ന്യൂഡൽഹി: രണ്ടാം എൻ.ഡി.എ സർക്കാരിലെ മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലിന്റെ ബിരുദം വ്യാജമെന്ന് റിപ്പോർട്ട്. രമേഷ് പൊക്രിയാലിന്റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകൾ വ്യാജമാണെന്ന് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഒന്നാം മോദി സർക്കാരിൽ ആദ്യം മാനവിഭവശേഷി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയും സമാന രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നീടാണ് സ്മൃതിയെ വകുപ്പ് മാറ്റി നിയമിക്കുന്നത്.
ഓപൺ ഇന്റർനാഷനൽ യൂണിവേഴ്‌സിറ്റി ഒഫ് കൊളംബോ എന്ന ശ്രീലങ്കൻ സർവകലാശാലയുടെ പേരിലുള്ള രമേഷ് പൊക്രിയാലിന്റെ രണ്ട് ഡിലിറ്റ് ബിരുദങ്ങൾ സംബന്ധിച്ചാണ് അവ്യക്തത. ശ്രീലങ്കയിൽ ഇത്തരമൊരു സർവകലാശാല പ്രവർത്തിക്കുന്നില്ലെന്നും ശ്രീലങ്കയിലെ സർവകലാശാല ഗ്രാന്റസ് കമ്മീഷൻ ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990 ൽ കൊളംബോ ഓപൺ സർവകലാശാല ഡി- ലിറ്റ് ബിരുദം നൽകിയെന്നും ശാസ്ത്രരംഗത്തെ സംഭാവനകൾക്കായ് ഇതേ സർവകലാശാല തന്നെ മറ്റൊരു ഡോക്ടറേറ്റ് നൽകിയെന്നുമായിരുന്നു രമേഷ് പൊക്രിയാലിന്റെ അവകാശവാദം.
പൊക്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവർഷം ഡെറാഡൂണിൽ നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലെ വിവരങ്ങളും അപൂർണമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.