അമ്പതുവർഷത്തെ സാർത്ഥകമായ സിനിമാചരിത്രം, 82-ാം വയസ്സിലേക്ക് കടക്കുന്ന ജീവിതം, വാങ്ങിക്കൂട്ടിയ പുരസ്കാരങ്ങളേക്കാളും സന്തോഷം അനുഭവിക്കുന്നുണ്ട് ഇപ്പോൾ പ്രശസ്ത സംവിധായകൻ കെ.പി. കുമാരൻ. വർഷങ്ങളായി താൻ ആഗ്രഹിച്ചിരുന്ന ഒരു സിനിമ പൂർത്തിയാകുന്നതിന്റെ സന്തോഷമുണ്ട് അദ്ദേഹത്തിന്. അതിലുപരി മലയാളി പൂർണ്ണമായി മനസിലാക്കാതെ പോയ ഒരു മഹാവ്യക്തിത്വത്തെ തന്റെ മാദ്ധ്യമമായ സിനിമയിലൂടെ രേഖപ്പെടുത്താനാവുന്നതിന്റെ സാഫല്യവും ആ മുഖത്തുണ്ട്. കുമാരനാശാൻ എന്ന അധികം ചിത്രീകരിക്കപ്പെടാതെ പോയ അസാധാരണ വ്യക്തിത്വം കവി എന്നതിലുപരി എന്തൊക്കെയായിരുന്നുവെന്ന് വരച്ചുകാട്ടുകയാണ് 'കാലം പിന്നെയും കഴിഞ്ഞു" എന്ന ചിത്രത്തിലൂടെ ഈ സംവിധായകൻ. തന്റെ പുതിയ സിനിമയെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
എന്തുകൊണ്ട് കുമാരനാശാനെ കുറിച്ച് ചലച്ചിത്രം?
ആധുനിക കാലത്തെ ഏറ്റവും വലിയ മലയാളിയായിട്ടാണ് കുമാരനാശാനെ ഞാൻ കാണുന്നത്. മറ്റൊരാളുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്താനാവില്ല. ആധുനിക കേരളത്തിന്റെ സ്വത്വസൃഷ്ടിക്ക് കുമാരനാശാനോളം സംഭാവന ചെയ്ത ആളില്ല. കുമാരനാശാനും മലയാള സിനിമയും എന്നതാണ് വിഷയമാക്കേണ്ടത്. ഒരു സിനിമയുടെ കാലപരിധിയിൽ ഒതുക്കാവുന്നതല്ല അദ്ദേഹത്തെ. എന്നെപ്പോലെ മിനിമം ബഡ്ജറ്റിൽ സിനിമ ചെയ്തിട്ടുള്ള ആളിന്റെ ഫ്രെയിംവർക്കിൽ ഒതുങ്ങുന്ന വ്യക്തിത്വവുമല്ല കുമാരനാശാന്റേത്. 21ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചിന്ത കുമാരനാശാനിൽ തുടങ്ങേണ്ടിയിരിക്കുന്നു എന്നതാണ് ഈ സിനിമ വൈകിയ വേളയിൽ ചെയ്യാനുള്ള എന്റെ പ്രേരണ. കുമാരനാശാനിലേക്ക് ഒരു ടോർച്ച് ലൈറ്റ് അടിക്കുകയാണ് ഈ സിനിമയിലൂടെ ഞാൻ ചെയ്യുന്നത്. മലയാള സാംസ്കാരിക രംഗത്തെ ഏറ്റവും പ്രാധാന്യമുള്ള വിഷയം ഈ സിനിമയുടെ സൃഷ്ടിയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
കുമാരനാശാനെ മനസിലാക്കുന്നതിൽ മലയാളി പരാജയപ്പെട്ടുവോ?
95 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ ഒരു മനുഷ്യൻ. പലരീതിയിലാണ് ആളുകൾ അദ്ദേഹത്തെ മനസിലാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കവിതകളെ കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ മലയാളികളുടെ മനസ്സിൽ അദ്ദേഹത്തെ പൂർണമായി രേഖപ്പെടുത്തിയിട്ടില്ല. 20 വർഷം കൊണ്ട് ഈ മനുഷ്യൻ ചെയ്തിരിക്കുന്ന ജോലി നമ്മുടെ രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും ബുദ്ധിജീവികളുമെല്ലാം വീണ്ടും വീണ്ടും പഠിക്കേണ്ടതാണ്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ്. അഖില കേരളാടിസ്ഥാനത്തിൽ സംഘടന കെട്ടിപ്പടുത്ത ആളാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് പല ഘട്ടങ്ങളായി വിദ്യാഭ്യാസം ചെയ്ത് 18ാം വയസിൽ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായി. പിന്നീട് രണ്ടു വർഷത്തോളം കൊൽക്കത്തയിൽ താമസിച്ച് വിദ്യാഭ്യാസം നേടി. എസ്.എൻ.ഡി.പി യോഗം എന്ന സംഘടനയുടെ സെക്രട്ടറിയായി 15 വർഷം പ്രവർത്തിച്ചു. മുഖപത്രത്തിന്റെ പത്രാധിപരായിരുന്നു.
തിരുവിതാംകൂർ ജനപ്രതിനിധികളുടെ ശ്രീമൂലം പ്രജാസഭയുടെ അംഗമായിരുന്നു. തിരുവിതാംകൂർ നിയമസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. ആ സ്ഥാനങ്ങളിലിരുന്ന് ഇവിടുത്തെ അധഃകൃതരുടെ ഉന്നമനത്തിനായി അദ്ദേഹം ചെയ്തിരുന്നതെല്ലാം ചരിത്രരേഖകളാണ്. ജാതിക്കെതിരെ അംബേദ്കർ മൂവ്മെന്റ് തുടങ്ങുന്നതിന്റെ എത്രയോ വർഷം മുമ്പ് കുമാരനാശാൻ ജാതിക്കെതിരെ യുദ്ധം ആരംഭിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദർശനം പ്രായോഗികമാക്കിയത് യഥാർത്ഥത്തിൽ കുമാരനാശാനാണ്. കവിതയിലും സാമൂഹിക പ്രവർത്തനത്തിലും വിപ്ളവം നടത്തി. നിയമസഭയിലും സജീവമായി ഇടപെടൽ നടത്തി. 'ചിന്താവിഷ്ടയായ സീത"യുടെ നൂറാം വർഷമാണ് ഇപ്പോൾ. പല ലേഖനങ്ങൾ വരുന്നുണ്ട് ആ കവിതയെക്കുറിച്ച്. ചിന്താവിഷ്ടയായ സീതയിൽ ഇന്ന് നാം പറയുന്ന സ്ത്രീ വിമോചനത്തിന്റെ തുടക്കമുണ്ട്. സീത ശ്രീരാമനെ ചോദ്യം ചെയ്യുന്നുണ്ട്. അതുപക്ഷേ, ഇന്നത്തെ സ്ത്രീ വിമോചക പ്രവർത്തകർ അത് തിരിച്ചറിയുന്നില്ല എന്നത് കുമാരനാശാന്റെ കുറ്റമല്ല.
സിനിമയെക്കുറിച്ച്?
'കാലം പിന്നെയും കഴിഞ്ഞു" എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു. കുമാരനാശാനെ കുറിച്ച് സിനിമയെടുക്കാൻ ആഗ്രഹിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഇപ്പോഴാണത് സാധ്യമായത്. മൂന്നുമാസം കൊണ്ട് തിരക്കഥയെഴുതി ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു. കൊച്ചിയിലായിരുന്നു ഷൂട്ടിംഗ്. പെരുമ്പടം, കാലടി, മലയാറ്റൂർ, ആലുവ അദ്വൈതാശ്രമം അവിടെയൊക്കെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഇപ്പോൾ എഡിറ്റിംഗ് നടക്കുന്നു. അറിയപ്പെടുന്ന ഒരു മുഖമോ, ഒരു സിനിമാതാരമോ ഇല്ല ഈ ചിത്രത്തിൽ. സംഗീതജ്ഞനായ ശ്രീവത്സൻ ജെ മേനോൻ ആണ് പ്രധാനവേഷത്തിൽ. എന്നാൽ ടെക്നീഷ്യന്മാരെല്ലാം പ്രഗത്ഭരാണ്. കെ.ജി ജയൻ (കാമറ), കൃഷ്ണനുണ്ണി (സൗണ്ട്), ബി. അജിത്കുമാർ (എഡിറ്റിംഗ്), സന്തോഷ് രാമൻ (പ്രൊഡക്ഷൻ ഡിസൈനർ) എന്നിങ്ങനെ ഒരു നിര തന്നെയുണ്ട് അണിയറയിൽ. പ്രത്യേക ഫോർമാറ്റിൽ ഒരുക്കുന്ന ഒരു പരീക്ഷണം കൂടിയാണ് ഈ സിനിമ. സിനിമ പൂർത്തിയാകുന്നതിന് മുമ്പ് ഒരു അവകാശവാദത്തിന് മുതിരാനില്ല.
സിനിമയുടെ വിജയത്തെകുറിച്ച് ചിന്തിക്കുന്നില്ലേ?
എന്നെ സംബന്ധിച്ച് വർഷങ്ങളായി മഹാവിസ്മയമായി കാണുന്ന മനുഷ്യനെ കുറിച്ച് എന്റെ മാദ്ധ്യമത്തിൽ അവതരിപ്പിക്കാനുള്ള വളരെ ദുർബലമായ ശ്രമമായാണ് ഈ സിനിമയെ ഞാൻ കാണുന്നത്. കേരളത്തിന്റെ, അവകാശപ്പെടുന്ന സാംസ്കാരികതയുടെ യഥാർത്ഥ മുഖമെന്തെന്ന് കാണിക്കുന്നതാവും ഈ സിനിമയും എന്റെ സിനിമാജീവിതവും. സത്യത്തിൽ സിനിമയുടെ വിജയപരാജയത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ജനത്തിന്റെ അംഗീകാരത്തെക്കുറിച്ച് പോലും ചിന്തിക്കുന്നില്ല. ഇതുപോലെ ഒരു സിനിമ ചെയ്യാൻ പറ്റി എന്ന സന്തോഷത്തിലാണ് ഞാൻ. 82-ാം വയസിലേക്ക് കടക്കുകയാണ്. മലയാള സിനിമ എങ്ങോട്ടാണ് പോകുന്നത് എന്നതിനെ കുറിച്ചൊന്നും എനിക്കറിയില്ല. പക്ഷേ, ഞാൻ പൂർണ്ണ സന്തോഷത്തിലാണ്. സിനിമ എന്ന മാദ്ധ്യമത്തിൽ കാര്യമായ ശ്രമം നടത്താൻ പറ്റി എന്നതാണ് ആ സന്തോഷം.