ധാന്യവിളകൾ
ഒന്നാംവിള നെൽകൃഷി (വിരിപ്പൂ), കരനെൽകൃഷി, ചെറുധാന്യങ്ങളുടെ കൃഷി എന്നിവയ്ക്കെല്ലാം പുതുമഴ പ്രയോജനപ്പെടുത്താം. പഴയകാലത്ത് കുന്നിൻ ചെരുവുകളിലെ കാടുവെട്ടിത്തെളിച്ച് ചെയ്തിരുന്ന പുനംകൃഷി ഇന്നില്ലെങ്കിലും മോടൻകൃഷി എന്നറിയപ്പെടുന്ന കരനെൽകൃഷി പലരും ചെയ്യുന്നുണ്ട്. പറമ്പുകളിലോ, തെങ്ങിൻ തോപ്പുകൾക്കിടയിലോ, മറ്റു കരഭാഗങ്ങളിലോ ഒക്കെ മോടൻകൃഷി ചെയ്യാം.
വിത്തുമുളപ്പിച്ചും അല്ലാതെയും കരനെൽ വിതയ്ക്കാം. വിത്തു മുളപ്പിക്കാതെ പാടങ്ങളിൽ നേരിട്ടു വിതയ്ക്കുന്ന പൊടിവിതയാണ് സാധാരണ അനുവർത്തിച്ചു പോരുന്നത് . വേനൽ മഴയോടുകൂടി കൃഷി ചെയ്യാവുന്ന ഇനങ്ങളാണ് പോഷകസമൃദ്ധമായ ചെറുധാന്യങ്ങളുടെ വിഭാഗത്തിപ്പെട്ട ചാമ, തിന, റാഗി തുടങ്ങിയവ. അധിക ജലസേചനം ആവശ്യമില്ലാത്തിനാൽ പുതുമഴ ലഭിച്ചയുടൻ കൃഷിയിറക്കാം.
തെങ്ങ്, കമുക്
പത്താമുദയത്തിന് തെങ്ങിൻ തൈ നടുന്നത് പണ്ടുമുതൽക്കേയുള്ള സമ്പ്രദായമാണ്. അതു കഴിഞ്ഞു വരുന്ന ദിവസങ്ങളിലും നനയ്ക്കാനും തണൽ നൽകാനും സൗകര്യമുണ്ടെങ്കിൽ തൈ വയ്ക്കാം. പത്താമുദയം കഴിഞ്ഞാൽ ജൂൺ മാസത്തിലാണ് തെങ്ങിൻതൈ നടുന്നത്. എന്നാൽ വേനൽമഴയ്ക്കു ശേഷം മെയ് മാസത്തിൽ നടുകയും ജലസേചനം ഉറപ്പാക്കുകയും ചെയ്താൽ മഴക്കാലം തുടങ്ങുമ്പോഴേയ്ക്കും ധാരാളം വേരുകൾ പൊട്ടി വളർച്ച പരുവപ്പെടും. ഒന്നോ രണ്ടോ മഴ കിട്ടിക്കഴിഞ്ഞാൽ കമുകിൻ തൈകളും നടാം. കാലവർഷം കനക്കും മുമ്പ് വേരുറച്ച് കിട്ടാൻ വേനലിലെ പുതുമഴ ലഭിച്ച ശേഷം നടുന്നത് ഉചിതം.
കുരുമുളക്
ഒന്നോ രണ്ടോ വേനൽമഴ ലഭിച്ചാലുടൻ കുരുമുളകു വളളികൾക്ക് താങ്ങുകാലുകൾ നടാം. മുരിക്ക്, ശീമക്കൊന്ന എന്നിവ താങ്ങുമരങ്ങളായി വച്ചുപിടിപ്പിക്കാം. താങ്ങുമരങ്ങൾ നടുമ്പോൾ വരികൾ തമ്മിൽ മൂന്ന് മീറ്ററും ചെടികൾ തമ്മിൽ നാല് മീറ്ററും അകലം പാലിക്കണം. അരമീറ്റർ വീതം നീളം, വീതി, ആഴമുളള കുഴികളെടുത്ത് താങ്ങുകാലുകൾ നട്ട് മണ്ണിട്ടുറപ്പിക്കണം. കുരുമുളക് മാത്രമല്ല കൊമ്പ് ഒടിച്ചുകുത്തി നടാവുന്ന ഏതു സസ്യവും നട്ടുപിടിപ്പിക്കാം. നിലവിലുളള കുരുമുളക് തോട്ടങ്ങളിൽ പുതുമഴ ലഭിച്ചാലുടൻ തണൽ ക്രമീകരണം നടത്താം. തണൽ കൂടുതലുളള സ്ഥലങ്ങളിൽ നന്നായി സൂര്യപ്രകാശം ലഭിക്കാനും പുഷ്പിക്കാനും ഇത് സഹായിക്കും. പുതുമഴ കിട്ടിയാൽ വള്ളികൾക്ക് അരകിലോഗ്രാം കുമ്മായം മണ്ണിൽ ചേർത്തിളക്കി കൊടുക്കുന്നത് നല്ലതാണ്.
കിഴങ്ങുവർഗ വിളകൾ
കുംഭക്കപ്പയും, തുലാക്കപ്പയുമാണ് സാധാരണ പ്രിയമെങ്കിലും വേനൽമഴ കിട്ടുന്ന മുറയ്ക്ക് മെയ് മാസത്തിലും കപ്പ നടാറുണ്ട്. എന്നാൽ വേനൽ മഴ ലഭിച്ച് മെയ് മാസത്തിൽ നടുന്ന കപ്പയ്ക്ക് വിളവ് കൂടാതലാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. കാച്ചിൽ, ചെറുകിഴങ്ങ്, ചേമ്പ് എന്നിവ മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിലാണെങ്കിൽ വേനൽമഴ കിട്ടി കഴിഞ്ഞാൽ ഉടൻ നടാം.
പച്ചക്കറി വിളകൾ
എല്ലാ പച്ചക്കറിവിളകളും ഏറെക്കുറെ എല്ലാ സമയത്തും കൃഷി ചെയ്യാറുണ്ടെങ്കിലും ഓരോ വിളയ്ക്കും യോജിച്ച കാലയളവിൽ നടുന്നത് മെച്ചപ്പെട്ട വിളവ് ലഭിക്കാൻ സഹായിക്കും. വേനൽമഴ ലഭിച്ച്, വർഷകാലം തുടങ്ങുന്നതിനു മുമ്പുളള ഈ സമയത്ത് വെണ്ട, മുളക്, വഴുതന എന്നിവ നടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഇഴവള്ളികൾ ഉള്ള കുമ്പളം, മത്തൻ, കയ്പ, കോവൽ, പീച്ചിൽ, എന്നിവയെല്ലാം ഒന്നോ രണ്ടോ മഴ കിട്ടുമ്പോൾ നടാൻ പറ്റിയ വിളകളാണ്.
ഫലവർഗങ്ങൾ
ഫലവൃക്ഷത്തൈകളെല്ലാം നടുന്നതിന് വേനൽമഴ കിട്ടിക്കഴിഞ്ഞുളള സമയം ഉത്തമമാണ്. മാവ്, കശുമാവ് എന്നിവയുടെ ഒട്ടു തൈകൾ ഈ സമയത്ത് നടാവുന്നതാണ്. തെങ്ങിന് ഇടവിളയായി കൊക്കോയുടെ നല്ല ബഡ് തൈകൾ ഈ സമയത്ത് വച്ചു പിടിപ്പിക്കാം. വേനൽമഴ ലഭിച്ചശേഷം നടീൽ പൂർത്തിയാക്കിയാൽ കാലവർഷ സമയത്ത് വേരുറച്ച് വളർച്ച ഉറപ്പിക്കാം. പൈനാപ്പിളിന്റെ പുതുക്കൃഷി നടത്തുന്നതിനും ഈ സമയം ഉചിതമാണ്.
സസ്യസംരക്ഷണ മാർഗങ്ങൾ
പുതുക്കൃഷിയ്ക്കൊപ്പം തന്നെ നിലവിലുളള വിളകളുടെ സംരക്ഷണമാർഗങ്ങൾ പലതും മഴ കിട്ടിയ ഉടൻ തുടങ്ങേണ്ടതാണ്. വളപ്രയോഗത്തിനുമുമ്പായി പല വിളകൾക്കും മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കേണ്ടതായിട്ടുണ്ട്. മണ്ണിൽ ഈർപ്പമുള്ള സമയത്ത് ഇത് അനുവർത്തിക്കേണ്ടതാണ്. മഴക്കാലം പലതരം രോഗങ്ങളുടെയും കാലമാണ്. കീടങ്ങളെയും രോഗങ്ങളെയും തിരിച്ചറിഞ്ഞ് നിയന്ത്രിക്കണം. രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതാണ്. ട്രൈക്കോഡെർമ, സ്യൂഡോമോണാസ് എന്നീ കൾച്ചറുകൾ പച്ചക്കറികൃഷിയിൽ ഉപയോഗിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളകൾ തെരെഞ്ഞെടുക്കുകയും കൃഷിരീതികൾ അവലംബിക്കുകയും ചെയ്താൽ തന്നെ ഒരു പരിധി വരെ രോഗങ്ങളെയും കീടങ്ങളെയും ചെറുക്കുന്നതിന് സഹായകരമാണ്. പ്രളയശേഷം മണ്ണിനുണ്ടായഗുണകരമായ മാറ്റത്തെ കാലാവസ്ഥാ അനുകൂലഘടകങ്ങളുമായി കൂട്ടി യോജിപ്പിച്ച് പരിപാലിക്കാനായാൽ കാർഷികമേഖലയിലെ അതിജീവനത്തിനത് ശക്തിപരും.