evm-machines

ബെംഗളൂരു: കർണാടക തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നിൽ വോട്ടിംഗ് യന്ത്രത്തിൽ നിന്ന് മാറി ബാലറ്റ് പേപ്പർ ഉപയോഗിച്ചതാണെന്നുള്ള തരത്തിൽ വ്യാപക പ്രചാരണം നടന്നിരുന്നു. കോൺഗ്രസ് നേടിയ വിജയം വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു എന്ന രീതിയിലും പ്രചരിച്ചു. കോൺഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തി മുന്നേറിയത് വോട്ടിങ് മെഷീനുകളെ ഒഴിവാക്കി ബാലറ്റ് പേപ്പർ ഉപയോഗിച്ചത് കൊണ്ടാണെന്ന് ചില മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു.

എന്നാൽ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. കർണാടകയിലെ തദ്ദേശ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിച്ചത് മുഴുവന്‍ ഇ.വി.എം മെഷീനുകൾ തന്നെയാണ്. സിറ്റി മുൻസിപ്പാലിറ്റി കോർപ്പറേഷൻ, ടൗൺ മുൻസിപ്പൽ കോർപ്പറേഷൻ, താലൂക്ക് പഞ്ചായത്ത് അടക്കം എല്ലാം നഗര പഞ്ചായത്ത് സംവിധാനങ്ങളിലും ഇ.വി.എം മെഷീനുകളാണ് ഉപയോഗിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നു.

മെയ് 29 നാണ് കർണാടകയിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്നത്. 1361 വാർഡുകളിലേക്കും 33 ടൗൺ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കും 22 താലൂക്ക് പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ പുറത്ത് വന്ന ഫലം പ്രകാരം കോൺഗ്രസ് 509 വാർഡുകളിലും ജെ.ഡി.എസ് 173 സീറ്റുകളിലും ബി.ജെ.പി 366 വാർഡുകളിലുമാണ് വിജയിച്ചത്. 160 സീറ്റുകളിൽ മറ്റുള്ളവരും വിജയിച്ചു. ലോക്‌സഭാ തിര‍ഞ്ഞെടുപ്പിൽ കർണാടകയിൽ 28ൽ 25 സീറ്റുകളും നേടി വലിയ വിജയം സ്വന്തമാക്കിയ ബി.ജെ.പി തദ്ദേശ തിരഞ്ഞെടുപ്പിൽ പിറകോട്ട് പോയിരുന്നു.