പവന് ഇന്നലെ 240 രൂപ കൂടി ഗ്രാം വില 3,000 കടന്നു
കൊച്ചി: അന്താരാഷ്‌ട്ര വിപണിയുടെ ചുവടുപിടിച്ച് സംസ്‌ഥാനത്ത് ഇന്നലെ സ്വർണവില വൻ വർദ്ധന രേഖപ്പെടുത്തി. പവന് 240 രൂപ വർദ്ധിച്ച് വില 24,160 രൂപയായി. ഗ്രാമിന് 30 രൂപ വർദ്ധിച്ച് വില 3,020 രൂപയിലെത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 440 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ പത്തു ഗ്രാമിന് 300 രൂപ ഉയർന്ന് വില 33,170 രൂപയായി. വിവാഹ സീസൺ പ്രമാണിച്ച്, ജുവലറിക്കാരിൽ നിന്ന് മികച്ച വാങ്ങൽ ട്രെൻഡ് ഉണ്ടായതും ആഭ്യന്തര വില വർദ്ധിക്കാൻ കാരണമായി.
വിവിധ രാജ്യങ്ങൾക്കുമേൽ ഇറക്കുമതി നികുതി കൂട്ടാനുള്ള അമേരിക്കൻ നടപടിയെ തുടർന്ന്, ഓഹരി വിപണികൾ നേരിടുന്ന തളർച്ചയാണ് സ്വർണത്തിന് നേട്ടമാകുന്നത്. നിക്ഷേപകർ ഓഹരികളിൽ നിന്ന് പണം പിൻവലിച്ച് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ഒഴുക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും ആഭ്യന്തര സ്വർണവിലയെ മുന്നോട്ട് നയിക്കുന്നു. ഔൺസിന് 1,250 ഡോളറിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്നലെ 1,297 ഡോളറിലെത്തി.