ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടിന് (ശനിയാഴ്ച) ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മോദി എത്തുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക വിവരം ലഭിച്ചു.
മുക്കാൽ മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായൂരിൽ ചെലവഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള മോദിയുടെ ആദ്യ കേരള സന്ദർശനമാണിത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും മോദിക്കൊപ്പം ഉണ്ടാകും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അദ്ദേഹത്തെ അനുഗമിച്ചേക്കും. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങി ഹെലികോപ്ടറിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തും. അവിടെ നിന്ന് കാർ മാർഗം ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഉച്ച പൂജയ്ക്ക് നടയടക്കുന്നതിന് മുമ്പ് ക്ഷേത്രദർശനം നടത്തി മടങ്ങും.
പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് പൊലീസ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് തുടങ്ങി. നേരത്തേ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഗുരുവായൂരിൽ ദർശനം നടത്തിയിട്ടുണ്ട്.