വാഷിംഗ്ടൺ: അമേരിക്കൻ വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നവർ അഞ്ച് വർഷത്തെ തങ്ങളുടെ സോഷ്യൽ മീഡിയ വിവരങ്ങളും ഒപ്പം സമർപ്പിക്കണമെന്ന നിർദ്ദേശം യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കി. കഴിഞ്ഞ വർഷം മുന്നോട്ട് വച്ച നിർദ്ദേശം പ്രതിവർഷം ഏതാണ്ട് ഒന്നരക്കോടിയോളം ആളുകളെ ബാധിക്കുമെന്നാണ് വിവരം. എന്നാൽ നയതന്ത്ര വിഭാഗത്തിൽ പെടുന്നവരെയും മറ്റ് ചില അപേക്ഷകരെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കുമെന്നും അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ, ജോലിക്കോ പഠന ആവശ്യങ്ങൾക്കോ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും ഇത്തരം വിവരങ്ങൾ നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
നേരത്തെ തന്നെ തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ വിസ അപേക്ഷയ്‌ക്കൊപ്പം സോഷ്യൽ മീഡിയ വിവരങ്ങൾ കൈമാറണമെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇനി തിരഞ്ഞെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ യൂസർ നെയിം തുടങ്ങിയ വിവരങ്ങൾ അപേക്ഷകർ കൈമാറണം. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങളും അപേക്ഷകർക്ക് കൈമാറാം. ഈ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തുന്നർ യു.എസ് ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മാർച്ചിലാണ് ട്രംപ് ഭരണകൂടം വിവാദ തീരുമാനം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലെ നിരീക്ഷണം ഉപയോഗപ്രദമാകുമെന്ന് ഒരു തരത്തിലും തെളിയിക്കപ്പെട്ടില്ലെന്ന് കാട്ടി അമേരിക്കയിലെ മനുഷ്യാവകാശ സംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ രംഗത്ത് വന്നു. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആളുകളെ സോഷ്യൽ മീഡിയയിൽ സ്വയം സെൻസർ ചെയ്യാൻ നിർബന്ധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ പ്രതിഷേധം മറികടന്ന് കൊണ്ടാണ് കുടിയേറ്റ നിയമത്തിൽ കർശനമായ നിബന്ധനകൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നത്.