balabhaskar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാൾ ബാലഭാസ്‌കറിന്റെ മാനേജർ ആയിരുന്നുവെന്ന വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്‌തതെന്നും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ പ്രതികരണം. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ സത്യം അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്നും ലക്ഷ്മി വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ ലക്ഷ്‌മിയുടെ പ്രതികരണം.

അതേസമയം, സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് ഇപ്പോൾ ലഭിക്കുന്നവിവരം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പ്രകാശ് തമ്പിയെ കസ്റ്റഡിയിൽ വാങ്ങാനാകൂ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ റജിസ്റ്റർ ചെയ്ത കേസിലാണ് പ്രകാശ് ജയിലിൽ കഴിയുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി പ്രതികളായ കേസിൽ സി.ബി.ഐയും ഇടപെട്ടിട്ടുണ്ട്. സി.ബി.ഐ പ്രകാശിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ സി.ബി.ഐയുടെ ചോദ്യം ചെയ്യലിന് ശേഷമേ ക്രൈംബ്രാഞ്ചിന് പ്രകാശ് തമ്പിയെ വിട്ടു നൽകൂ. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്.