cot-naseer

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിലെ വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സി.പി.എം നേതാവുമായ സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമത്തിന്റെ അന്വേഷണം വഴിമുട്ടുന്നുവെന്ന് ആരോപണം. സംഭവത്തിൽ തലശ്ശേരിയിലെ സി.പി.എം ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലിന് ശേഷമാണ് അന്വേഷണം തടസപ്പെടുന്നതെന്നാണ് ആരോപണം.

അന്വേഷണ ഉദ്യാഗസ്ഥരോട് രണ്ട് തവണ തലശ്ശേരിയിലെ ജനപ്രതിനിധിയുടെ പേര് പറഞ്ഞിട്ടും അത് അന്വേഷിച്ചില്ലെന്ന് നസീർ ആരോപിക്കുന്നു. പൊലീസ് ഇതേ സമീപനമാണ് തുടരുന്നതെങ്കിൽ വധശ്രമക്കേസിന്റെ അന്വേഷണം മറ്റ് ഏജൻസികൾക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് കണ്ടെത്തിയ പ്രതികൾ മാത്രമാണ് തന്നെ ആക്രമിച്ചതെന്ന് വിശ്വസിക്കാൻ സി.ഒ.ടി നസീർ തയ്യാറല്ല. തന്നെ ആക്രമിക്കാൻ അവരെ നിയോഗിച്ചവരെ കണ്ടെത്തണമെന്നാണ് നസീറിന്റെ ആവശ്യം.

ഇപ്പോൾ പൊലീസ് പിടികൂടിയ പ്രതികൾ തന്റെയടുത്ത് നിന്ന് പല സഹായവും കൈപ്പറ്റിയിട്ടുള്ളവരാണ്. അതിനാൽ അവർക്ക് തന്നോട് മറ്റ് വൈര്യഗ്യങ്ങൾ തോന്നാൻ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നിലവിൽ കേസ് ആന്വേഷിക്കുന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം മാറി വന്ന ഒരു ഉദ്യോഗസ്ഥനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ തിരിച്ച് പോകേണ്ടതിനാൽ വിവാദം വലിച്ച് തലയിൽ വയ്ക്കണ്ടെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതേസമയം തന്നോട് നസീർ തലശ്ശേരിയിലെ ജനപ്രതിനിധിയുടെ പേര് പറഞ്ഞിട്ടില്ലെന്നാണ് അന്വേഷണ ഉദ്യാഗസ്ഥന്റെ പക്ഷം.