v-muraleedharan

തിരുവനന്തപുരം: റംസാനുശേഷം കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർധനവ്. കണ്ണൂരിൽ നിന്ന് ഗൾഫിലേക്കുള്ള നിരക്ക് സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്നുള്ളതിന്റെ ഇരട്ടിയായി. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം അവസാനിക്കുന്ന അടുത്തയാഴ്ച മുതലാണ് നിരക്ക് കുത്തനെ ഉയർന്നത്.

സാധാരണ 6,000 മുതൽ 12,000 രൂപവരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 14,000 മുതൽ 48,000 രൂപ വരെയായാണ് കൂടിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും ഏകദേശം ഒരേ നിരക്കിൽ സർവീസ് നടത്താൻ നേരത്തേ എയർ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ പലനിരക്കാണ് ഈടാക്കുന്നതെന്ന് ആരോപണമുണ്ട്.

ജൂൺ ഒമ്പതിന് ദുബായിലേക്ക് കൊച്ചിയിൽനിന്ന് 12,700, തിരുവനന്തപുരത്തുനിന്ന് 14,000, കോഴിക്കോട്ടുനിന്ന് 15,000 എന്നിങ്ങനെയാണ് നിരക്ക്. അതേദിവസം കണ്ണൂരിൽ നിന്ന് 25,700 രൂപ നൽകണം. ജിദ്ദയിലേക്കിത് കൊച്ചിയിൽനിന്ന് 14,100 രൂപയായിരിക്കുമ്പോൾ കണ്ണൂരിൽനിന്ന് അതേദിവസം 48,500 രൂപ നൽകണം. റിയാദ്, കുവൈത്ത്, ദമാം, തുടങ്ങി മറ്റിടങ്ങലിലേക്കും ഇതേ രീതിയിൽ വ്യത്യാസം പ്രകടമായുണ്ട്. കണ്ണൂരിൽ നിന്ന് സർവീസ് കുറവായതാണ് നിരക്ക് ഇത്രയും കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് പാർലമെന്ററി-വിദേശകാര്യ സഹമന്ത്രി ചുമതല ലഭിച്ച ദിവസം തന്നെ വി. മുരളീധരൻ പറഞ്ഞിരുന്നു. യാത്രാകൂലിയിൽ വലിയ വർദ്ധനവാണുണ്ടാകുന്നതെന്നും പ്രവാസികളുടെ പ്രശ്നമെന്ന നിലയിൽ സിവിൽ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.