സ്വർണം കൊണ്ടാണ് പണിയെങ്കിലും സുവർണ ഗാനങ്ങളുടെ കൂടെയാണ് മോഹൻദാസ് എന്ന സംഗീതപ്രേമിയുടെ ജീവിതം. മലപ്പുറം കോഡൂർ ചെമ്മൻകടവ് സ്വദേശിയായ കൊഴിഞ്ഞിപ്പറമ്പിൽ മോഹൻദാസ് അപൂർവ ശേഖരങ്ങൾക്ക് ഉടമ കൂടിയാണ്. പഴയ കാല പാട്ടുകളുടെ വൻ ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. രണ്ടായിരത്തിൽ പരം ഗ്രാമഫോൺ റെക്കോഡുകൾ, അത്രയും തന്നെ സി.ഡികൾ... അതിലെല്ലാം കൂടി ഇരുപതിനായിരത്തിൽ പരം സിനിമ,നാടക ,മാപ്പിളപ്പാട്ടുകൾ. ഒരുപക്ഷേ മറ്റാർക്കും അവകാശപ്പെടാനാകാത്ത വലിയൊരു സമ്പാദ്യം തന്നെയാണ് മോഹൻദാസിന്റെ പക്കലുള്ളതെന്ന് പറയാം.
മുത്തച്ഛൻ പകർന്നു തന്ന ആവേശത്തിൽ വീട്ടിൽ നിന്ന് കൈമോശം വന്ന ഗ്രാമഫോൺ തിരികെ പിടിച്ചു കൊണ്ടാണ് ഈ പാതയിലേക്കുള്ള രംഗപ്രവേശം. ഏതോ സാഹചര്യത്തിൽ വീട്ടിലുള്ള കാരണവൻമാർ വിറ്റ, ഏറെ പഴക്കമുള്ള ഗ്രാമഫോൺ ഒരു ചായക്കടയിൽ കണ്ടെത്തിയതോടെ മോഹൻദാസ് ചില്ലറ സ്വർണ പണികൾ ചെയ്തുസ്വരുക്കൂട്ടിയ പൈസ കൊടുത്ത് ഗ്രാമഫോൺ സ്വന്തമാക്കി.
കെ. ജെ. സത്താർ, ഗുൽമുഹമ്മദ്, സുരയ്യ എന്നിവരുടെ മാപ്പിളപ്പാട്ടുകൾ മൈക്ക് സെറ്റ്കാരുടെ കയ്യിൽ നിന്ന് അമ്പത് പൈസക്കും ഒരു രൂപക്കുമാണ് വാങ്ങിത്തുടങ്ങിയത്. ആദ്യം വാങ്ങിച്ചത് അവകാശി എന്ന ചിത്രം. തുടർന്ന് ജീവിത നൗക, വിശപ്പിന്റെ വിളി, രാരിച്ചൻ എന്ന പൗരൻ, മൂലധനം എന്നിവ സ്വന്തമാക്കി. പൂർവ്വ കാല മലയാള ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോഡുകൾ പരിശോധിച്ചാൽ 1950ൽ ഇറങ്ങിയ മലയാള സിനിമ ഗാനങ്ങൾ മിക്കവയും ഹിന്ദി ട്യൂൺ അനുകരിച്ച് വന്ന പാട്ടുകളായിരുന്നുവെന്ന് മോഹൻദാസ് പറയുന്നു. ഇക്കാലങ്ങളിൽ ഇറങ്ങിയ അമ്മ, പൊൻകതിർ, ജ്ഞാനസുന്ദരി, തിരമാല, പ്രേമലേഖ, വിധി തന്ന വിളക്ക് എന്നീ റെക്കോഡുകളും അറുപതുകളിൽ ഇറങ്ങിയ നീലക്കുയിൽ, ഉമ്മ, നാടോടി, മൂലധനം എന്നീ സിനിമകളുടെ റെക്കോഡുകളും മോഹൻദാസിന്റെ ശേഖരത്തിലുണ്ട്.
കർദാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ 1948ൽ വന്ന ദിൽ ലഗി എന്ന ഹിന്ദി സിനിമയിൽ ഷക്കീൽ ബദായുനിയുടെ രചനക്ക് നൗഷാദ് ഈണം പകർന്ന് ശ്യാം, സുരയ്യ എന്നിവർ ചേർന്ന് ആലപിച്ച ' തുമേരേ ചാന്ദ് മേ തേരീ ചാന്ദ്നി" എന്ന ഗാനത്തിന്റെ പരിഭാഷയാണ് 1950ൽ ഇറങ്ങിയ മലയാള ചിത്രമായ 'ശശിധര"നിലെ പാട്ടുകൾ.
'നീ എൻ ചന്ദ്രനേ
ഞാൻ നിൻ ചന്ദ്രിക..."
ബാബുരാജ് സംഗീതം നൽകിയ നിരവധി പാട്ടുകൾ ശേഖരത്തിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശേഖരത്തിൽ മുന്നിൽ നിൽക്കുന്നത് ബാബുരാജ് പാടിയ
'കൊയ്ത്തരിവാൾ ഏന്തിടുന്ന കൈകളിൽ
ഈ കൈവിലങ്ങ് കണ്ടിടുന്നതെന്തെ
കട്ട തല്ലി വിത്ത് പാകും കൂട്ടരെ...
ഈ ഒട്ടിയ വയർ കാൺമതെന്തേ
നെല്ല് കാക്കും പെൺകൊടിതൻ കണ്ണില്
ഈ കണ്ണീര് തങ്ങിനിൽപ്പതെന്തേ
പട്ടണത്തിന് ജീവനേകും കൂട്ടരേ
നിങ്ങൾ പട്ടിണിയിൽ നീറിടുന്നതെന്തേ..."
എന്ന ഗാനമാണ്.
നാടകനടി എന്ന പേരിൽ പ്രസിദ്ധിയാർജിച്ച നിലമ്പൂർ ആയിഷ നല്ലൊരു ഗായിക കൂടിയായിരുന്നുവെന്നതിന് സാക്ഷ്യം വഹിക്കുന്ന 'ഈ ദുനിയാവിൽ ഞാൻ ഒറ്റക്കാണ്" എന്ന നാടകത്തിലെ ആദ്യ ഗ്രാമഫോൺ റെക്കാഡ് എച്ച്. എം. ടി പുറത്തിറക്കിയിരുന്നു.
'അലങ്കാര പദവിയിൽ
കളിയാടും ഞാൻ
അരിമുല്ല മലരിലും
മഞ്ഞുകൊള്ളും ഞാൻ..."
അതേ നാടകത്തിലെ തന്നെ
'മലർമണം മധുഏറ്റ
മധുമാസ പുലരിക്ക്
മധുവും കാട്ടി എന്നും
മംഗലാ ദിനം കാത്തിട്ടിരിക്കും വീട്ടിൽ
ഇരിക്കും വീട്ടിൽ"
എന്ന ഗാനവും നിലമ്പൂർ ആയിഷ പാടിയതാണ്. ചരിത്രത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അപൂർവ ഗാനങ്ങളടങ്ങിയ ഗ്രാമഫോൺ റെക്കാർഡ് ശേഖരത്തിനുടമയായ മോഹൻദാസ് ദിവസവും ഒരുപാട്ടെങ്കിലും കേൾക്കും. സ്വർണപ്പണിയോടൊപ്പം നാണയശേഖരവും ഉണ്ട്. എട്ടാംക്ലാസ് വരെ പഠിച്ച 56 കാരനായ മോഹൻദാസ് എത്ര തിരക്കിനിടയിലും റെക്കാർഡ് ശേഖരണത്തിനായി സമയം കണ്ടെത്താറുണ്ട്.
1974 ൽ 100 രൂപക്ക് വാങ്ങിയ ഗ്രാമഫോണിന് ഇന്ന് ഒരു ലക്ഷം വരെ വില പറഞ്ഞിട്ടും അമൂല്യനിധി കൈവിടാൻ മോഹൻദാസ് തയ്യാറല്ല. പേര് കേട്ട മലപ്പുറം നേർച്ചയുടെ അവസാനത്തെ പെട്ടിവരവായ തട്ടാന്റെ പെട്ടിയുടെ നടത്തിപ്പുകാരായ പുരാതന വലിയങ്ങാടി തട്ടാൻ തറവാട് കുടുംബാംഗമാണ് കൊഴിഞ്ഞിപറമ്പിൽ മോഹൻദാസ്. മലപ്പുറം നേർച്ചയിൽ തട്ടാന്റെ പെട്ടി എന്നൊരു ചൊല്ല് തന്ന ഉണ്ടായിരുന്നു. സംഗീതത്തിന് അറ്റമില്ലാത്തതു പോലെ പാട്ട് തേടിയുള്ള തന്റെ യാത്രയ്ക്കും അവസാനമില്ലെന്ന് മോഹൻദാസ് ഒരു ചെറുചിരിയോടെ പറയുന്നു.