ന്യൂസിലൻഡ് 10 വിക്കറ്റിന് ശ്രീലങ്കയെ കീഴടക്കി
കാർഡിഫ്: ഏകദിന ലോകകപ്പിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി. ബാറ്രിംഗിലും ബൗളിംഗിലും വൻപരാജയമായ ശ്രീലങ്കയെ പത്ത് വിക്കറ്രിന് തകർത്ത് ന്യൂസിലൻഡ് സമ്പൂർണ വിജയം നേടി. കിവികളുടെ സ്വിംഗിനും പേസിനും മുന്നിൽ ചൂളിപ്പോയ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 136 റൺസിന് ആൾഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് വെറും 16.1 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തി ( 137/0 ). ട്വന്റി-20 ശൈലിയിൽ ബാറ്റ് വീശിയ ഓപ്പണർമാരായ മാട്ടിൻ ഗപ്ടിലും (51 പന്തിൽ 73), കോളിൻ മൂൺറോയും (47 പന്തിൽ 58) ന്യൂസിലൻഡിന്റെ ജയം അനായാസമാക്കുകയായിരുന്നു. തുടക്കത്തിൽ മലിംഗയുടെ ഓവറിൽ സ്ലിപ്പിൽ ഗപ്ടിലിനെ വിട്ടുകളഞ്ഞ ലങ്കയ്ക്ക് പിന്നീട് അവസരങ്ങൾ നൽകാതെ കിവി ഓപ്പണർമാർ പത്തരമാറ്റ് ജയം സ്വന്തമാക്കി.
നേരത്തേ സോഫിയ പാർക്കിലെ മൂടിക്കെട്ടിയ അന്തരീക്ഷം കണ്ടുകൊണ്ട് തന്നെ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്ടൻ കെയ്ൻ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവച്ചുകൊണ്ട് കിവിബൗളർമാർ നിറഞ്ഞാടിയതോടെ ലങ്ക തകർന്നു വീണു. 3 വിക്കറ്റ് വീതം നേടിയ മാറ്റ് ഹെൻറിയും ലോക്കി ഫെർഗൂസനുമാണ് ലങ്കൻ ബാറ്രിംഗ് നിരയിൽ ഏറെ നാശം വിതച്ചത്. ഇവരെക്കൂടാതെ ബൗൾചെയ്ത ബൗൾട്ട്, ഗ്രാൻഡ്ഹോമ്മെ, നീഷം, സാന്റ്നർ എന്നിവർ ഓരോവിക്കറ്റ് വീതം വീഴ്ത്തി. അർദ്ധ സെഞ്ച്വറിയുമായി നായകൻ ധിമുത്ത് കരുണാരത്നെ (പുറത്താകാതെ 82 പന്തിൽ 54) പൊരുതി നോക്കിയെങ്കിലും മറ്രുള്ളവർ നിരാശപ്പെടുത്തി.
ഇന്നിംഗ്സിലെ ആദ്യപന്തിൽ ഹെൻറിയെ ബൗണ്ടറി കടത്തി ലാഹിരു തിരിമനെ പ്രതീക്ഷ നൽകിയെങ്കിലും ഒരു പന്തിന്റെ കൂടി ആയുസേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത പന്തിൽ തിരിമനെയെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹെൻറി ന്യൂസിലൻഡിന് ബ്രേക്ക് ത്രൂ നൽകി. കിവി താരങ്ങളുടെ അപ്പീൽ അമ്പർ നൈജൽ ലോംഗ് തള്ളിക്കളഞ്ഞെങ്കിലും ഡി.ആർ.എസ് തീരുമാനം അവർക്ക് അനുകൂലമാവുകയായിരുന്നു. തുടർന്നെത്തിയ കുശാൽ പെരേര (29) കരുണാരത്നയ്ക്കൊപ്പം ലങ്കയെ വീണ്ടും ട്രാക്കിലേക്ക് കൊണ്ടു വന്നു. കരുണാരത്നെയെ ഒരു വശത്ത് നിറുത്തി ആക്രമണോത്സുകതയോടെ കളിച്ച കുശാൽ ലങ്കയെ റൺറേറ്ര് താഴാതെ മുന്നോട്ട് കൊണ്ടുപോയി.
എന്നാൽ ടീം സ്കോർ 46ൽ നിൽക്കെ ഒമ്പതാമത്തെ ഓവറിലെ ആദ്യപന്തിൽ ഹെൻറിയ്ക്കെതിരെ അനാവശ്യഷോട്ടിന് ശ്രമിച്ച പെരേരയെ മിഡ്ഓണിൽ ഗ്രാൻഡ് ഹോമെ പിടികൂടിയതോടെ കൂട്ടുകെട്ട് തകർന്നു. നാലാമനായെത്തിയ കുശാൽ മെൻഡിസിനെ തൊട്ടടുത്ത പന്തിൽ സ്ലിപ്പിൽ ഗപ്ടിലിന്റെ കൈയിൽ എത്തിച്ച് ഹെൻറി ലങ്കയെ പ്രതിസന്ധിയിലാക്കി. ഇടത്തോട്ട് ഡൈവ് ചെയ്തുള്ള ഗപ്ടിലിന്റെ ക്യാച്ച് മനോഹരമായിരുന്നു. പിന്നീടെത്തിയ ധനഞ്ജയ ഡി സിൽവ (4) വലിയ ചെറുത്ത് നിൽപില്ലാതെ കീഴടങ്ങി. 12 -ാം ഓവറിൽ ചേഞ്ച് ബൗളറായെത്തിയ ലോക്കി ഫെർഗൂസൻ തന്റെ അഞ്ചാം പന്തിൽ വേഗമേറിയ ഇൻസിംഗറിലൂടെ ധനഞ്ജയെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ പരിചയ സമ്പന്നനായ ഏയ്ഞ്ചലോ മാത്യൂസിനെ (0) ഗ്രാൻഡ്ഹോമ്മെയുടെ പന്തിൽ ലതാം പിടികൂടുകയും ജീവൻ മെൻഡിസിനെ (1) ഫെർഗൂസൻ നീഷമിന്റെ കൈയിൽ ഒതുക്കുകയും ചെയ്തതോടെ 60/6 എന്ന നിലയിൽ ദ്വീപ് രാജ്യം പരുങ്ങി. ഇവിടെ വച്ച് തിസിര പെരേര (23 പന്തിൽ 27) കരുണാരത്നയ്ക്ക് കൂട്ടായെത്തിയതോടെ ലങ്കൻ ഇന്നിംഗ്സിന് വീണ്ടും ജീവൻ വച്ചു. ഇരുവരും ടീമിനെ നൂറ് കടത്തി. രണ്ട് സിക്സറുകളുമായി നന്നായി കളിച്ചുവരികയായിരുന്ന പെരേരയെ ടീം സ്കോർ 112ൽ വച്ച് ബോൾട്ടിന്റെ കൈയിൽ എത്തിച്ച് മിച്ചൽ സാന്റ്നർ കൂട്ടുകെട്ട് പൊളിച്ചതോടെ ലങ്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പെരേരയും കരുണാരത്നയും ഏഴാം വിക്കറ്രിൽ 52 റൺസാണ് കൂട്ടിച്ചേർത്തത്. ശ്രീലങ്കൻ ഇന്നിംഗ്സിലെ ഏറ്രവും മികച്ച കൂട്ടുകെട്ടും ഇതായിരുന്നു. പിന്നീട് ഉദ്ദണ്ഡത (0) ബൗൾട്ടിനും ലക്മൽ (7) നീഷമിനും മലിംഗ (1) ഫെർഗൂസനും വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ 136 റൺസിൽ ലങ്കൻ ഇന്നിംഗ്സിന് തിരശീല വീണു. ഓപ്പണറായിറങ്ങിയ നായകൻ കരുണാരത്നെ ടീമിന്റെ തകർച്ചയ്ക്ക് മൂക സാക്ഷിയായി അപ്പോഴും ക്രീസിലുണ്ടായിരുന്നു.