election-commision-

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ 373 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസം വന്നതിൽ വിശീദകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷന്റെ സൈറ്റിലെ വിവരങ്ങൾ പ്രകാരം പോൾ ചെയ്ത വോട്ടുകളെക്കാൾ കുറച്ച് എണ്ണിയതും കൂടുതൽ എണ്ണിയതുമായ സ്ഥലങ്ങളിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം.

കമ്മിഷൻ പുറത്തുവിട്ട് കണക്കുകൾ പ്രകാരം മണ്ഡലം തിരിച്ചുള്ള എണ്ണിയ വോട്ടുകളുടെ നമ്പറും നേരത്തെ പോൾ ചെയ്തതായി കമ്മിഷൻ സൈറ്റിൽ കാണിക്കുന്ന നമ്പറും തമ്മിൽ വ്യത്യാസം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ 373 മണ്ഡലങ്ങളിൽ വ്യത്യാസം കണ്ടതായി ദി ക്വിന്റ് ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.

എന്നാൽ വെബ്സൈറ്റിലെ നേരത്തെയുള്ള കണക്കുകൾ താത്കാലികമാണെന്നും മാറ്റങ്ങൾക്ക് വിധേയമാണെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കുന്നു. കൃത്യമായ കണക്കെടുപ്പിന് ശേഷം അവസാന കണക്കുകൾ വൈകാതെ പുറത്തുവിടുമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. അന്തിമ കണക്കുകൾ ഒരോ റിട്ടേണിംഗ് ഓഫീസർമാരിൽ നിന്ന് ശേഖരിച്ച് പ്രസിദ്ധീകരിക്കാൻ സമയമെടുക്കുമെന്നാണ് ഇലക്ഷൻ കമ്മിഷന്റെ വിശദീകരണം.

2014ലെ തിരഞ്ഞെടുപ്പിന് ശേഷം അന്തിമ കണക്കുകൾ പുറത്തുവിടാൻ മൂന്ന് മാസംവരെ എടുത്തിരുന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു.

373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ലെന്നായിരുന്നു ആരോപണം. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് 12,14,086 വോട്ടുകളാണ് പോൾ ചെയതതെന്ന് സൈറ്റിലെ കണക്കുകൾ. എന്നാൽ പുതിയ കണക്കുകളിൽ ഇവിടെ ആകെ എണ്ണിയത് 12,32,417 വോട്ടുകളാണ്. 18,331 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സമാനമായി ധർമപുരി മണ്ഡലം, ഉത്തർപ്രദേശിലെ മഥുര, ബിഹാറിലെ ഔറംഗബാദ് മണ്ഡലം എന്നിവിടങ്ങളിലെ കണക്കുകളും പ്രസിദ്ധീകരിച്ചിരുന്നു.