പെട്ടെന്നൊരു ദിവസം താരമായതല്ല രമ്യയെന്ന് അടുത്തറിയുമ്പോൾ മനസിലാകും. കനലിൽ ചവിട്ടി നടന്ന അനുഭവങ്ങളുടെ കരുത്തുണ്ട് വാക്കുകൾക്കും കാഴ്ചപ്പാടുകൾക്കും. ഏതുചോദ്യമാണെങ്കിലും, എങ്ങനെയുള്ള വിമർശനമാണെങ്കിലും ഒരു പുഞ്ചിരി കൊണ്ടാണ് അവർ നേരിടുന്നത്. തങ്ങളെ ചേർത്തുപിടിച്ച ആളിന്റെ സത്യസന്ധത അറിഞ്ഞാവാം ആലത്തൂർ ഒരൊറ്റ മനസോടെ രമ്യയെ അംഗീകരിച്ചത്. കോഴിക്കോട് നിന്ന് സ്ഥാനാർത്ഥിയായി ചെന്നിറങ്ങുമ്പോൾ മൂന്നുജോഡി വസ്ത്രങ്ങൾ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. പ്രചാരണം എങ്ങനെ നടത്തുമെന്നു പോലും അറിയില്ലായിരുന്നു. എന്നിട്ടും രമ്യയ്ക്കൊപ്പം ആലത്തൂർ നിന്നു. വിജയമുറപ്പാണ് എന്ന രമ്യയുടെ ആത്മവിശ്വാസത്തിന്റെ കാരണവും മറ്റൊന്നായിരുന്നില്ല.
നന്നേ പുലർച്ചെ ആലത്തൂരിന്റെ അതിർത്തി വിട്ട് തമിഴ്നാട്ടിലേക്ക് ജോലിയ്ക്ക് പോകുന്ന പെൺകുട്ടികളെ രമ്യ കണ്ടിട്ടുണ്ട്. തുച്ഛമായ കൂലിക്ക് വേണ്ടി ഉറക്കവും കളഞ്ഞ് ജീവിതത്തിന്റെ രണ്ടറ്റത്തേക്കും ഓടി മടുത്ത കുറേ മുഖങ്ങൾ. അധികാരത്തിലെത്തുമ്പോൾ ഏറ്റവും ആദ്യം മുന്നിൽ കാണേണ്ടത് സാധാരണക്കാരെയാണെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാടിലാണ് രമ്യയ്ക്കെന്നും വിശ്വാസം. ''പോരാട്ടവീര്യമുണ്ടെങ്കിൽ നമുക്ക് മുന്നോട്ടു പോകാം, ആരെയും ഭയപ്പെടേണ്ട."" പ്ളാച്ചിമട സമരകാലത്ത് മയിലമ്മ സെക്രട്ടേറിയറ്റിൽ നടത്തിയ സമരത്തിൽ പങ്കെടുത്തപ്പോൾ അറിഞ്ഞ പാഠമാണത്. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിലെ ആദിവാസി കോളനികളിലെ കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനുള്ള പദ്ധതിയിലും രമ്യ സജീവമായി പ്രവർത്തിച്ചിരുന്നു. അന്നും അമ്പരപ്പിച്ചത് വിശ്വസിക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥയായിരുന്നു. സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുമെന്ന രമ്യയുടെ വാക്ക് ഒരുപാട് ജീവിതങ്ങൾക്കുള്ള ഉത്തരമാണ്.
അന്ന് കണ്ട ജീവിതങ്ങൾ പറഞ്ഞത്
എന്റെ പാർട്ടിയുടെ നിലപാട് പോലെ, രാഷ്ട്രീയപ്രവർത്തനം ആശയപരമാകണം എന്നാണ് ഞാനും വിശ്വസിക്കുന്നത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെയായിരുന്നു തുടക്കം. അമ്മ രാധ കോൺഗ്രസ് പ്രവർത്തകയായിരുന്നു, ബ്ളോക്ക് പഞ്ചായത്ത് അംഗവും. കോഴിക്കോട്ടെ കുറ്റിക്കാട്ടൂർ സ്കൂളിലായിരുന്നു പഠനം. സ്കൂളിലെ ഗാന്ധിദർശൻ ക്ളബിന്റെ സജീവപ്രവർത്തകയായിരുന്നു ഞാൻ. ചെറുപ്പം മുതലേ പാട്ടും നൃത്തവും കൂടെയുണ്ടായിരുന്നു. അതു നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. പ്രസംഗിച്ചു തുടങ്ങിയതും സ്കൂൾ പഠനകാലത്തായിരുന്നു. തുടർപഠനം മാവൂർ ഹൈസ്കൂളിലായിരുന്നു. പിന്നീട് ടി.ടി.സി കോഴ്സ് പൂർത്തിയാക്കി. 2007ൽ പി.വി. രാജഗോപാലിന്റെ നേത്വത്തിലുള്ള ഏക്താപരിഷത്ത് പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. കുറേ സംസ്ഥാനങ്ങളിൽ സഞ്ചരിക്കാൻ സാധിച്ചു. അവിടെ കണ്ടതും കേട്ടതുമായ അനുഭവങ്ങളെല്ലാം ജീവിതത്തെക്കുറിച്ച് വലിയ ഉൾക്കാഴ്ചയാണ് നൽകിയത്. പൊതുപ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ വിദേശരാജ്യങ്ങൾ സന്ദർശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
പാട്ട് അത്രമേൽ പ്രാണൻ
ഒരു പാട്ടു മൂളാത്ത, മനസു നിറയുവോളം പാട്ടുകൾ കേൾക്കാത്ത ഒരൊറ്റ ദിവസം പോലും രമ്യയുടെ ജീവിതത്തിലുണ്ടായിട്ടില്ല. കലാഭവൻ മണിയെ വളരെയധികം ഇഷ്ടപ്പെടുന്ന ആളായ രമ്യ, മണ്ണിന്റെ മണമുള്ള പാട്ടുകളാണ് അവയെന്നും വിലയിരുത്തുന്നു. ആ പാട്ടുകളിൽ ആളുകളുടെ ആവശ്യപ്രകാരം രമ്യ ഏറ്റവും കൂടുതൽ പാടിയതും ഹൃദയത്തോടു ചേർത്തുവയ്ക്കുന്നതും 'മിന്നാമിനുങ്ങേ"... എന്ന പാട്ടാണ്. അതു പാടുമ്പോഴും കേൾക്കുമ്പോഴും ഇപ്പോഴും കണ്ണ് നിറയാറുണ്ട്. കുറച്ചുവർഷങ്ങൾക്ക് മുമ്പ് കലാഭവൻ മണി പങ്കെടുത്ത 'പാട്ടുത്സവം" എന്നൊരു പരിപാടിയിൽ അവതാരകയായി പങ്കെടുത്തത് ജീവിതത്തിലെ വിലപിടിച്ച നിമിഷമാണ് രമ്യയ്ക്ക് ഇപ്പോഴും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു ദിവസം 69 പോയിന്റുണ്ടെങ്കിൽ 69 പോയിന്റുകളിലും പാടിയിട്ടുണ്ട്. ഒരു പാട്ട് പാടുമോ എന്നാണ് ജീവിതത്തിൽ ആദ്യമായി കാണുന്നവർ പോലും രമ്യയോട് ഇപ്പോഴും ചോദിക്കുന്നത്. നാടൻ പാട്ടായാലും പഴയ സിനിമാ പാട്ടുകളായാലും നന്നായി അറിയുന്നതിനാൽ തന്നെ ആരു പറഞ്ഞാലും പാട്ട് റെഡിയാണ്. യേശുദാസിന്റെ പാട്ടുകളോടും ഒരൽപ്പം ഇഷ്ടക്കൂടുതലുണ്ട്. നേരത്തെ ഒരു ചടങ്ങിൽ പാടിയ വീഡിയോ കണ്ടപ്പോഴാണ് ഗായികയാണെന്ന് നാടറിഞ്ഞത്.
അരിമുറുക്കും പിന്നെ കേട്ട പ്രസംഗവും
കുട്ടിക്കാലത്ത് അമ്മയുടെ വീട്ടിലായിരുന്നു രമ്യ ഏറെക്കാലം താമസിച്ചിരുന്നത്. അമ്മ രാഷ്ട്രീയപ്രവർത്തനത്തിന്റെ തിരക്കിലായതാണ് കാരണം. ഇന്ദിരാഗാന്ധിയുടെ വലിയ ആരാധകനായിരുന്നു അമ്മയുടെ അച്ഛൻ രാമൻ. എവിടെ രാഷ്ട്രീയ പ്രസംഗം നടന്നാലും കൊച്ചു രമ്യയെയും കൂട്ടി അങ്ങോട്ടു പുറപ്പെടും. പരിപാടിക്കിടെ കിട്ടുന്ന അരിമുറുക്കാണ് അങ്ങോട്ടേക്കുള്ള ആകർഷണത്തിന്റെ പ്രധാന കാരണമെങ്കിലും കുറേ കഴിയുമ്പോൾ കഥയങ്ങ് മാറും. നേതാക്കൾ പ്രസംഗിക്കുന്നതൊക്കെ പതുക്കെ പതുക്കെ ശ്രദ്ധിച്ചു തുടങ്ങും. അപ്പൂപ്പൻ എപ്പോഴും വീട്ടിൽ പറയുന്ന നേതാക്കളൊക്കെ എന്താണ് സംസാരിക്കുന്നതെന്ന് അറിയാനുള്ള കൗതുകമായിരുന്നു ആദ്യമെങ്കിൽ പിന്നീടത് ഉള്ളിൽ നിറയുന്ന ആവേശമായി മാറി. പിന്നെ പിന്നെ പ്രസംഗങ്ങൾക്ക് വിളിച്ചില്ലെങ്കിലും പോകുന്ന തരത്തിൽ അത് വളർന്നു. ഒരു പ്രസംഗവും വിട്ടുകളയാത്ത സ്ഥിതിയായി. വീട്ടിൽ വന്ന ശേഷം ആ പ്രസംഗങ്ങളൊക്കെ ഓർത്ത് ആരും കാണാതെ അവതരിപ്പിക്കും.
ഇന്ദിരയുടെ കൊച്ചുമോന്റെ ഷേക്ക് ഹാൻഡ്
രാഹുൽഗാന്ധിയുടെ ടാലന്റ് ഹണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടശേഷം ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രസംഗിക്കാൻ രമ്യയ്ക്ക് അവസരം കിട്ടിയിരുന്നു. ഇംഗ്ളീഷിലാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം പിന്നീടത് മലയാളത്തിലേക്ക് മാറ്റി. പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെ രാഹുൽ ഗാന്ധി അഭിനന്ദനമറിയിച്ചശേഷം ഷേക്ക് ഹാൻഡ് തന്നു. അഭിമാന നിമിഷമായിരുന്നു രമ്യയ്ക്കത്. തിരിച്ചു വീട്ടിലെത്തിയപ്പോൾ അപ്പൂപ്പൻ ഓടി വന്നു കൈ കവർന്നു, ഷേക്ക് ഹാൻഡ് തന്നശേഷം പറഞ്ഞു, ഇന്ദിരാഗാന്ധിയുടെ കൊച്ചുമോൻ ഷേക്ക് ഹാൻഡ് തന്ന കയ്യല്ലേ ഇത്, അപ്പൂപ്പന് മറ്റൊന്നും ഇനി വേണ്ടെന്ന്. പണ്ടൊരിക്കൽ അമ്മൂമ്മ പറഞ്ഞൊരു കാര്യം ഇപ്പോഴും രമ്യയ്ക്ക് ഓർമ്മയുണ്ട്, ഞാനൊക്കെ ഇന്ദിരാഗാന്ധിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു ആ പരാമർശം. അതെങ്ങനെ എന്ന സംശയം പുറത്തുവരുന്നതിന് മുമ്പ്, അമ്മൂമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു, ഇന്ദിരയുടെ സർക്കാരിന് വോട്ടു ചെയ്താൽ അത് ഇന്ദിരയ്ക്കുള്ള വോട്ടു തന്നെയല്ലേ മോളേ... ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാണെങ്കിൽ പോലും വീട്ടുജോലികളൊക്കെ ചെയ്യുമെന്ന് പറഞ്ഞായിരുന്നു, രമ്യയോടും വീട്ടുജോലിയും ചെയ്തു ശീലിക്കണമെന്ന് അമ്മൂമ്മ ശഠിച്ചിരുന്നത്.
പാർലമെന്റിൽ ആദ്യമല്ല
എം.പിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴല്ല രമ്യ ആദ്യമായി പാർലമെന്റിലെത്തുന്നത്. ഇതിനകം നിരവധി തവണ പാർലമെന്റ് സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മിക്കപ്പോഴും സംഘടനാതലത്തിലും മറ്റും യാത്രകളുടെ ഭാഗമായി ഡൽഹി സന്ദർശനം വരുമ്പോൾ നേതൃത്വം രമ്യയ്ക്കായിരിക്കും. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഡിസംബറിലാണ് കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളുടെ കൂടെ പാർലമെന്റ് സന്ദർശിച്ചത്. അന്ന് വിദൂരമായി പോലും ഒരംഗമായി അവിടെ എത്തുമെന്ന സ്വപ്നം മനസിലുണ്ടായിരുന്നില്ല. പക്ഷേ, ഒരു നിയോഗം പോലെ കാലം രമ്യയെ അവിടെയെത്തിച്ചു.
അയ്യപ്പനുണ്ട് മനസിലെന്നും
ദൈവവിശ്വാസിയാണ് രമ്യ. അങ്ങനെയാണ് വളർന്നു വന്നതും. ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ പാർട്ടിയുടെ നിലപാടിനൊപ്പമാണ് മനസ്. ശബരിമലയിൽ തന്നെ സ്ത്രീകൾക്ക് തുല്യത വേണമെന്ന നിലപാടിനോട് ഒട്ടും യോജിപ്പില്ല. സ്ത്രീകൾ ഉന്നതിയിലെത്തേണ്ട, തുല്യത നേടേണ്ട മറ്റു അനേകം രംഗങ്ങൾ ഇവിടെയുണ്ട്. അതിനാവണം മുഖ്യപരിഗണന നൽകേണ്ടത്. ഭൂരിപക്ഷമാളുകളുടെ വിശ്വാസത്തെ വേദനിപ്പിക്കരുത്. ഒരിക്കൽപ്പോലും മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുത് സ്വന്തം സ്വാതന്ത്ര്യമെന്ന് രമ്യ പറയുന്നു. അയ്യപ്പസ്വാമിയെ ഏറ്റവും കൂടുതൽ ആരാധിക്കുന്ന രമ്യ പിന്നെ മനസിൽ സൂക്ഷിക്കുന്നത് ഗുരുവായൂരപ്പനെയും ദേവിയെയുമാണ്.
സ്നേഹം കൊണ്ടു മൂടിയ നാട്ടുകാർ
കഴിഞ്ഞകാല ജീവിതത്തിലെ പ്രയാസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും രമ്യയുടെ കണ്ണു നിറയും. ആലത്തൂരിലെ അടച്ചുറപ്പില്ലാത്ത വീട്ടിലെ പെൺകുട്ടിയെ കണ്ടപ്പോൾ തന്റെ മുഖമായിരുന്നു രമ്യ അവളിൽ കണ്ടത്. എല്ലാവരും ഓണക്കോടിയുടെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഒന്നുമില്ലാതെ പോയ കാലം ഇന്നും മറന്നിട്ടില്ല. ആലത്തൂരിലെത്തിയപ്പോൾ കൈകൾ ശൂന്യമായിരുന്നു. പലസ്ഥലങ്ങളിലും ചെന്നപ്പോൾ പ്രചാരണത്തിനുള്ള ഫണ്ടിനൊപ്പം ഒരു ജോഡി വസ്ത്രവും അവർ സമ്മാനിച്ചു. ഇപ്പോൾ അറുപത്തിയഞ്ചു ജോഡി വസ്ത്രങ്ങളുണ്ട് കയ്യിൽ. ഞങ്ങളുടെ കുട്ടിക്ക് ഒരു കുറവും ഉണ്ടാകരുതെന്ന നിർബന്ധം നാട്ടുകാർക്കായിരുന്നു. ഈ സ്നേത്തിന്റെ കടപ്പാട് എങ്ങനെയാണ് ഞാൻ വീട്ടുന്നത്. വളരെ പാവപ്പെട്ടവരാണ് അവിടെയുള്ളത്. അവരുടെ ആവശ്യങ്ങൾ മാറ്റിവച്ചുള്ള തുകയാണ് എനിക്കായി കരുതിയത്. പെൻഷൻ തുക വരെ മടിയില്ലാതെ നീട്ടിയവരുണ്ട്. പണ്ടേ അറിയാമെന്ന മട്ടിലായിരുന്നു അവരുടെ സ്നേഹവും വിശ്വാസവും, പാർട്ടിക്കാരല്ലാത്തവർ പോലും സഹായിച്ചു.
കൂടെയുണ്ടെന്ന് സ്ത്രീകൾ പറഞ്ഞു
ഏതുവഴി പോകുമ്പോഴും എന്നെ കാണാനും കേൾക്കാനും കാത്തുനിന്നത് സ്ത്രീകളായിരുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ ചിരിച്ചു തള്ളണമെന്ന് പറഞ്ഞതും അവരായിരുന്നു. പൊതുരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹമുള്ള ഒരുപാട് പെൺകുട്ടികളുണ്ട്. അവർക്കുവേണ്ടി കൂടിയാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരനുഭവമുണ്ടായപ്പോൾ ഞാൻ പരാതിയുമായി മുന്നോട്ടുപോയത്. നാളെ പെൺകുട്ടികളാണ് ലോകം കീഴടക്കാനുള്ളത്. ഇങ്ങനെയുള്ള അനുഭവമുണ്ടാകുമ്പോൾ ആരും പതറി പോകാൻ പാടില്ല. ഒരു പാർട്ടിയുടെ ക്യാപ്റ്റനിൽ നിന്നാണ് ഇത്തരം വാക്കുകളുണ്ടായത്. ഇങ്ങനെ ഒരനുഭവം തന്നെ ആദ്യമാണ്. പെട്ടെന്ന് കേട്ടപ്പോൾ വേദനിച്ചെങ്കിലും അടുത്ത ദിവസം ആ സംഭവമേ ഞാൻ മനസിൽ നിന്നും കളഞ്ഞു. എന്നെ സ്നേഹിക്കുന്ന, എന്നെ സ്വന്തമാണെന്ന് കണ്ട നാട്ടുകാർ നൽകിയ പിന്തുണയാണ് കാരണം, വീട്ടുകാരും കൂടെ നിന്നു. വിവാഹത്തെക്കുറിച്ച് എല്ലാവരും ചോദിക്കുന്നുണ്ട്. വിവാഹം ജീവിതത്തിന്റെ ഭാഗം തന്നെയാണല്ലോ. എന്റെ പൊതുപ്രവർത്തന ജീവിതവുമായി ചേർന്നു പോകുന്ന ഒരാൾ വരട്ടെ. അച്ഛൻ ഹരിദാസ്, അമ്മ രാധ, അനിയൻ രജിൽ പി.എസ്.സി കോച്ചിംഗിന് പോകുന്നു.
ഒന്നും ഞാൻ മറന്നിട്ടില്ല
കൂടെപ്പിറപ്പിനോടുള്ള സ്നേഹമാണ് ആലത്തൂരിലെ ആളുകൾ എനിക്ക് തന്നത്. എന്റെ പാർട്ടിക്കാർ മാത്രമല്ല, എല്ലാ വിഭാഗം ആളുകളും നൽകിയ പിന്തുണ വലുതായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന്റെയന്ന് ഞാൻ പാടിയപ്പോൾ, ഇന്നയിന്ന പാട്ടുകൾ പാടൂ എന്ന് പറഞ്ഞവരിൽ എന്റെ പാർട്ടിക്കാരോടൊപ്പം മറ്റുള്ളവരുമുണ്ടായിരുന്നു. എല്ലാവർക്കും വേണ്ടിയാണ് അന്ന് ഞാൻ പാടിയത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങളുണ്ട്. ഒരു ദിവസം പ്രചാരണത്തിനിടെ എന്നെ അത്ഭുതപ്പെടുത്തിയ ഒരനുഭവമുണ്ടായി. അനൗൺസ്മെന്റ് വാഹനം മുന്നിൽ പോകുന്നുണ്ട്. വഴിയരികിലുള്ള ഒരു വീട്ടിലെ വീട്ടമ്മ എന്റെ പേര് മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ട് വെള്ളം കോരിക്കൊണ്ടിരിക്കുന്ന കയർ കയ്യിൽ നിന്നും വിട്ടു കളഞ്ഞ് ഓടി എന്റടുത്തെത്തി. ഞാനിങ്ങനെ അമ്പരപ്പോടെ ഈ കാഴ്ച കണ്ടു നിൽക്കുകയാണ്. എന്നെ പോലെ പുതിയ ഒരാൾക്ക് കിട്ടുന്ന അപൂർവഭാഗ്യമല്ലേ അത്. മറ്റൊരിക്കൽ ചക്കപ്പുഴുക്കുമായാണ് ഒരു വീട്ടമ്മ എന്നെ കാണാനെത്തിയത്. തിരക്കുണ്ടെന്ന് പറഞ്ഞിട്ടും അതു മുഴുവൻ കഴിപ്പിച്ചിട്ടേ എന്നെ അവർ വിട്ടുള്ളൂ. രാവിലെ മുതൽ വിശന്നിരിക്കുകയല്ലേ എന്നു പറഞ്ഞായിരുന്നു ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത എന്നോടുള്ള ഈ സ്നേഹം. ഞാൻ അനുഭവിച്ചിട്ടുള്ള, കടന്നുവന്ന യാഥാർത്ഥ്യങ്ങളൊന്നും തന്നെ മറക്കുന്ന ഒരാളല്ല ഞാൻ. എന്താണ് വേണ്ടതെന്ന് ആലത്തൂരുകാർ പറഞ്ഞില്ലെങ്കിൽ പോലും എനിക്കറിയാം. അവരിലൊരാളായി ഞാൻ എന്നുമുണ്ടാകും, ഇത് ഞാൻ എനിക്കു തന്നെ നൽകുന്ന ഉറപ്പാണ്.