neymar

സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്‌മറിനെതിരെ ബലാത്സംഗ ആരോപണം. പാരീസിലെ ഹോട്ടലിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തതായി യുവതി സാവോപോളോ പൊലീസിൽ പരാതി നൽകി. ബ്രസീലിൽ താമസിക്കുന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് നെയ്‌മറുമായി അടുത്തതെന്നും പിന്നീട് ഇരുവരും പാരീസിൽ വച്ച് കാണാൻ തീരുമാനിക്കുകയുമായിരുന്നു.

യുവതിയെ ഇവിടെവച്ച് താരം പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. പാരീസിൽ വച്ച് കാണാമെന്ന നെയ്‌മറിന്റെ തന്നെ ക്ഷണപ്രകാരമാണ് ഹോട്ടലിലെത്തിയത്. എന്നാൽ, ലഹരിയുടെ അവസ്ഥയിലായിരുന്നു നെയ്‌മർ അവിടെയെത്തിയത്. കുറച്ചു നേരം സ്നേഹത്തോടെ സംസാരിച്ചിരുന്നു. പെട്ടെന്ന് സ്വഭാവമാറ്റം വന്ന താരം തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ, പരാതിയുടെ ഒരു പകർപ്പ് പൊലീസ് പുറത്ത് നൽകിയിട്ടില്ല.

അതേസമയം, ആരോപണം നിഷേധിച്ച് താരത്തിന്റെ അച്ഛൻ നെയ്മർ സാൻറോസ് രംഗത്തെത്തി. പണം തട്ടാനായാണ് സ്ത്രീ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സത്യമല്ല, നെയ്മർ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല, മകൻ ബ്ലാക്ക്മെയിലിന്റെ ഇരയാണ്. ഞങ്ങളുടെ കയ്യിൽ എല്ലാ തെളിവുകളും ഉണ്ട്- അദ്ദേഹം പറഞ്ഞു.