സെവിയ്യ: മുൻ സ്പാനിഷ് വിംഗർ ഹോസെ അന്റോണിയോ റയെസ് കാറപടകത്തിൽ മരണമടഞ്ഞു. 35 വയസായിരുന്നു. കഴിഞ്ഞ ദിവസം സ്പെയിനിലെ സെവിയ്യയ്ക്ക് സമീപം ജൻമനാടായ ഉട്രേയയിൽ വച്ച് റയെസ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴെക്ക് തെറിച്ച് വീണ് കത്തിയമരുകയായിരുന്നു. റയെസിനൊപ്പം കാറിലുണ്ടായിരുന്ന ബന്ധുവും മരിച്ചു. കാറിലുണ്ടായിരുന്ന മറ്രൊരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. തന്റെ ക്ലബായ എക്സ്ട്രീമഡുരയ്ക്കൊപ്പം പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായതെന്നാണ് വിവരം. റയെസിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
സ്പാനിഷ് ക്ലബ് സെവിയ്യയിലൂടെ പ്രഫഷണൽ ഫുട്ബാൾ കരിയർ ആരംഭിച്ച റയെസ് ആഴ്സനൽ, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബെൻഫിക്ക, എസ്പാനിയോൾ എന്നീ പ്രമുഖ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. ആഴ്സനലിനൊപ്പം പ്രിമിയർലീഗ് കിരീടവും എഫ്.എ കപ്പും സ്വന്തമാക്കി. സെവിയ്യയ്ക്കും അത്ലറ്രിക്കോ മാഡ്രിഡിനുമൊപ്പം യൂറോപ്പ ലീഗ് കിരീട നേട്ടത്തിലും പങ്കാളിയായി.സ്പെയിനിനായി 21 മത്സരങ്ങളിൽ കളത്തിലിറങ്ങിയ റയെസ് 4 ഗോളുകളും നേടി.