കൊച്ചി: സംസ്ഥാനത്ത് ആറിടത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയാകിനാല്ലെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ലോകസ്ഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മൂന്നാംസ്ഥാനത്തായിരുന്ന കെ.സുരേന്ദ്രൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാസർകോഡ് മഞ്ചേശ്വരത്ത് മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
എന്നാൽ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകാനുള്ള സാദ്ധ്യതകളും സുരേന്ദ്രൻ തള്ളിക്കളഞ്ഞു. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകണമായിരുന്നുവെങ്കിൽ അവിടെ തന്നെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമായിരുന്നു. പത്തനംതിട്ടയിൽ മത്സരിക്കാൻ ഇറങ്ങിയത് മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ല എന്ന് നേരത്തെ ത ന്നെ തീരുമാനിച്ചിട്ടാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. മഞ്ചേശ്വരത്ത് ഏതെങ്കിലും പ്രാദേശിക നേതാക്കൾ മത്സരിക്കട്ടെ എന്നും സുരേന്ദ്രൻപറഞ്ഞു
സോഷ്യല്‍ മീഡിയയില്‍ ‘ഉള്ളി’ എന്ന് വിളിച്ചുള്ള ട്രോളുകളും പ്രചാരണങ്ങളുമാണ് തനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് കഴിഞ്ഞപ്പോൾ ബൂത്തുകളില്‍ നിന്ന് കിട്ടിയ കണക്കനുസരിച്ച് ജയിക്കാനുള്ള സാദ്ധ്യത ഇല്ലെന്ന് മനസിലായെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗിന്റെ എം.എൽ.എ പി.ബി. അബ്ദുൾ റസാഖ് അന്തരിച്ച സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്. എം.എൽ.എമാരായ നാല് പേരാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. ഇവർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.. അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി പ്രതിനിധീകരിക്കുന്ന പാലാ നിയോജക മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.