ഇടതു കോട്ടയായ ആലത്തൂർ പിടിക്കാൻ യു.ഡി.എഫ് അപ്രതീക്ഷിതമായി ഇറക്കിയ സ്ഥാനാർത്ഥിയായിരുന്നു രമ്യ ഹരിദാസ്. 12 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ അതിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു രമ്യ. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നപ്പോൾ ഒന്നര ലക്ഷത്തിനടുത്ത് ഭൂരിപക്ഷവുമായി രമ്യ ഇടതുകോട്ടയെ കീഴടക്കിയിരിക്കുന്നു. കനലിൽ ചവിട്ടി നടന്ന അനുഭവങ്ങളുടെ കരുത്തുമായണ് രമ്യ ആലത്തൂരിൽ ചെന്നിറങ്ങിയത്. ഏതുചോദ്യമാണെങ്കിലും, എങ്ങനെയുള്ള വിമർശനമാണെങ്കിലും ഒരു പുഞ്ചിരി കൊണ്ടാണ് അവർ നേരിടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആലത്തൂരുകാർ രമ്യയ്ക്ക് നൽകിയ സ്നേഹവും കരുതലും അത്ര ചെറുതൊന്നുമല്ല. കൂടപ്പിറപ്പിനോടുള്ള സ്നേഹമാണ് ആലത്തൂരുകാർ തനിക്ക് നൽകിയതെന്ന് രമ്യ പറയുന്നു. ആലത്തൂരുകാർ തനിക്ക് നൽകിയ സ്നേഹം ഒന്നും മറന്നിട്ടില്ലെന്ന് രമ്യ ഹരിദാസ് കേരളകൗമുദി വാരാന്ത്യ കമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
രമ്യയുടെ വാക്കുകൾ ഇങ്ങനെ, കൂടെപ്പിറപ്പിനോടുള്ള സ്നേഹമാണ് ആലത്തൂരിലെ ആളുകൾ എനിക്ക് തന്നത്. എന്റെ പാർട്ടിക്കാർ മാത്രമല്ല, എല്ലാ വിഭാഗം ആളുകളും നൽകിയ പിന്തുണ വലുതായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന്റെയന്ന് ഞാൻ പാടിയപ്പോൾ, ഇന്നയിന്ന പാട്ടുകൾ പാടൂ എന്ന് പറഞ്ഞവരിൽ എന്റെ പാർട്ടിക്കാരോടൊപ്പം മറ്റുള്ളവരുമുണ്ടായിരുന്നു. എല്ലാവർക്കും വേണ്ടിയാണ് അന്ന് ഞാൻ പാടിയത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങളുണ്ട്.
ഒരു ദിവസം പ്രചാരണത്തിനിടെ എന്നെ അത്ഭുതപ്പെടുത്തിയ ഒരനുഭവമുണ്ടായി. അനൗൺസ്മെന്റ് വാഹനം മുന്നിൽ പോകുന്നുണ്ട്. വഴിയരികിലുള്ള ഒരു വീട്ടിലെ വീട്ടമ്മ എന്റെ പേര് മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ട് വെള്ളം കോരിക്കൊണ്ടിരിക്കുന്ന കയർ കയ്യിൽ നിന്നും വിട്ടു കളഞ്ഞ് ഓടി എന്റടുത്തെത്തി. ഞാനിങ്ങനെ അമ്പരപ്പോടെ ഈ കാഴ്ച കണ്ടു നിൽക്കുകയാണ്. എന്നെ പോലെ പുതിയ ഒരാൾക്ക് കിട്ടുന്ന അപൂർവഭാഗ്യമല്ലേ അത്. മറ്റൊരിക്കൽ ചക്കപ്പുഴുക്കുമായാണ് ഒരു വീട്ടമ്മ എന്നെ കാണാനെത്തിയത്. തിരക്കുണ്ടെന്ന് പറഞ്ഞിട്ടും അതു മുഴുവൻ കഴിപ്പിച്ചിട്ടേ എന്നെ അവർ വിട്ടുള്ളൂ. രാവിലെ മുതൽ വിശന്നിരിക്കുകയല്ലേ എന്നു പറഞ്ഞായിരുന്നു ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത എന്നോടുള്ള ഈ സ്നേഹം. ഞാൻ അനുഭവിച്ചിട്ടുള്ള, കടന്നുവന്ന യാഥാർത്ഥ്യങ്ങളൊന്നും തന്നെ മറക്കുന്ന ഒരാളല്ല ഞാൻ. എന്താണ് വേണ്ടതെന്ന് ആലത്തൂരുകാർ പറഞ്ഞില്ലെങ്കിൽ പോലും എനിക്കറിയാം. അവരിലൊരാളായി ഞാൻ എന്നുമുണ്ടാകും, ഇത് ഞാൻ എനിക്കു തന്നെ നൽകുന്ന ഉറപ്പാണ്.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം സ്വന്തം രമ്യ