തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെപ്പറ്റി തുറന്നുപറഞ്ഞതിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടൻ വിനായകന് പിന്തുയുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ആർ.എസ്.എസ് സൈബർ ആക്രമണത്തിനെതിരെ അണിനിരക്കണമെന്നും വിനായകനൊപ്പം ഉണ്ടാകുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.
അതേസമയം, വിനായകന് സമൂഹത്തിന്റെ വിവിധതലങ്ങളിൽ നിന്നും പിന്തുണ പ്രവഹിക്കുകയാണ്. സിനിമയിൽ പഞ്ച് ഡയലോഗുകൾ അധികം പറയാത്ത വിനായകൻ സ്വന്തം ജീവിതത്തിൽ പറഞ്ഞ പഞ്ച് ഡയലോഗുകൾ കേട്ട് തനിക്ക് രോമാഞ്ചം വന്നിട്ടുണ്ടെന്ന് ഡോക്‌ടറും എഴുത്തുകാരനുമായ നെൽസൺ ജോസഫ് പറയുന്നു. ജീവിതത്തിൽ ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞ ആ സാധാരണക്കാരന് നേരെ സൈബർ ആക്രമണം നടത്താൻ സംഘപരിവാർ അനുഭാവികൾ ശ്രമിക്കേണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.
നെൽസൺ ജോസഫിന്റെ പോസ്‌റ്റ് ഇങ്ങനെ
മിത്രങ്ങളേ, ഒരു ഫ്രീ അഡ്വൈസ് തരാം. നിങ്ങടെ പേടിപ്പിക്കലുമായിട്ട് വിനായകന്റെ അടുത്തേക്ക് പോവണ്ടാട്ടാ, അങ്ങേര് നിങ്ങളുദ്ദേശിക്കുന്ന ആളല്ല.
സ്വന്തം രാഷ്ട്രീയം വ്യക്തമാക്കിയതിന്റെയും തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചതിനു വ്യക്തമായ ഉത്തരം നൽകിയതിന്റെയും പേരിൽ സൈബറാക്രമണത്തിനു വിധേയനാവുകയാണ് വിനായകൻ എന്ന വാർത്ത വായിച്ചപ്പൊ മനസിലൂടെ ആദ്യം കടന്ന് പോയത് അതാണ്.
വിനായകന്റെ പഞ്ച് ഡയലോഗ് കാണാൻ സിനിമയിൽ നോക്കുന്നവർ ഒരുപക്ഷേ നിരാശരാവുകയേയുള്ളൂ. വിനായകൻ അഭിനയിക്കും എന്ന് നമ്മൾ തിരിച്ചറിഞ്ഞത് തന്നെ വളരെ വൈകിയാണല്ലോ..
പക്ഷേ ജീവിതത്തിലോട്ടൊന്ന് ഇറങ്ങിനോക്കിക്കേ, സാധാരണക്കാരന് രോമാഞ്ചം വന്നുപോവുന്ന പഞ്ച് ഡയലോഗിന്റെ ഒരു മേളം തന്നെ കാണാം...
അവാർഡ് നേടിക്കഴിഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് ഒന്ന് പോസ് ചെയ്‌തേ എന്നാവശ്യപ്പെട്ടയാളോട് ' ഒന്നും നടക്കൂല്ലാ, ജീവിതത്തില് അഭിനയിക്കൂലാ ' എന്ന് പച്ചയ്ക്ക് പറഞ്ഞ സാധാരണക്കാരൻ.
' അവാർഡ് ആഗ്രഹങ്ങളുണ്ടായിരുന്നു, കിട്ടൂന്ന് പ്രതീക്ഷിച്ചിരുന്നില്ലാ ' എന്ന് തുറന്ന് പറഞ്ഞ മനുഷ്യൻ. അതേ സമയത്ത് സിസ്റ്റത്തെയും വ്യവസ്ഥകളെയും ഒരു കൊച്ചുകുഞ്ഞിനു മനസിലാവുന്ന ഭാഷയിൽ അയാൾ വിളിച്ചുപറയുന്ന സത്യങ്ങളുണ്ട്..
:' നമ്മടെ നാട്ടിലൊന്നും ചെയ്യാൻ പറ്റില്ല, നമ്മള് മിടുക്കന്മാരല്ലേ.. ഈ എലക്ഷനില് നമ്മള് കണ്ടില്ലേ? നമ്മള് മിടുക്കന്മാരാ, നാട്ടിലുള്ള ആൾക്കാര് ' എന്ന് വിനായകൻ പറയുമ്പൊ അത് ഇന്നാട്ടിലെ സാധാരണക്കാർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നത് വെറുതെയല്ല.
' എതിർക്കണ്ടവരെ എതിർത്തും സത്യം പറഞ്ഞുകൊണ്ടുമാണ് ഞാൻ ജീവിച്ചത്..ഈ ഒരവാർഡ് കിട്ടീട്ട് ഇന്ന് ഞാൻ മാറിക്കഴിഞ്ഞാൽ ഞാൻ പറയുന്നതില് അസത്യം അവര് കാണും.' എന്ന് പറയുന്നൊരാൾക്ക് രാഷ്ട്രീയമുണ്ടാവും. ഓരോ വാക്കിലും രാഷ്ട്രീയമുണ്ടാവും.
' എന്തിനെക്കുറിച്ചും എനിക്ക് ചോദ്യങ്ങളുണ്ട്..എനിക്ക് കൃത്യമായ രാഷ്ട്രീയചോദ്യങ്ങളുണ്ട് ' എന്ന് വിനായകൻ പറയുന്നത് വെറും വാക്കല്ല.
എന്റെ ജാതി പറഞ്ഞാൽ ഞാൻ പിറകോട്ട് മാറി നിൽക്കില്ല എന്ന് പറയുന്ന, പറ്റുമെങ്കിൽ സ്വർണക്കിരീടം വച്ചു വരുമെന്ന് പറയുന്ന വിനായകനെയാണോ. നിങ്ങള് ജാതി പറഞ്ഞും നിറം പറഞ്ഞുമൊക്കെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്?
എടേയ്, ആ ജാതിയിലാണ് എന്റെ താളമെന്ന് വിശ്വസിക്കുന്ന, അതിലാണ് ജീവിതമെന്ന് കരുതുന്ന, ഒന്ന് തുള്ളിയാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ, നിങ്ങള് മൊത്തം ഫ്രീയാവുമെന്ന് പറയുന്ന മനുഷ്യനാണത്..കണ്ട് പഠിക്കേണ്ട മാതൃകയാണ്
ഇന്ന് ആ പേജിൽ ഇട്ട കാളിയുടേയും അയ്യപ്പന്റെയും ചിത്രത്തിലുണ്ട് ആ മറുപടി,നിങ്ങൾക്കത് മനസിലാവാൻ പ്രയാസമാണെങ്കിലും...
പിന്നെ വിനായകന്റെ സിനിമകളെക്കുറിച്ചല്ലേ, അത് ആലോചിച്ച് നിങ്ങ തല പുകയ്‌ക്കേണ്ട. ഞങ്ങളൊക്കെ ഇവിടുണ്ടല്ലോ
' ഞാന് അയ്യങ്കാളി തോട്ടുള്ള ഒരു മനുഷ്യനാണ്. പറ്റുവെങ്കി, ഫെരാരി കാറില് വരാൻ പറ്റുവെങ്കി ഫെരാരി കാറില് വരുക എന്നുള്ളതാണ് എന്റെ ചിന്ത..' , ' എനിക്ക് കോമഡിയല്ല ജീവിതം, എനിക്ക് ജീവിതം സീര്യസാണ് '
എന്ന് തുറന്ന് പറയാൻ ആർജവമുള്ള മനുഷ്യനെ പേടിപ്പിക്കാനിറങ്ങുന്നോരോട് ഇത്രേ പറയാനുള്ളൂ...
ഒന്നൂടെ ആലോചിച്ചിട്ട് പോരേ മിത്രംസ്?