anuraj-manohar-

ഇഷ്ക് ഈസ് നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടുകൂടി തീയേറ്റുകളിലെത്തിയ ചിത്രം വളരെപ്പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രേക്ഷകർ നെഞ്ചിലേറ്റി. കാലിക പ്രസക്തമായൊരു വിഷയം കലാ-വാണിജ്യ മൂല്യങ്ങൾ ഒട്ടും ചോർന്നു പോകാതെ ഇഷ്ക്കെന്ന മലയാള ചലച്ചിത്രമായി അഭ്രപാളിയിലെത്തിച്ച നവാഗത സംവിധായകൻ അനുരാജ് മനോഹർ സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ഉജ്ജ്വല വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.ഈയൊരു വിജയം പ്രതീക്ഷിച്ചിരുന്നോ?

സക്സസിനപ്പുറം ചിത്രം തീയേറ്ററുകളിലെത്തിക്കുകയെന്നായിരുന്നു ആദ്യത്തെ കാഴ്ചപ്പാട്.പറയാനുള്ള കഥ തിരഞ്ഞെടുത്ത് കൃത്യമായി ജനങ്ങളിലെത്തിക്കുക. അതിനൊരു സോഷ്യൽ മെസേജ് ഉണ്ടായിരുന്നു.അത് നിർമ്മാതാവിന് നഷ്ടമില്ലാത്ത രീതിയിൽ തീയേറ്ററുകളിലെത്തിക്കുകയെന്നേ ഉണ്ടായിരുന്നുള്ളു. പ്രതീക്ഷിച്ചതിലും എത്രയോ മുകളിലാണ് ചിത്രം ആളുകളിലേക്കെത്തിയതും ചർച്ച ചെയ്യപ്പെടുന്നതും.അത് സന്തോഷമുള്ള കാര്യമാണ്.

കേട്ട് മടുത്ത ചോദ്യമാണെന്നറിയാം എങ്കിലും വായനക്കാർക്ക് വേണ്ടി ചോദിക്കുകയാണ്, എന്താണ് ഇഷ്ക്?

പ്രണയത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ അപ്പുറമുള്ള ചില ഇമോഷൻസ് കൈകാര്യം ചെയ്യുന്ന ആഴത്തിലുള്ള ചില നിലപാടുകളുള്ള ചിത്രമാണ് ഇഷ്ക്.

സിനിമയിലേതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടോ?

സിനിമയുമായി താരതമ്യം ചെയ്യുന്പോൾ അത്തരത്തിലുള്ള ആഴത്തിലുള്ള സാഹചര്യങ്ങളിലൂടെ പോകേണ്ടി വന്നിട്ടില്ല. എങ്കിലും ഞാനും ചില നോട്ടങ്ങളും ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കൂടെയൊരു പെൺകുട്ടി ഉണ്ടാകുമ്പോൾ അലോസരപ്പെടുത്തുന്ന കാര്യമാണ്. അത്തരത്തിലുള്ള ചില ചൊറിച്ചിലുകൾ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്.

കൊച്ചിൻ ഷിപ്യാഡിലെ ജോലി രാജിവച്ചാണ് താങ്കൾ സംവിധാന രംഗത്തെത്തിയത്. എങ്ങനെയായിരുന്നു കടന്ന് വരവ്?

എഞ്ചിനിറയിങ്ങിന് ശേഷം കൊച്ചിൻ ഷിപ്യാഡിൽ ജോലിക്ക് കയറി. അതൊരു സ്വകാര്യ കമ്പനിയായിരുന്നു. കോൺട്രാക്റ്റ് ബേസിലാണ് വർക്ക് ചെയ്തത്. ആറ് മാസം വർക്ക് ചെയ്തു. എനിക്കത് തീരെ സെറ്റായില്ല. വർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.അങ്ങനെ നിൽക്കുമ്പോഴാണ് വിവേക് മോടിക്കുന്ന് എന്ന് പറയുന്ന വ്യക്തി ബി ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തിയത്.ബി ഉണ്ണികൃഷ്ണൻ സാറിന്റെ സിനിമയിലാണ് ആദ്യമായിട്ട് അസിസ്റ്റന്റായിട്ട് വർക്ക് ചെയ്യുന്നത്. എട്ടുവർഷത്തോളം സിനിമയിൽ അസിസ്റ്റൽും അസോസിയേറ്റും ചീഫ് അസോസിയേറ്റുമൊക്കെയായി വർക്ക് ചെയ്തു.അങ്ങനെയാണിപ്പോൾ സ്വന്തം സിനിമയിലേക്ക് എത്തിയത്.

എട്ടുവർഷത്തെ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ആദ്യ ചിത്രം തീയേറ്ററുകളിലെത്തിയത്. എന്തൊക്കെയായിരുന്നു തയ്യാറെടുപ്പുകൾ?

എട്ടുവർഷമായിട്ട് ഇഷ്കിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നില്ല. ഒരുപാട് ആളുകളുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. സിനിമ പഠിക്കുകയെന്നായിരുന്നു അത്യന്തികമായ ലക്ഷ്യം.സിനിമയുടെ പ്രായോഗിക വശങ്ങൾ പഠിക്കുക. അസിസ്റ്റൻസിനോട് എപ്പോഴും പറയാറുണ്ട് ടെക്നിക്കാലിറ്റി പഠിക്കുന്നതിനപ്പുറം ക്രൂവിനെ എങ്ങനെ മാനേജ് ചെയ്യാം,ഇമോഷൻസിനെ എങ്ങനെ മാനേജ് ചെയ്യാം,സ്ട്രസ് ഹാൻഡ്ലിങ് എങ്ങനെയാണ് എന്നൊക്കെയാണ് ആദ്യം പഠിക്കേണ്ടതെന്ന്. ഈ എട്ടുവർഷത്തെ യാത്രയിലുണ്ടായിരുന്നത് അതൊക്കെയാണ്. അതിനിടയ്ക്ക് കഥകൾ കേൾക്കുകയും തിരക്കഥകൾ വായിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.

വർഷങ്ങളായി സിനിമ മേഖലയിലുള്ള വ്യക്തിയാണ് താങ്കൾ. ആദ്യമായി ചെയ്യുന്ന സിനിമയ്ക്ക് കൊമേഴ്ഷ്യൽ സക്സസിനപ്പുറം നിലപാട് ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നോ?

ഒരു പുതിയ സംവിധായകൻ വന്നു എന്ന് ആളുകൾക്ക് മനസിലാകുന്ന രീതിയിൽ ചിത്രം ചർച്ച ചെയ്യണമെന്ന് തന്നെയായിരുന്നു കാഴ്ചപ്പാട്. മഴവെള്ളം പോലെ വന്ന് പോകാതെ തന്നെ ഇങ്ങനെയൊരാൾ പുതിയ സിനിമയുമായി വന്നിട്ടുണ്ട്,അയാൾ കുറച്ച് കാലം ഇവിടെ ഉണ്ടായിരുന്നു എന്നൊക്കെ തോന്നുന്ന സിനിമ സങ്കൽപമായിരുന്നു ഉണ്ടായിരുന്നത്. ,ഒരുപാട് പ്രതിസന്ധി ഉണ്ടായിട്ടും ഈ ചിത്രം തന്നെ പൂർത്തിയാക്കിയെന്നുള്ളതുകൊണ്ടാണ് ആ ശ്രമം വിജയിച്ചത്.

ഷെയ്ൻ നിഗം എന്തുകൊണ്ട് സച്ചിയായി വന്നു?ഫഹദ് ഫാസിലിനെയല്ലായിരുന്നോ ആദ്യം നായകനായി കണ്ടെത്തിയത്?


ഷെയിന്റെ പ്രായത്തിലുള്ളവരുടെ കഥയാണ് പറയുന്നത്. ആ പ്രായത്തിലുള്ള ഏറ്റവും സമർത്ഥനായ വ്യക്തിയാണ് ഫെയിൻ. ഫഹദിനെ തീരുമാനിച്ചപ്പോൾ ഞാനല്ലായിരുന്നു സംവിധായകൻ. 2013ലായിരുന്നു അത്. അത് ആധികാരികമായി പറയാൻ എനിക്ക് കഴിയില്ല. എന്നാൽപ്പോലും ഫഹദ് ഉണ്ടായിരുന്നപ്പോഴുള്ള ക്രാഫ്റ്റല്ല ഇപ്പോൾ നമ്മൾ ഉണ്ടാക്കിയിരിക്കുന്നത്. ഷെയിന് വേണ്ടിയുള്ള ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇഷ്‌ക് എന്ന ചിത്രത്തിന്റെ ആദ്യ പകുതിയിലുള്ള ഏറെക്കുറെ അതേ ഡയലോഗുകളും അതേ രംഗങ്ങളും തന്നെയല്ലേ രണ്ടാം പകുതിയിലും എന്നാൽ അവതരണ ശൈലി വ്യത്യസ്ഥമാണ് അതിനെപ്പറ്റി?

സംഭാഷണങ്ങൾ എന്ന രീതിയിലാണെങ്കിൽ ഒരുഘട്ടം വരെ സച്ചി അനുഭവിക്കുന്ന മാനസിക സംഘർഷം, അത് അനുഭവിപ്പിക്കുന്നയാൾ ആൽവിൻ.അയാൾ എങ്ങനെയാണ് സച്ചിയെ ഉപദ്രവിക്കുന്നത് .അതിന്റെ പ്രതികാരം എന്ന രീതിയിലാണ് സച്ചി തിരിച്ചും അത് ആവർത്തിക്കുന്നത്. അത് അയാളുടെ ഒരു മാനസിക ആഹ്ലാദമായിട്ടാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് കാണിക്കുന്നത്.

സച്ചി പ്രതികാരം ചെയ്യാൻ തിരഞ്ഞെടുത്ത രീതിയെപ്പറ്റി എന്താണ് അഭിപ്രായം?

പ്രതികാരം ഒരോ വ്യക്തിയേയും ആശ്രയിച്ചിരിക്കും.ചിലർക്ക് ക്ഷമിക്കാൻ പറ്റും,ചിലർക്ക് അതിന് സാധിക്കില്ല. സച്ചി എന്ന കഥാപാത്രത്തിന് അങ്ങനെയെ ചെയ്യാൻ പറ്റുള്ളു. ഞാനാണെങ്കിൽ വേറെ രീതിയിലായിരിക്കും വേറെയാളാണെങ്കിൽ അത് വേറെ തരത്തിലായിരിക്കും.സച്ചിയുടെ പ്രതികാരം അങ്ങനെ വിലയിരുത്തിയാൽ മതി.

ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം ഇതിനോടുള്ള സംവിധായകന്റെ കമന്റ് എന്താണ്?

എല്ലാ കഥാപാത്രങ്ങളും അവരവരുടെ വഴിക്ക് അവനവൻ ശരിയാണെന്ന് തെളിയിക്കാനുള്ള യാത്രയാണ്. ആൽവിൻ ആൽവിന്റെ വഴിക്ക് പോകുന്നു സച്ചി സച്ചിയുടെയും. നായികാ-നായകൻ സങ്കൽപ്പമില്ലാതെ അവസാനത്തെ വസുതയുടെ നിലപാട് ചിന്തിച്ച് നോക്കൂ, ചില ചോദ്യങ്ങൾക്ക് അവൾ ഉത്തരം പറയുന്നു എന്ന് ചിന്തിച്ചാൽ മതി. ഭയങ്കര സ്ത്രീപക്ഷ സിനിമ ചെയ്യണമെന്ന് പ്ലാൻ ചെയ്തയല്ല. ചിത്രം അങ്ങനെയേ അവസാനിപ്പിക്കാൻ പറ്റുകയുള്ളു.

നായികയുടെ നിലപാടിനാണ് ഒരു പക്ഷേ സിനിമയിൽ ഏറ്റവും കയ്യടി നേടിയത്, അങ്ങനൊരു കാര്യത്തിലേക്ക് പോകുമ്പോൾ പ്രേക്ഷകർ അതെങ്ങനെ എടുക്കുമെന്ന പേടിയുണ്ടായിരുന്നോ?

കൃത്യമായി തീയേറ്ററിലെത്തിക്കുക എന്ന് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നുള്ളു. ചിത്രം ആർക്കൊപ്പമാണ്, അത് ഒരു ആന്റി സോഷ്യൽ മെസേജല്ലേ എന്നിങ്ങനെയുള്ള ചർച്ചകളൊക്കെ ഫേസ്ബുക്കിലൊക്കെ വായിക്കാൻ പറ്റി. അങ്ങനെയൊരു പ്ലാനിങ് ഇല്ലായിരുന്നു. എഴുതി വരുന്ന സമയത്ത് അയാൾ ഇങ്ങനെ പോയി അവിടെത്തും,അയാൾ അങ്ങനെ പറയും, ഇങ്ങനെയാണ് അവസാനം. ഇതൊക്കെ ജനങ്ങൾക്ക് ഇഷ്ടമാവില്ലേ. അങ്ങനെയല്ലെ മാറ്റം സംഭവിക്കേണ്ടത് എന്ന് തോന്നി. ആദ്യം നമ്മളൊരു കാഴ്ചക്കാരനല്ലേ.എന്നിലെ കാഴ്ചക്കാരന് അതായിരുന്നു കൂടുതൽ ഇഷ്ടമായത്. ആദ്യം നമുക്ക് രസിക്കുന്നൊരു ചിത്രം ചെയ്യുക എന്നിട്ട് ജനങ്ങളെ രസിപ്പിക്കുക എന്നുള്ളതാണ്.

ചിത്രത്തിൽ കൂടുതലായി രാത്രി രംഗങ്ങളാണ് ഉള്ളത്. ഷൂട്ടിംഗൊക്കെ എങ്ങനെയായിരുന്നു?

35 ദിവസമാണ് ആകെ ഷൂട്ടിംഗ്. 29 ദിവസം രാത്രി ഷൂട്ട് ഉണ്ടായിരുന്നത്. അതൊരു ഹിമാലയൻ ടാസ്‌കായിരുന്നു. പക്ഷേ നമ്മുടെ ക്രൂ അടിപൊളിയായിരുന്നു. ഭയങ്കര എനർജിയായിരുന്നു. എല്ലാവരും നമ്മുടെ കൂടെ നിന്നു.

സംവിധായകനെന്ന നിലയിലെ ആദ്യ ചുവടുവയ്പ്പാണ് ഇഷ്‌ക്. ചിത്രം നൽകിയ അനുഭവം എന്തായിരുന്നു?

സിനിമ ചെയ്യുമെന്ന ഭയങ്കര ആഗ്രഹം കൊണ്ടാണ് കമ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് വണ്ടി കയറിയത്. സിനിമ ചെയ്യുമെന്നും അത് നല്ലതായിരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ജീവിതത്തിൽ സംഭവിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. അത് എൻജോയി ചെയ്തുകൊണ്ടിരിക്കുന്നു.

സാമൂഹിക വിഷയമാണ് ഇഷ്‌ക് കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോൾ ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. എങ്ങനെ നോക്കിക്കാണുന്നു ?

ഞാനെന്ന വ്യക്തിക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുണ്ട്. എന്റെ സിനിമകളിൽ കൊടിയടയാളമല്ലാതെയുള്ള രാഷ്ട്രീയം പറയണമെന്ന് ആഗ്രഹമുള്ള സംവിധായകനാണ് ഞാൻ. വ്യക്തി രാഷ്ട്രീയം വേറെ സിനിമകൾക്കുള്ളിൽ പറയുന്ന രാഷ്ട്രീയം വേറെയെന്ന് വിശ്വസിക്കുന്നു. പുതിയ കാലത്ത്, വരുന്ന തലമുറയ്ക്ക് വേണ്ടി സമൂഹത്തിൽ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായി സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.

അടുത്ത സിനിമ പദ്ധതികൾ?

നിലവിൽ സിനിമ പദ്ധതിയായിട്ടൊന്നും പ്ലാൻ ചെയ്തിട്ടില്ല. ഒരുപാട് കഥകൾ മനസിൽ കിടക്കുന്നുണ്ട്. ഏതിലേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടില്ല. കുറച്ച് കാലത്തെ കഷ്ടപ്പാടാണ് ഈ സിനിമ. ഈ വിജയം ഒന്ന് എൻജോയ് കഴിഞ്ഞിട്ട് ബാക്കി തീരുമാനിക്കാമെന്ന് വിചാരിക്കുന്നു.