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാം. അപകർഷതാ ബോധത്തിലേക്കും അതുവഴി നിരാശയിലേക്കും എടുത്തെറിയപ്പെടാം. ഞാനൊരു ഉദാഹരണമാണ്, ബോഡി ഷെയ്മിങ്ങിന്റെ ഇരയാണ്.

എനിക്ക് ചുറ്റുമുള്ള ആരും ഇതൊന്നും ഓർക്കുന്നത് പോലുണ്ടാകില്ല, പലപ്പോഴായി അവരെന്നെ ബോഡിഷെയ്മിങ് നടത്തിയിട്ടുണ്ടെന്ന്. തടിയൻ എന്ന് വിളിച്ചിട്ടുണ്ട്. സ്ത്രീകളെക്കാൾ വലിയ മാറിടമുള്ളവൻ എന്നും വിഡ്ഢി എന്നും പരിഹസിച്ചിട്ടുണ്ട്. ഇങ്ങനെയാണ് ലോകം.

ഭൂരിഭാഗം ആളുകൾക്കും ബോഡി ഷെയ്മിങ് വളരെ നിസ്സാരമായ ഒന്നാണ്. പലരും അത് ശ്രദ്ധിക്കാറ് പോലുമില്ല. പക്ഷേ, ഇത്തരം തമാശകൾ എന്നും കേൾക്കുന്ന ഒരാൾ കടുത്ത മാനസിക സംഘർഷത്തിലെത്തും. അങ്ങനെ മാനസികമായും ശാരീരികമായും തകരാം. ഈയൊരു അവസ്ഥയിൽ നിന്നാണ് ഞാനും സ്വയം കണ്ടെത്തലിന്റെ വഴിയിൽ എത്തിച്ചേർന്നത്.

ഇപ്പോൾ ഒരു വർഷത്തിന് ശേഷം, ഇതുവരെയുള്ള ഏറ്റവും മികച്ച ഞാന്‍ ഇതാണ്. എന്റെ ജീവിതത്തിലെ ബോഡി ഷെയ്മേഴ്സിനോടാണ് ഈ മാറ്റത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നത്. ഒരുപാട് നന്ദി. 110 കിലോയിൽ നിന്ന് 80 കിലോയിലെത്തി, ഇനിയും എനിക്ക് ഏറെ ദൂരം പോകാനുണ്ട്.'