draft-national-education-

ചെന്നൈ: വിദ്യാലയങ്ങളിൽ മൂന്നാംഭാഷയായി ഹിന്ദി നിർബന്ധമായും പഠിപ്പിക്കണമെന്ന കേന്ദ്രതീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയ കരടിനെതിരെയാണ് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എതിർപ്പിന് കാരണമായത്. നിർബന്ധിത ഹിന്ദി പഠനത്തിനെതിരെ ട്വിറ്ററിൽ ക്യാമ്പയിനുകൾ പ്രചരിച്ചിരുന്നു.

ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ പ്രദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനും ഒപ്പം ഹിന്ദിയും നിർബന്ധമായും പഠിപ്പിക്കണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ ഡ്രാഫ്റ്റ് നാഷണൽ എഡ്യൂക്കേഷൻ പോളിസിയിൽ നിർദ്ദേശിക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിൽ വിദ്യാർത്ഥികൾ നിർബന്ധമായും പ്രാവീണ്യം നേടണമെന്നും പോളിസി വ്യക്തമാക്കുന്നു. മുൻ ഐ.എസ്.ആർ.ഒ മേധാവി കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം തയ്യാറാക്കിയ നിർദേശങ്ങൾക്കെതിരെ തമിഴ്നാട്ടിൽനിന്നുള്ള രാഷ്ട്രീയ കക്ഷികളാണു രംഗത്തെത്തിയത്

സംഭവം ചർച്ചയായതിനു പിന്നാലെ വിശദീകരണവുമായി മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ രംഗത്തെത്തി. റിപ്പോർട്ട് മാത്രമാണു വന്നതെന്നും ഇത് നയമല്ലെന്നും മന്ത്രി അറിയിച്ചു. ഇത് ഒരു നയമല്ല. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം കൂടി തേടും. ഒരു തെറ്റിദ്ധാരണ മാത്രമാണിത്. സംസ്ഥാനങ്ങളുടെ മുകളിൽ ഭാഷ അടിച്ചേൽപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

'ത്രീ ലാംഗ്വേജ് ഫോർമുല ' നടപ്പിലാക്കുന്നതോടെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ നിർബന്ധമായും ഹിന്ദി ഭാഷ പഠിക്കണമെന്ന തീരുമാനം ട്വിറ്ററിൻ വൻപ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. #StopHindiImposition and #TNAgainstHindiImposition എന്നീ ഹാഷ് ടാഗുകളിലാണ് ക്യാമ്പയിൻ. ഒരു ലക്ഷത്തിൽപ്പരം ട്വീറ്റുകളാണ് ചുരുങ്ങിയ സമയത്തിനകം ഹാഷ്ടാഗുകളിൽ പ്രചരിച്ചത്. ഡ്രാഫ്റ്റ് നാഷണൽ എഡ്യൂക്കേഷൻ പോളിസി നടപ്പിലാക്കാൻ സാധിക്കില്ലെന്ന് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.എ.ശെങ്കോട്ടയ്യൻ അറിയിച്ചു. തമിഴ്നാട്ടിലെ സ്കൂളുകളിൽ തമിഴും ഇംഗ്ലീഷും മാത്രമെ പഠിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.