ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജി.എസ്.ടി) ഇനത്തിൽ കഴിഞ്ഞമാസം കേന്ദ്രസർക്കാർ സമാഹരിച്ചത് 1,00,289 കോടി രൂപ. 2018 മേയിൽ സമാഹരണം 94,016 കോടി രൂപയായിരുന്നു. 6.67 ശതമാനമാണ് വർദ്ധന. അതേസമയം, ഏപ്രിലിൽ 1.13 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞമാസത്തെ ജി.എസ്.ടി.ആർ-3ബി റിട്ടേൺ സമർപ്പണം ഏപ്രിലിലേക്കാൾ കൂടിയത് സർക്കാരിന് ആശ്വാസമായി. ഏപ്രിലിലെ 72.13 ലക്ഷത്തിൽ നിന്ന് 72.45 ലക്ഷത്തിലേക്കാണ് റിട്ടേണുകൾ ഉയർന്നത്.
മേയിലെ ജി.എസ്.ടി സമാഹരണത്തിൽ 17,811 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 24,462 കോടി രൂപ സംസ്‌ഥാന ജി.എസ്.ടിയുമാണ്. സംയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി) 49,891 കോടി രൂപയും സെസ് ഇനത്തിൽ 8,125 കോടി രൂപയും (ഇതിൽ 925 കോടി രൂപ ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയതാണ്) ലഭിച്ചു. കഴിഞ്ഞമാസത്തെ ജി.എസ്.ടി സമാഹരണം, 2018-19ലെ പ്രതിമാസ സമാഹരണത്തേക്കാൾ 2.21 ശതമാനം കൂടുതലാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.