തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിക്കാൻ കഴിഞ്ഞുവെന്നതിനെക്കാൾ പ്രധാനപ്രശ്നം വോട്ടിംഗ് ശതമാനത്തിൽ വന്ന കുറവാണെന്ന് കോടിയേരി പറഞ്ഞു. 40 ശതമാനം വോട്ടിൽ നിന്ന് 5 ശതമാനം കുറവുണ്ടായി. വോട്ടിംഗ് 2004ൽ യു.ഡി.എഫിനുണ്ടായ അവസ്ഥയാണ് എൽ.ഡി.എഫിന് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. സ്ത്രീ - പുരുഷ സമത്വം ഇടതുപക്ഷ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ കോണ്‍ഗ്രസും ബിജെപിയും ആദ്യം സ്വാഗതം ചെയ്യുകയാണുണ്ടായത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. അത് മാത്രമാണ് ചെയ്തതത്. ചില സമുദായ സംഘടനകളാണ് ആദ്യം എതിർപ്പുമായി രംഗത്തെത്തിയത് ഇത് സുവർണാവസരമായിക്കണ്ട് ചിലർ രംഗത്തെത്തുകയും കോൺഗ്രസും ബി.ജെ.പിയും സമരത്തിൽ പങ്കാളികളാവുകയും ചെയ്തു. പിന്നീട് വലിയ തോതിലുള്ള പ്രചാരവേല നടന്നു.
നവോദ്ധാന സംരക്ഷണ സമിതിയാണ് വനിതാ മതിൽ സംഘടിപ്പിച്ചത്. വനിതാ മതിൽ വൻവിജയമായിരുന്നു. ഇത് ആർ.എസ്.എസുന്റെ അജണ്ട തകർക്കാനിടയാക്കി. ഇതോടെ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ആർ.എസ്.എസ്സിന്റെ അജണ്ട വിജയിക്കാതെപോയി. എന്നാൽ ജനുവരി ഒന്നിനുശേഷം വേണ്ടത്ര പ്രചാരം നടത്താൻ കഴിയാതെപോയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ അവസരത്തിൽ വീടുകൾ തോറും കയറിയുള്ള ബി.ജെ.പി - കോൺഗ്രസ് പ്രചാരണം തടയാൻ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതുമൂലം ഒരു വിഭാഗം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞു. പ്രചാരണത്തിൽ കുടുങ്ങി വിശ്വാസികളായ ഒരു വിഭാഗം ഇടതുപക്ഷത്തിനെതിരെ വോട്ടുചെയ്തു. വിശ്വാസികൾക്കിടയിൽ പ്രവർത്തിച്ച് ജനവിശ്വാസം വീണ്ടെടുക്കാൻ ഇടതുമുന്നണിക്ക് കഴിയുമെന്നും കോടിയേരി വ്യക്തമാക്കി.