-tamil-nadu-secretariat

ചെന്നൈ: സെക്രട്ടേറിയറ്റിൽ ജീവനക്കാർക്ക് പുതിയ വസ്ത്രധാരണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. സ്ത്രീകൾക്ക് സാരി, ചുരിദാർ, സൽവാർ കമ്മീസ് തുടങ്ങിയവ ധരിക്കാം. വസ്ത്രങ്ങൾ ഇളം നിറത്തിലുള്ളതായിരിക്കണമെന്നും ചുരിദാറിനൊപ്പം ഷാൾ നിർബന്ധമാണെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനാണ് സെക്രട്ടേറിയറ്റിലെ പുതിയ വസ്ത്രധാരണ രീതികൾ സംബന്ധിച്ച ഉത്തരവിറക്കിയത്.

തമിഴ് സംസ്കാരം എടുത്ത് കാണിക്കുന്ന വസ്ത്രങ്ങളോ മറ്റ് ഇന്ത്യൻ പരമ്പരാ​ഗത വസ്ത്രങ്ങളോ ആണ് പുരുഷൻമാർക്ക് നിർദ്ദേശിച്ചിരിക്കുന്നത്. ഫോർമൽ പാന്റ്സും ഷർട്ടിനുമൊപ്പം പുരുഷൻമാർക്ക് മുണ്ടും ധരിക്കാവുന്നതാണെന്ന് മെയ് 28-ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്രമുണ്ട്.

എന്നാൽ, മാന്യമായ വസ്ത്രധാരണം ഉറപ്പാക്കുന്നതിനാണ് പുതിയ വസ്ത്രധാരണച്ചട്ടം പുറത്തിറക്കിയതെന്ന് ഉത്തരവിൽ പറയുന്നു. കോടതിയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥർക്കും പ്രത്യേക വസ്ത്രധാരണച്ചട്ടം നിഷ്കർഷിക്കുന്നുണ്ട്. കോടതികളിലോ ട്രിബ്യൂണലുകളിലോ ഹാജരാകുന്ന പുരുഷ ഉദ്യോഗസ്ഥർ കോട്ട് ധരിക്കണം. പാന്റ്സിനൊപ്പം ഫുൾ സ്ലീവ് ഷർട്ടും ഒപ്പം കോട്ടുമാണ് അണിയേണ്ടത്. തുറന്ന കോട്ടാണെങ്കിൽ ടൈ ധരിക്കണം. ഇളം നിറത്തിലുള്ളതും മാന്യമായ ഡിസൈനിലുമുള്ള വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. സെക്രട്ടേറിയറ്റിലെ വനിതാ ജീവനക്കാർക്ക് ഉത്തരവിൽ പറഞ്ഞിരിക്കുന്ന വേഷം തന്നെയാണ് കോടതിയിയിലെ വനിതാ ജീവനക്കാർക്കും.