ആറുമാസത്തിന് മുമ്പ് വിശുദ്ധമായ പ്രണയത്തിന് വേണ്ടി നൂറാവർത്തി ചാകാനും ഒരുക്കമെന്ന കുമാരനാശാന്റെ കവിതാശകലവുമായി അരവിന്ദൻ വന്നു. ഉറ്റബന്ധുവായ ദിലീപനോട് ഈ ജന്മം സഫലമായി, ജീവിത പങ്കാളിയാകാനുള്ള പെൺകുട്ടിയെ കണ്ടെത്തി എന്നൊക്കെ അതിരറ്റ ആഹ്ലാദത്തോടെ പറഞ്ഞു. ഒരു ജന്മം മുഴുവൻ ജീവിക്കാനുള്ള പങ്കാളിയെ കണ്ടെത്തുമ്പോൾ എല്ലാ വശങ്ങളും അറിഞ്ഞിരിക്കണം. തകര മുളയ്ക്കുന്ന പോലുള്ള ഫേസ്ബുക്ക്, മൊബൈൽ ബന്ധങ്ങൾ താത്ക്കാലികമായിരിക്കുമെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ, മുഴുക്കുടിയനോട് മദ്യം കരളിനെ ഇഞ്ചിഞ്ചായി ദഹിപ്പിക്കുമെന്ന് പറഞ്ഞാൽ കേൾക്കുമോ? എങ്കിലും ആരോഗ്യകരമായ പ്രണയമേ കായ്ഫലം തരൂ എന്ന് ദിലീപ് പറഞ്ഞു.
നല്ല സാമ്പത്തിക അടിത്തറയുള്ള കുടുംബമാണ് അരവിന്ദന്റേത്. അച്ഛനും അമ്മയ്ക്കും അരവിന്ദനെപ്പറ്റി ഏറെ പ്രതീക്ഷകൾ. മകന് ഒരു താത്കാലിക ജോലിയാണ് കിട്ടിയത്. അതു സ്ഥിരമായിട്ട് കല്യാണം ആലോചിക്കാം എന്ന സമാധാനത്തിലാണവർ. ഒരു ദിവസം നാലഞ്ചു യുവാക്കൾ അരവിന്ദന്റെ അച്ഛനെ കാണാൻ വീട്ടിൽ വരുന്നു. സന്തോഷത്തോടെ ചായ കൊടുക്കാൻ നിർദേശിച്ചു. ഭാര്യ അടുക്കളയിലേക്ക് പോകുന്നതിനിടയിൽ ഒരു യുവാവ് അരവിന്ദന്റെ കല്യാണം കഴിഞ്ഞു, ഇതാണ് വധു എന്നു പറഞ്ഞു എവിടെയോ വച്ച് പൂമാലയിട്ട് നിൽക്കുന്ന അരവിന്ദന്റെയും ഒരു പെൺകുട്ടിയുടെയും ചിത്രം മൊബൈലിൽ കാണിച്ചു. ചായയുമായി വരുമ്പോൾ കലി തുള്ളി നിൽക്കുന്ന ഭർത്താവിനെയും ഗേറ്റ് കടന്നുപോകുന്ന യുവാക്കളെയുമാണ് ഭാര്യ കാണുന്നത്. ഈ വിവരം നാട്ടുകാരിൽ ചിലർ പറഞ്ഞാണ് ദിലീപ് അറിഞ്ഞത്. എങ്ങനെ ആശ്വസിപ്പിക്കും, ശരിയും തെറ്റും എങ്ങനെ നിർണയിക്കും? ഈ ആശങ്ക മൂലം ദിലീപിന് അരവിന്ദന്റെ വീട്ടിലേക്ക് പോകാനും മനസ് വന്നില്ല.
ഒരാഴ്ച മുമ്പ് ദിലീപിന്റെ വീട്ടിലേക്ക് അരവിന്ദൻ ആകെ തകർന്ന മട്ടിലെത്തി. കരയും വെള്ളവുമില്ലാത്ത താറാവിന്റെ അവസ്ഥയിലാണ് താനെന്ന ആമുഖത്തോടെ കുടിക്കാൻ കുറെ വെള്ളം ആവശ്യപ്പെട്ടു. കുടിക്കുന്നതിനിടയിൽ വെള്ളം തെറിച്ചു വീണതാണോ എന്ന മട്ടിൽ അയാളുടെ കണ്ണുകളിൽ നനവ് പറ്റിയിരുന്നു. ഇംഗ്ലീഷ് ക്ലാസിലെന്ന പോലെ അയാളുടെ പുതിയ ദാമ്പത്യജീവിതം ഒരു ഔട്ട്ലൈൻ സ്റ്റോറിയായി പറഞ്ഞൊപ്പിച്ചു. 22 ദിവസമേ അവളോടൊത്ത് ജീവിച്ചുള്ളൂ. അതുതന്നെ ഇരുപത്തിരണ്ട് വർഷം പോലെ തോന്നുന്നു. ആദ്യരാത്രി ഒരു കടങ്കഥയായി. ഓരോ രാത്രിയും കാളരാത്രി. സ്വന്തം ജീവൻ രക്ഷിക്കാനുള്ള തത്രപ്പാട്. എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ ബ്ലേഡ് എടുക്കും. ചോര കണ്ടാൽ ആശ്വാസത്തോടെ ചിരിക്കും.
കായികാഭ്യാസികളെപ്പോലെ പല അടവുകൾ പുറത്തെടുക്കും. വാടകയ്ക്കെടുത്ത വീട്ടിൽ പങ്കാളിയും ചവിട്ടും തൊഴിയും നിശബ്ദം സഹിക്കും. ഓരോ പുരുഷനോടുള്ള മുൻവൈരാഗ്യം പോലെ അതുമിതും വിളിച്ചു പറയും. നിന്നെ സ്വൈര്യമായി ജീവിക്കാൻ വിടില്ല. വേണ്ടി വന്നാൽ കൊല്ലും. സന്തോഷത്തോടെ ജയിലിൽ കിടക്കും. എന്റെ വീട്ടിൽ മൂന്ന് മാസം ഒരു മുറിയിൽ വാതിലും പൂട്ടി ഒറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അവൾ വിളിച്ച് പറയും. എങ്ങോട്ട് പോകും ആരോട് പറയും. തങ്ങളെ വേദനിപ്പിച്ചതിനുള്ള ശിക്ഷയെന്ന് അച്ഛനമ്മമാർ പറയും. തൊലി വെളുപ്പ് കണ്ട് ഈയാം പാറ്റ പോലെ പ്രണയ വെളിച്ചത്തിൽ ചിറകറ്റെന്ന് നാട്ടുകാരും ബന്ധുക്കളും കളിയാക്കും. പൊലീസിൽ അറിയിച്ചു. അവർ നിസഹായരാണ്. മനഃശാസ്ത്രജ്ഞനെ കണ്ടു. പുതിയ ഒരു കേസാണ്, ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹത്തിന്റെ പക്ഷം. എന്തായാലും നന്മയുള്ള പൊലീസ് അവളെ അമ്മയുടെ അടുത്ത് കൊണ്ടാക്കി. ആത്മഹത്യ ഭീരുത്വമാണെന്നറിയാം. പക്ഷേ എങ്ങനെ ജീവിക്കാൻ. എവിടെ പോയാലും അവൾ പിന്നാലെ തിരക്കിയെത്തും. എന്റെ ജീവൻ ഇപ്പോൾ കടലാസ് പട്ടം പോലെ.
എങ്ങോട്ടു വേണമെങ്കിലും പോകാം. അതിന് മുമ്പ് കഴിയുന്നത്രപേരോട് ഒന്നും തിരക്കാതെ പ്രണയത്തിന്റെ പൊട്ടക്കിണറ്റിൽ ചാടരുതെന്ന് ഉപദേശിക്കണം. ഞാനേതായാലും തകർന്നു. കുറേപ്പേരെയെങ്കിലും രക്ഷിക്കാനാവുമെങ്കിൽ അതാകട്ടെ ഈ ജന്മം കൊണ്ടുള്ള ഒരു നല്ല കാര്യം. തുണി സഞ്ചിയുമെടുത്ത് അരവിന്ദൻ പോകാനൊരുങ്ങുമ്പോൾ ദിലീപൻ അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് പോക്കറ്റിലിടാൻ ശ്രമിച്ചു. സ്നേഹപൂർവം അരവിന്ദൻ തടഞ്ഞു. വേണ്ട... ഒരു വീട്ടാക്കടം കൂടി വേണ്ട. കഴിയുമെങ്കിൽ അച്ഛനമ്മമാരെ ഇടയ്ക്കിടെ പോയി ഒന്ന് ആശ്വസിപ്പിക്കണം. ഏതു ലോകത്തായാലും ഞാൻ നന്ദിയുള്ളവനായിരിക്കും. സ്വന്തം നിഴലിനെ മുന്നിലാക്കി അരവിന്ദൻ നടന്നു.
(ഫോൺ: 9946108220)