ഒരുപാട് കൊതിച്ചൊരു യാത്ര. പലവട്ടം പ്ലാൻ ചെയ്തിട്ടും നടക്കാതെ പോയ സ്വപ്നം. ഒടുവിൽ ആ ദിവസമെത്തി. എത്ര കാലമായി മനസിൽ കൊണ്ടുനടന്നിരുന്ന നിമിഷമായിരുന്നു അത്. ഇപ്പോഴും മനസിൽ മായാതെ മങ്ങാതെ കുളുവും മണാലിയും ആ സുന്ദര യാത്രയും അതുപോലെ തന്നെ തെളിഞ്ഞു നിൽപ്പുണ്ട്.
പുലർകാലത്തിന്റെ ആലസ്യത്തിൽ വളഞ്ഞും പുളഞ്ഞും നിറഞ്ഞൊഴുകുന്ന പുഴ. ഇരുവശവും കുത്തനെ താഴേക്കു തൂങ്ങിനിൽക്കുന്ന പൈൻ മരങ്ങൾ. ശീതകാലസഞ്ചാരികളെ മോഹിപ്പിക്കുന്ന തരത്തിൽ മഞ്ഞുവീഴുന്ന സ്ഥലങ്ങളാണ് കുളു മണാലിയും അതിനു താഴേക്കുള്ള കുന്നുകളും താഴ്വാരങ്ങളും. ഇവിടെ ശൈത്യകാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി ടൂറിസ്റ്റ് വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
അതിരാവിലെ പുറപ്പെട്ട എയർ ഇന്ത്യ ഡൽഹി വിമാനത്തിലാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. എകദേശം ഉച്ചയോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അവിടുന്ന് ഞങ്ങൾ മണാലിക്കു പോകുന്ന വീഡിയോ കോച്ച് ബസ്സിൽ യാത്ര തിരിച്ചു. തലസ്ഥാനത്തു നിന്ന് മണാലിയെത്താൻ ഏകദേശം പന്ത്രണ്ടു മണിക്കൂർ യാത്രയാണ്. കുറച്ചു ദില്ലി സ്പെഷ്യൽ ബട്ടൂരയും കഴിച്ചു അവിടുന്ന് യാത്രയായി. പിറ്റേദിവസം പുലർച്ചെ ആറു മണിയോടെ ഞങ്ങൾ മണാലിയിൽ എത്തി. അപ്പോഴേക്കും മഞ്ഞുവീഴ്ചയുടെ ശക്തി ഏറിയിരുന്നു. ഞങ്ങളുടെ ട്രാവൽ ഗൈഡ്സ് ബസ് സ്റ്റോപ്പിൽ വന്നു ഹോട്ടലിലേക്കു കൊണ്ടുപോയി. മഞ്ഞിൽ കുളിച്ച പ്രഭാതം. റൂമിലെത്തിയതോടെ മുറിയുടെ ജനാല തുറക്കാനുള്ള ആവേശമായി. അത്രയും മനോഹരമായിരുന്നു അവിടത്തെ കാഴ്ച. മലനിരകളിൽ നിന്നു വരുന്ന ചുടുനീരരുവികൾ കണ്ണിലിപ്പോഴും തെളിഞ്ഞുനിൽപ്പുണ്ട്. അധികസമയം അവിടെ ചെലവഴിക്കാൻ നിന്നില്ല. വേഗം തന്നെ കുളിച്ചൊരുങ്ങി ഗൈഡ് ഇമ്രാനൊപ്പം ഇറങ്ങി. ആദ്യം പോയത് അവിടുത്തെ പ്രധാന മാർക്കറ്റിലേക്കാണ്. കളർഫുൾ വസ്ത്രങ്ങളും ബാഗുകളും ഫാൻസി സാധനങ്ങളുമൊക്കെയായി വലിയൊരു വർണലോകമെന്ന് പറയാം. കണ്ട പാടെ ആവശ്യത്തിലധികം സാധനങ്ങൾ ഷോപ്പ് ചെയ്തു. അതിനിടയിൽ വിശപ്പ് പോലും മറന്നു. ഒടുവിൽ നാട്ടിലെ ചായക്കട പോലൊരു സ്ഥലത്ത് കയറി, അവിടത്തെ പ്രധാന വിഭവം നൂഡിൽസും മോമോയും. അപ്പോഴേക്കും സമയം ഏതാണ്ട് എട്ടു മണി കഴിഞ്ഞു. അതും വാങ്ങി കഴിച്ച് നേരെ റൂമിലേക്ക് മടങ്ങി.
നല്ല തണുപ്പും ക്ഷീണവും ഉണ്ടായിരുന്നതുകൊണ്ട് കട്ടിൽ കണ്ട പാടേ തന്നെ എല്ലാവരും ഉറക്കമായി. പിറ്റേ ദിവസം അതിരാവിലെ തന്നെ ഇമ്രാൻ ഞങ്ങളെ തേടിയെത്തി. അവിടത്തെ പ്രധാന അമ്പലമായ ഹഡിമ്പ ടെംപിളിലേക്കായിരുന്നു അടുത്ത യാത്ര. വളരെ പൗരാണികമായ ഒരു ക്ഷേത്രമാണ് ഹഡിമ്പ ടെംപിൾ. ഹഡിമ്പ ദേവിയാണ് അവിടത്തെ പ്രധാന മൂർത്തി. അവിടെ അല്പസമയം ചെലവഴിച്ച ശേഷം ഞങ്ങൾ റോട്ടാംഗ് മഞ്ഞുമലയിലേക്കു തിരിച്ചു. അതിമനോഹരമായ കാഴ്ച. വാക്കുകൾക്കും വർണനകൾക്കുമപ്പുറം. നേരിയ റോഡിലൂടെ ഞങ്ങൾ മല കയറി റോട്ടാംഗിൽ എത്തി. നിറയെ ഐസ് കട്ടകൾ. പല്ലുകൾ കൂട്ടിമുട്ടുന്ന തണുപ്പ്. ഏതാണ്ട് രണ്ടു മണിക്കൂറോളം ഞങ്ങൾ ആ കാഴ്ചകൾ കണ്ടു. തണുപ്പിന് ആശ്വാസമേകാൻ വഴിവക്കിൽ ചൂടുള്ള കാപ്പിയും ചണക്കടലയും കാത്തിരിപ്പുണ്ട്. എല്ലാത്തിനും സാമാന്യം നല്ല വില തന്നെ നൽകണം.
ഉച്ചകഴിഞ്ഞു ഞങ്ങൾ ചുരമിറങ്ങി. ചുറ്റിലും നിറയെ പൈൻ മരങ്ങൾ.
താഴേക്കിറങ്ങുന്തോറും തട്ടുകടകളും കാണാൻ തുടങ്ങി. അവിടെ പ്രധാന വിഭവം പൊള്ളിച്ച പുഴ മത്സ്യമായിരുന്നു. നാവിൻ കൊതിയൂറും സ്വാദ്. മക്കൾ രണ്ടാളും മത്സ്യം കൂട്ടാത്തവരായിട്ടും അവിടത്തെ പുഴമത്സ്യം കഴിച്ചു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഞങ്ങൾ തിരിച്ചു താമസസ്ഥലത്തേക്ക് പോയി. പിറ്റേദിവസം ബോട്ട്സവാരിയായിരുന്നു. റിവർ റാഫ്റ്റിംഗ് എന്നറിയപ്പെടുന്ന ഒരുതരം ബോട്ട് യാത്ര. അല്പം സാഹസികം തന്നെയാണ് ആ യാത്ര. കുതിച്ചൊഴുകുന്ന നദിയുടെ നടുവിലൂടെയാണ് ബോട്ട് ഡ്രൈവ്. ഏകദേശം പത്തു കിലോമീറ്ററോളം. തിരിച്ചിറങ്ങിയപ്പോൾ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസം. അതുകഴിഞ്ഞ് ഞങ്ങൾ മഞ്ഞിലൂടെ ഓടുന്ന ട്രെയിനിൽ കയറി. നല്ലൊരു അനുഭവമായിരുന്നു അത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത കുറച്ച് ദിവസങ്ങൾ. അങ്ങനെ ഒരുപാടു കണ്ടും കേട്ടും നല്ല കുറെ ഓർമകളുമായി പിറ്റേദിവസം ഞങ്ങൾ മണാലിയോട് യാത്ര പറഞ്ഞു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട യാത്രകളിലൊന്നായി കുളു മണാലി യാത്ര മനസിലുണ്ടാകും.