ഒരു സിനിമയെ വലിയൊരു പായ് വഞ്ചിയോട് ഉപമിച്ചാൽ സംവിധായകൻ തന്നെയാണ് അതിന്റെ കപ്പിത്താൻ എന്നു പറയേണ്ടി വരും. സിനിമ എന്ന സർവകലകളുടെയും സംഗമകേന്ദ്രത്തിന്റെ വിജയ പരാജയങ്ങൾക്കിടയിലെ കാരണങ്ങൾ നിരവധിയാണെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് വിജയതീരത്തണയ്ക്കാൻ ഒരു മികച്ച സംവിധായകനേ കഴിയൂ.
എന്നാൽ സിനിമയെ സംബന്ധിച്ചിടത്തോളം എത്ര തന്നെ മികച്ച സംവിധായകനായാലും കഴിവുറ്റവർ ഒപ്പമില്ലെങ്കിൽ തന്റെയുള്ളിലെ ആശയത്തെ മികവാർന്ന രീതിയിൽ പ്രേക്ഷകന് മുന്നിലെത്തിക്കാൻ കഴിഞ്ഞുവെന്നു വരില്ല. ആ മികവിനൊപ്പം നിൽക്കുന്നവർക്ക് സിനിമയ്ക്കുള്ളിലെ പേരാണ് അസോസിയേറ്റ്, അസിസ്റ്റന്റ് ഡയറക്ടർമാർ. ചരിത്രം സൃഷ്ടിച്ച പല സിനിമകളുടെയും അണിയറയിലേക്ക് കണ്ണോടിച്ചാൽ കാണാൻ കഴിയും മിടുക്കരായ ഇത്തരം സഹസംവിധായകരുടെ പങ്കെന്താണെന്ന്. അത്തരത്തിൽ സിനിമയെ തന്റെ ജീവശ്വാസമായി കൊണ്ടു നടക്കുന്ന യുവസംവിധായകനാണ് സാബു സർഗം.
പതിനെട്ട് വർഷത്തിലധികമായി മലയാള സിനിമയുടെ പിന്നണിയിൽ ഒരു നിശബ്ദ സാന്നിധ്യമായി സാബുവുണ്ട്. പേരിനൊപ്പമുള്ള സർഗത്തിന് മലയാള സിനിമയായ സർഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യമുയരാം. ഹരിഹരൻ സംവിധാനം ചെയ്ത സിനിമയുമായി ബന്ധമില്ലെങ്കിലും സർഗം എന്ന വാക്ക് സാബുവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. കോളേജ് പഠനകാലത്ത് ഒരു സംഘം സുഹൃത്തുക്കളുമായി ചേർന്ന് രൂപീകരിച്ച ട്രൂപ്പായിരുന്നു സർഗം. തൊണ്ണൂറിന്റെ അവസാന കാലഘട്ടത്തിൽ സർഗം പിറവിയെടുക്കുമ്പോൾ തിരുവന്തപുരത്ത് വളരെ വിരളമായേ ഇത്തരം ട്രൂപ്പുകളുള്ളൂ. പിന്നീട് മലയാള സിനിമയിലെ ഒരു പിടി മികച്ച കലാകാരന്മാരെ അണിനിരത്തി സർഗത്തെ കലാപ്രേമികൾക്കിടയിൽ അവതരിപ്പിക്കാൻ സാബുവിനും സുഹൃത്തകൾക്കുമായി. ഇതിനിടയിൽ മലയാള സിനിമയിലേക്ക് ചുവടെടുത്തു വച്ച ഈ കലാകാരൻ, പി എൻ മേനോൻ , അശോക് ആർ നാഥ്, രാമചന്ദ്രബാബു എന്നിവരുടെ സംവിധാന സഹായിയായി മാറി. അതേ സമയത്തു തന്നെ ഡബ്ബിംഗ് മേഖലയിലും തന്റെ സാന്നിധ്യമറിയിക്കാൻ സാബുവിനായി. ഇതിനോടകം ഇരുനൂറിലധികം സിനിമകളിൽ ശബ്ദസാന്നിധ്യമായി മാറിക്കഴിഞ്ഞു ഈ കലാകാരൻ. കാരുണ്യ ലോട്ടറിയുടെ പ്രചരണാർത്ഥം സംസ്ഥാന സർക്കാർ നിർമ്മിച്ച പരസ്യചിത്രത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്തിനു വേണ്ടി ശബ്ദം നൽകിയത് സാബു സർഗമായിരുന്നു.
ഛായാഗ്രാഹകനായ രാമചന്ദ്രബാബു. ദിലീപിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രം പ്രൊഫസർ ഡിങ്കന്റെ അസോസിയേറ്റ് ഡയറക്ടറാണ് സാബു ഇപ്പോൾ. ത്രീഡി സാങ്കേതിക വിദ്യയിൽ പ്രേക്ഷകന് മുന്നിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്ന ഡിങ്കന്റെ പൂർത്തീകരണത്തിനായി രാമചന്ദ്രബാബുവിനൊപ്പം വർഷങ്ങൾ നീണ്ട ഗവേഷണത്തിൽ ഈ യുവ സംവിധായകൻ വഹിച്ച പങ്ക് ചെറുതല്ല. ആ പരിശ്രമം കൊണ്ടുവന്ന വിശ്വാസം ഒന്നുകൊണ്ടുതന്നെയാകം നീ ഒരു നല്ല സിനിമ ചെയ്യ് ഞാൻ നിർമ്മിച്ചോളാം എന്ന ഉറപ്പ് ഡിങ്കന്റെ നിർമ്മാതാവായ സനൽ തോട്ടത്തിൽ നിന്ന് സാബുവിന് ലഭിച്ചത്. ആ ആത്മവിശ്വാസത്തിൽ മലയാളത്തിലെ ഒരു യുവ സൂപ്പർതാരത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന തന്റെ ആദ്യ ചിത്രത്തിന്റെ പണിപ്പുരയിലാണ് സാബു.