hindi-

ചെന്നൈ: സ്കൂളുകളിൽ ഹിന്ദി നിർബന്ധ ഭാഷയാക്കുന്നതിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം.

സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ത്രിഭാഷ ഫോർമുലയുടെ ഭാഗമായാണ് ഹിന്ദിഭാഷാപഠനം നിർബന്ധിതമാകുന്നത്. കെ.കസ്തൂരിരംഗൻ കമ്മിറ്റിയാണ് ഫോർമുല സംബന്ധിച്ച നി‌ർദേശം കഴിഞ്ഞദിവസം മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാലിന് സമർപ്പിച്ചത്. ഒന്നാം മോദി സർക്കാരിന്റെ കാലമുതൽ വിവാദമുണ്ടാക്കിയ വിദ്യാഭ്യാസ നയമാണിത്. നിർദേശമുൾപ്പെട്ട ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. പുതിയ കരട് റിപ്പോർട്ടിന്മേൽ ഈ മാസം 30 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.

കമ്മിറ്റി നിർദേശം നടപ്പാക്കാനുള്ള ഏതു നീക്കത്തെയും ചെറുക്കുമെന്ന് ഡിഎംകെ എംപി കനിമൊഴി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു ഭാഷയും അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും താത്പര്യമുള്ളവർക്ക് ഏത് ഭാഷയും പഠിക്കാൻ കഴിയണമെന്നും നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസനും അഭിപ്രായപ്പെട്ടു.

ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി, ഇംഗ്ലീഷ്,​ ഒരു പ്രാദേശികഭാഷ എന്നിവ നിർബന്ധമായി പഠിപ്പിക്കുന്നതിനുള്ള നിർദേശമാണ് കസ്തൂരിരംഗൻ കമ്മിറ്റി മുന്നോട്ടുവച്ചത്. ഹിന്ദി സംസാരഭാഷയായിട്ടുള്ള സംസ്ഥാനങ്ങളിൽ ഹിന്ദി,​ ഇംഗ്ലീഷ്,​ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഒരു ആധുനിക ഭാഷ എന്നിങ്ങനെയാണ് നിർദേശം. എന്നാൽ,​ ഏതൊക്കെയാണ് ഈ ആധുനിക ഭാഷകളെന്ന് നിർദേശത്തിൽ പരാമർശമില്ല.

 കരട് നയത്തിലെ മറ്റ് പ്രധാന നിർദേശങ്ങൾ

സ്‌കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാരം കുറയ്ക്കുക

പാഠ്യവിഷയങ്ങളിൽ വിഷയ വിവേചനമില്ലാതെ കലയും യോഗയും ഉൾപ്പെടുത്തുക

അദ്ധ്യാപക പരിശീലനത്തിന്റെ കാലാവധി കൂട്ടുക

സ്വാകാര്യ, പൊതുവിദ്യാഭ്യാസ മേഖലയെ ഏകലക്ഷ്യത്തിൽ ഏകീകരിക്കുക

'' പുതിയ വിദ്യാഭ്യാസനയത്തിലൂടെ തമിഴ്‌നാട്ടിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കാനുള്ള നീക്കത്തെ എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തടയാൻ തങ്ങൾ തയാറാണ്. ഹിന്ദി നിർബന്ധമാക്കുന്നത് തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഒരു രീതിയിലും സഹിക്കാവുന്നതല്ല " - ഡിഎംകെ നേതാവ് ശിവ

 ട്വിറ്ററിലും പ്രതിഷേധം

തമിഴ്നാട്ടിലെ സ്കൂളുകളിൽ ഹിന്ദി മൂന്നാംഭാഷയാക്കുന്നതിനെതിരെ ട്വിറ്ററടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. #സ്റ്റോപ്പ്ഹിന്ദിഇംപോസിഷൻ എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം വ്യാപകമാകുന്നത്.