news

1. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകര മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി പോകുന്നത് കണ്ടു. മറ്റൊരാള്‍ ബൈക്ക് തള്ളി കൊണ്ട് പോകുന്നതും കണ്ടു. ഇവരുടെ മുഖത്ത് എന്തോ അസ്വസ്ഥത പ്രകടമായിരുന്നു. മധു ബാലകൃഷ്ണന്റെ നിര്‍ദ്ദേശം പ്രകാരം ഇക്കാര്യം ട്രൂപ്പ് കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പിയെ അറിയിച്ചിരുന്നു. പ്രകാശ് തമ്പിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നും സോബി. അപകടം നടന്ന സമയത്ത് അത് വഴി യാത്ര ചെയ്ത ആളാണ് സോബി.
2. സോബിയുടെ വെളിപ്പെടുത്തല്‍ തിരുവനന്തപുരം വിമാനത്തവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേസില്‍ പിടിയിലായവര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആയിരുന്നു നടപടി
3. അതിനിടെ, തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രതി സെറീനയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. വിമാനത്താവളം വഴി 50 കിലോ സ്വര്‍ണ്ണം കടത്തി എന്ന് സെറീനയുടെ മൊഴി. പലപ്പോഴായി സ്വര്‍ണം കടത്തിയതിന് പ്രതിഫലമായി വിമാനടിക്കറ്റും 20,000 ദിര്‍ഹവും വാഗ്ദാനം ചെയ്തു. സ്വര്‍ണ്ണം ഏല്‍പ്പിച്ചത് തിരുവനന്തപുരം സ്വദേശി ജിത്തു എന്നും സെറീന. അഭിഭാഷകന്‍ ബിജുവിന്റെ ഭാര്യ വിനീതയും പല പ്രാവശ്യം സ്വര്‍ണം കടത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഉദ്യോഗസ്ഥ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സെറീനയുടെ വെളിപ്പെടുത്തല്‍. സ്വര്‍ണം കടത്തിയവര്‍ക്ക് ഒപ്പം എസ്‌കോട്ടായിട്ടാണ് സെറീന സഞ്ചരിച്ചിരുന്നത്.
4 ഹൈസ്‌ക്കൂള്‍ ഹയര്‍സെന്ററി ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സംവിധാനം മാറ്റമില്ലാതെ തുടരും. റിപ്പോര്‍ട്ടിന് എതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു


5 ഹയര്‍ സെക്കണ്ടറി വരെയുള്ള സ്‌കൂളുകളില്‍ പ്രിന്‍സിപ്പള്‍ ആയിരിക്കും ഭരണാധികാരി. ഇവിടെ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകും. ഈ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജില്ലാതല പ്രവേശ ഉത്സവം ബഹിഷ്‌കരിക്കും. വിദ്യാഭ്യാസ മന്ത്രിയെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷ അദ്ധ്യാപകര്‍ ഈ മാസം 20ന് നിയമസഭാ മാര്‍ച്ചും നടത്തും. സര്‍ക്കാര്‍ ഉത്തരവിന് എതിരെ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.
6 മലയോര ഹൈവെയുടെയും തീരദേശ ഹൈവെയുടെയും മറ്റ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെയും നിര്‍മാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. മലയോര ഹൈവെയുടെ നിര്‍മാണം 177 കിലോമീറ്ററില്‍ തുടങ്ങി കഴിഞ്ഞു. 13 ജില്ലകളിലും സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2020-ല്‍ പദ്ധതി പൂര്‍ത്തി ആക്കാനാണ് ലക്ഷ്യം. തീരദേശ ഹൈവെയുടെ നിര്‍മാണം അഞ്ച് ഭാഗങ്ങളിലായി തുടങ്ങിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ നടപടികള്‍ പുരോഗമിക്കുന്നു.
7 വൈറ്റില ഫ്‌ളൈഓവറിന്റെ നിര്‍മാണം 2019 ഡിസംബറിലും കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറിന്റെ നിര്‍മാണം. 2020 മാര്‍ച്ചിലും പൂര്‍ത്തിയാകും. ആലപ്പുഴ ബൈപ്പാസ്സിന്റെ നിര്‍മാണം മിക്കവാറും പൂര്‍ത്തിയായിട്ടുണ്ട്. മാഹി -തലശ്ശേരി ബൈപ്പാസ്സിന്റെ നിര്‍മാണം 24 ശതമാനം പൂര്‍ത്തിയായി. 2020-ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആണ് ലക്ഷ്യം. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തുടങ്ങിയവരും വിവിധ ജില്ലകളിലെ കലക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
8 കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ സഹമന്ത്രിയെ ശാസിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദിനെ കുറിച്ച് സഹമന്ത്രി കിഷന്‍ റെഡ്ഡി നടത്തിയ വിവാദ പരാമര്‍ശമാണ് അമിത് ഷായുടെ അനിഷ്ടത്തിന് ഇടയാക്കിയത്. അതിനിടെ, കേന്ദ്ര മന്ത്രിസഭയില്‍ ബംഗാളിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്ത്
9 ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളം ആവുക ആണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ വേരുകള്‍ ഹൈദരാ ബാദിലേയ്ക്ക് നീളുന്നു എന്നുമാണ് കിഷന്‍ റെഡ്ഡിയുടെ പരാമര്‍ശം. ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഹൈദരാബാദില്‍ തങ്ങുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്നും തെലങ്കാനയിലെ സെക്കന്ദ്രാബാദില്‍ നിന്നുള്ള എം.പി കൂടിയായ കിഷന്‍ റെഡ്ഡി പറഞ്ഞിരുന്നു.
10.ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രിയായി ചുമതല ഏറ്റെടുത്തത്. അമിത് ഷായും ധനമന്ത്രി നിര്‍മല സീതാരാമനും രാവിലെ രാജ്നാഥ് സിംഗിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. മുന്‍ഗാമിയായ സുഷമ സ്വരാജിന്റെ പാത പിന്തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.
11 മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റേണ്ട ആവശ്യം ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഷര്‍ട്ടൂരുന്നത് പോലെ ശൈലി മാറ്റണം എന്ന് ഫയുന്നത് സാധ്യമല്ല. ഇനി പിണറായി ശൈലിമാറ്റിയാല്‍ പോയ വോട്ട് തിരിച്ചു വരുമോ എന്നും കാനത്തിന്റെ ചോദ്യം. പിണറായി വിജയന്‍ വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ ഉണ്ട്. മാദ്ധ്യമങ്ങള്‍ ആണ് പിണറായിയുടെ ശൈലി മാറ്റത്തിന് ആയി വാശി പിടിക്കുന്നത് എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു