bindu

തിരുവനന്തപുരം:യു.എ പ്രതിഭ എം.എൽ.എയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മാസം 200 രൂപ മാത്രം അദ്ധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർക്കാർ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് തങ്ങളുടെ മകൻ പഠിക്കുന്നതെന്നും കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോൾ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്കൂളാണെന്ന് പ്രതിഭാ എംഎൽഎ കരുതിക്കാണുമെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.

സ്കൂൾ യൂണിഫോമിലുള്ള മകന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച ബിന്ദു കൃഷ്ണയെ വിമർശിച്ച് പ്രിതിഭ എം.എൽ.എ രംഗത്തെത്തിയിരുന്നു.കേന്ദ്രീയ വിദ്യാലത്തിൽ വിടാതെ മകനെ ' സർക്കാർ വിദ്യാലയത്തിൽ' വിടണമെന്നായിരുന്നു എം.എൽ.എയുടെ ഉപദേശം. കേന്ദ്രീയ വിദ്യാലയം കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണെന്ന് എം.എൽ.എയ്ക്കറിയില്ലേയെന്ന വിമർശനവുമായി സോഷ്യൽ മീഡിയയിലൂടെ ധാരാളം പേർ രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മാസം 200 രൂപ മാത്രം അദ്ധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർക്കാർ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് ഞങ്ങളുടെ മകൻ പഠിക്കുന്നത്. കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോൾ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്കൂളാണെന്ന് പ്രതിഭാ എംഎൽഎ കരുതിക്കാണും. അതല്ലെങ്കിൽ ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാം. അതുമല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാർക്കുള്ള ഒളിയമ്പുമാകാം ആ കുട്ടിയുടെ പോസ്റ്റർ

മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നതും മഹാ അപരാധമാണോ. ഒരു കാര്യത്തിൽ പ്രതിഭ സംശയിക്കേണ്ട, കേന്ദ്ര സർക്കാർ ഇനി എത്ര പഠനദിവസം വച്ചാലും കേരളം പെരുന്നാൾ ആഘോഷിക്കുന്ന ഒരു ദിവസം പോലും എന്റെ മകനെ സ്കൂളിൽ വിടില്ല. മകന്റെ വിദ്യാഭ്യാസം ഒരു ദിവസം പോലും മുടങ്ങരുതെന്ന് ആഗ്രഹിക്കുന്ന മാതാവിനെക്കാൾ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും മതേതര ഭാരതത്തെ തിരിച്ചുപിടിക്കാൻ പോരാട്ടം നയിക്കുന്ന മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകയാണ് ഞാൻ.