deepa

തൃശൂർ: കേരള വർമ്മ കോളജിലെ അദ്ധ്യാപികയായ ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തിൽ പ്രിൻസിപ്പൽ യു.ജി.സിക്ക് റിപ്പോർട്ട് സമർപിച്ചു. കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇതുസംബന്ധിച്ച് ആരിൽ നിന്നും പരാതി ലഭിക്കാത്തതിനാലാണ് ഇതെന്നും യു.ജി.സിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ യു.ജി.സി നിർദേശിച്ചിരുന്നു. സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് എല്ലാവരിൽ നിന്നും അഭിപ്രായം തേടിയ ശേഷമാണ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യു.ജി.സി ദീപ നിശാന്തിൽ നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന.

കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള കോളേജായതിനാൽ ബോർഡിന്റെ അഭിപ്രായവും, ബോർഡ് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ബോർഡിന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപാ നിശാന്തിനോടു ബോർഡ് വിശദീകരണം ചോദിക്കുകയും തുടർന്നു കോളേജിന്റെ ഫൈൻ ആർട്സ് ഉപദേശക സ്ഥാനത്തു നിന്നു അദ്ധ്യാപികയെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോളേജ് സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് അംഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പ്രിൻസിപ്പൽ എൽ. ഈശ്വരി റിപ്പോർട്ട് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിശദീകരണം‍ ശേഖരിച്ചു ക്രോഡീകരിച്ചാണ് റിപ്പോർട്ട് നൽകിയതെന്നു പ്രിൻസിപ്പൽ പറഞ്ഞു.

അദ്ധ്യാപക സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ ജേണലിൽ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്. യുവ കവി എസ് കലേഷിന്റെ ' അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാൻ/നീ ' എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായപ്പോൾ ആദ്യം തന്റെ തന്നെ കവിതയാണെന്ന അവകാശവാദവുമായി ദീപ രംഗത്തെത്തിയിരുന്നു. പിന്നീട് എം ജെ ശ്രീചിത്രൻ തന്റെ പേരിൽ പ്രസിദ്ധീകരിക്കാൻ തന്നതാണെന്ന കുറ്റസമ്മതവും ദീപ നടത്തിയിരുന്നു. കവിത മോഷണ ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമർശനം ഉയർന്നിരുന്നു.