'മി ബാൻഡ് 3'ന് ശേഷം പുത്തൻ വെയറെബിൾ ആക്ടിവിറ്റി ട്രാക്കറുമായി ഷവോമി. നേരത്തെ പുറത്തിറങ്ങിയ മി ബാൻഡിന്റെ പുതിയ പതിപ്പായ ഈ ഗാഡ്ജറ്റിന് 'മി ബാൻഡ് 4' എന്നാണു ഷവോമി പേര് നൽകിയിരിക്കുന്നത്. ബാൻഡ് പുറത്തിറങ്ങും മുൻപ് തന്നെ ഇതിന്റെ ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയ വെബ്സൈറ്റായ 'വീബോ' വഴി ചോർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ഫ്‌ളാഗ്‌ഷിപ്പ് ഡിവൈസുകളിൽ ഒന്നായ 'മി ബാൻഡ് 4'ന്റെ നിർമ്മാണവും ലോഞ്ചിങ്ങും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഷവോമി.
മുൻപത്തെ പതിപ്പിൽ ഉള്ളത് പോലെ ഗുളിക രൂപത്തിലുള്ള ആക്ടിവിറ്റി ട്രാക്കറാണ് 'മി ബാൻഡ് 4'ലും ഉള്ളത്. വട്ടത്തിലുള്ള ചെറിയ ഹോം ബട്ടണും ട്രാക്കറിന്റെ താഴെയായി കാണാൻ സാധിക്കും. എന്നാൽ മുൻപത്തെ ബാൻഡിൽ ഇല്ലാത്ത ഒരു പുതിയ ഫീച്ചർ ഇത്തവണത്തെ ട്രാക്കറിൽ ഉണ്ട്. 'മി ബാൻഡ് 4'ൽ കളർ ഡിസ്‌പ്ലേയാണ് ഷവോമി ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെയുള്ള വെർഷനിൽ മോണോക്രോം ഓലെഡ് ഡിസ്‌പ്ലേ ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ രൂപഘടനയിലും വലിപ്പത്തിലും 'മി ബാൻഡ് 3'യുടെ അതേ മാതൃകയിൽ തന്നെയാണ് 'മി ബാൻഡ് 4'ും ഷവോമി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പഴയ പതിപ്പിൽ ഇലാത്ത രക്തസമ്മർദ്ദം പരിശോധിക്കാനുള്ള പി.പി.ജി. സെൻസർ പുതിയ 'മി ബാൻഡ് 4'ൽ ഉൾപ്പെട്ടിട്ടുണ്ട്. കണക്റ്റിവിറ്റിയുടെ കാര്യം എടുക്കുകയാണെങ്കിൽ ബ്ലൂടൂത്ത് 5.0, എൻ.എഫ്.സി എന്നിവയും 'മി ബാൻഡ് 4'ൽ ഷവോമി ചേർത്തിരിക്കുന്നു.
ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിലും കാര്യമായ മാറ്റം ഷവോമി പുതിയ പതിപ്പിൽ കൊണ്ട് വന്നിട്ടുണ്ട്. 'മി ബാൻഡ് 3'യിൽ 110 എം.എ.എച്ച് ആയിരുന്നു ബാറ്ററി കപ്പാസിറ്റിയെങ്കിൽ '4'ൽ അത് 135 എം.എ.എച്ചാണ്. മാത്രമല്ല ചാർജ് ചെയ്യുമ്പോൾ ആക്ടിവിറ്റി മൊഡ്യൂൾ പ്രത്യേകം ഇളക്കിയെടുത്ത് ചാർജ് ചെയ്യേണ്ട കാര്യമില്ല. യൂണിറ്റ് അപ്പാടെ തന്നെ ചാർജറിനുള്ളിൽ വെച്ച് ചാർജ് ചെയാൻ സാധിക്കും.
'മി ബാൻഡ് 4'ന് 2000 മുതൽ 3000 വരെ വിലയാകും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതിന്റെ എൻ.എഫ്.സി വേരിയന്റിന് പിന്നെയും വില കൂടും.