കോട്ടയം: അഞ്ച് മാസത്തിലേറെ കുട്ടികൾക്ക് നേരെ ലെെംഗികാതിക്രമണം നടത്തിയ മദ്രസാ അദ്ധ്യാപകൻ പിടിയിലായി. ആലുവ കടുങ്ങല്ലൂർ സ്വദേശി യൂസഫിനെയാണ് വൈക്കം തലയോലപറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. മദ്രസയിൽ പഠിപ്പിക്കുന്ന സമയത്താണ് കുട്ടികളെ പ്രതി ലെെംഗികമായി ആക്രമിച്ചത്.
ആക്രമണത്തിന് ഇരയായി ഒരു പെൺകുട്ടി വീട്ടിൽ പറഞ്ഞപ്പോഴാണ് സംഭവം പുറത്ത് വന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം മഹല്ല് കമ്മിറ്റിയിൽ പറയുകയും പരാതി നൽകുകയും തുടർന്ന് യൂസഫിനെ പുറത്താക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പറഞ്ഞു. ഇതേതുടർന്ന് യൂസഫ് ഒളിവിൽ പോയി. സെെബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യൂസഫ് അറസ്റ്റിലാകുന്നത്.
യൂസഫ് രണ്ട് വർഷം മുമ്പാണ് അദ്ധ്യാപകനായി മണകുന്നത്ത് എത്തുന്നത്. കഴിഞ്ഞ ജനുവരി മുതൽ രണ്ടാഴ്ച മുമ്പ് വരെ പല ദിവസങ്ങളിലായി ലൈംഗികാക്രമണം നടന്നുവെന്നാണ് പൊലിസ് കണ്ടെത്തിയത്. എന്നാൽ ഒരു കുട്ടിയുടെ മാതാപിതാക്കൾ മാത്രമാണ് പൊലീസിന് പരാതി നല്‍കിയത്.