america-

വാഷിംഗ്ടൺ: അമേരിക്കയിലെ വിർജീനിയ ബീച്ചിലെ സർക്കാർ വക കെട്ടിടത്തിൽ നടന്ന വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. വിർജീനിയയിലെ മുനിസിപ്പൽ ജീവനക്കാരനായ ഡിവെയ്ൻ ക്രാഡോക്ക് (40) ആണ് കൊലയാളി. വെടിവയ്പിന് പിന്നാലെ പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഇയാളും കൊല്ലപ്പെട്ടതായി സ്ഥലത്തെ പൊലീസ് മേധാവി അറിയിച്ചു. 11 മുനിസിപ്പൽ ജീവനക്കാരും ഒരു കോൺട്രാക്ടറുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്.

വിർജീനിയയിലെ പൊതുവിതരണ വിഭാഗത്തിലെ എൻജിനിയറാണ് കൊലയാളിയായ ക്രാഡോക്ക്. ജോലിയിലെ അസംതൃപ്തിയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സിറ്റിയിലെ മുനിസിപ്പൽ സെന്ററിലെത്തിയ കൊലയാളി, ജീവനക്കാർ ജോലിക്കുശേഷം മടങ്ങാനൊരുങ്ങവെ, കെട്ടിടത്തിന്റെ മൂന്നുനിലകളിലും കയറി വെടിയുതിർത്തതായാണ് റിപ്പോർട്ട്. ജീവനക്കാർ ഓഫീസിലെ മേശയുടെ താഴെയും മറ്റും ഓടിയൊളിച്ചതിനാലാണ് മരണസംഖ്യ ഉയരാതിരുന്നതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. വിർജീനിയ ബീച്ചിലെ ഏറ്റവും ഞെട്ടിപ്പിക്കുന്നതും വേദനയുണ്ടാക്കിയതുമായ ദിവസമായിരുന്നു ഇതെന്നാണ് മേയർ ബോബി ഡയർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. രണ്ടു കൈത്തോക്കുകൾ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. പ്രസിഡന്റ് ഡൊണാൾട് ട്രംപ് വെടിവയ്പിന്റെ വിശദവിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവച്ചു.

അതേസമയം, അമേരിക്കയിലെ സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് തോക്കു കൈവശം വയ്ക്കാൻ അനുവദിക്കുന്ന നിയമമുണ്ടെന്ന് വൈസ് മേയർ ജെയിംസ് വുഡ് പറഞ്ഞു. എന്നാൽ, സ്കൂളുകളിലും കോടതികളിലും തോക്ക് അനുവദനീയമല്ല. ഇക്കഴിഞ്ഞ നവംബറിലാണ് അമേരിക്കയിൽ അവസാനമായി വെടിവയ്പ് നടന്നത്. അന്ന് കാലിഫോർണിയയിൽ 12 പേരാണ് കൊല്ലപ്പെട്ടത്.